ADVERTISEMENT

നമ്മളെടുക്കുന്ന ചില തീരുമാനങ്ങൾ മണ്ടത്തരമെന്നു തോന്നിയേക്കാമെങ്കിലും ജീവിതത്തിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ വലുതായിരിക്കും. എനിക്കും അങ്ങനെയൊന്നു പറയാനുണ്ട്. എന്റെ സ്കൂൾ പഠനകാലം എന്റെ ക്ലാസ് ടീച്ചറുടെ പേര് മണ്ണിൽ വർഗീസ് എന്നായിരുന്നു. വർഗീസ് സാർ എന്നാണ് ഞങ്ങൾ കുട്ടികൾ വിളിച്ചിരുന്നത്. കാലിനു ചെറിയൊരു വയ്യായ്മയുണ്ട്. 

ഒരു ദിവസം എന്റെ വീട്ടിൽ വന്നു. എന്റെ പിതാവ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആണ്. മകനെ പഠിപ്പിക്കുന്ന അധ്യാപകൻ കുട്ടിയുടെ പിതാവിനെ കാണാൻ വയ്യാത്ത കാലും വച്ചു നടന്നു വന്നത് വളരെ ഗൗരവത്തോടും ആകാംക്ഷയോടെയുമാണു പിതാവു കണ്ടത്. വർഗീസ് സാർ എന്നെ ചൂണ്ടി പിതാവിനോടു പറഞ്ഞു: ‘‘ഞങ്ങൾ അധ്യാപകർ എന്തു ചോദ്യം ചോദിച്ചാലും ഈ കുട്ടിക്ക്  കൃത്യമായ മറുപടിയുണ്ട്. മറ്റുള്ളവരെപ്പോലെയല്ല. കുട്ടികൾ സിലബസിന് അനുസൃതമായി മാത്രം പഠിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുമ്പോൾ ഇവൻ മാത്രം സിലബസിനു പുറത്തു നിന്നുള്ള കാര്യങ്ങൾ സംസാരിക്കുന്നു. അതുകൊണ്ട് വിജ്ഞാനം വർധിപ്പിക്കാനായി കുട്ടിക്ക് എൻസൈക്ലോപീഡിയ വാങ്ങിക്കൊടുക്കണം.’’ വർഗീസ് സാറിന്റെ സംസാരം പിതാവ് സൂക്ഷ്മമായി നിരീക്ഷിച്ചു. 

കാരണം, വീട്ടിൽ വന്നു കുട്ടിക്കു പുസ്തകം വാങ്ങിക്കൊടുക്കണമെന്നു പറയുന്നത് ആ അധ്യാപകനു കുട്ടിയിലുള്ള അതിയായ താൽപര്യമാണല്ലോ കാണിക്കുന്നത്. താമസിയാതെ പിതാവ് പോയി എൻസൈക്ലോപീഡിയ വാങ്ങിക്കൊണ്ടുവന്നു. വലിയ പുസ്തകം, കുറെ വാല്യങ്ങൾ. എൻസൈക്ലോപീഡിയ ഒരു റഫറൻസ് ഗ്രന്ഥമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സംശയമുണ്ടാകുമ്പോൾ അതു ദൂരീകരിക്കുന്നതിനായി നോക്കുന്ന പുസ്തകമാണെന്ന് ആരും പറഞ്ഞു തന്നതുമില്ല. അതുകൊണ്ട് ഞാൻ എൻസൈക്ലോപീഡിയയുടെ ആദ്യ വാല്യത്തിന്റെ ഒന്നാം പേജ് മുതൽ വായിക്കാൻ തുടങ്ങി. സ്കൂളിലെ ഹോവർക്ക് തീർന്നാലുടനെ എൻസൈക്ലോ പീഡിയ വായന ആരംഭിക്കും. ചില ദിവസം 10 പേജ് വായിക്കും. ചില ദിവസം 20 പേജ്. അങ്ങനെ വായന മുടങ്ങാതെ മുന്നോട്ടു പോയി. ചുരുക്കി പറഞ്ഞാൽ മൂന്നു വർഷം കൊണ്ട് ഏതാണ്ട് പതിനായിരത്തിലേറെ പേജുള്ള എൻസൈക്ലോപീഡിയ വാല്യങ്ങൾ ഞാൻ വായിച്ചു തീർത്തു. ആരു കേട്ടാലും വട്ടാണോ എന്നു ചോദിക്കും. വമ്പൻ മണ്ടത്തരം തന്നെ! പക്ഷേ ആ പ്രവൃത്തി എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം വലുതായിരുന്നു.

തയാറാക്കിയത്:  ടി.ബി. ലാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com