ADVERTISEMENT

പാവപ്പെട്ട കുട്ടികളെ സഹായിച്ചോളൂ, പക്ഷേ, അതു പരസ്യ പ്രചാരണം നടത്തി, പൊതുവേദിയിൽ വേണ്ടെന്നു സർക്കാർ. സഹായങ്ങൾ സ്വീകരിക്കുന്ന കുട്ടിയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.

നിറഞ്ഞ സദസ്സിൽ കുട്ടികളുടെ പേരു വിളിച്ചു സഹപാഠികളുടെയും അധ്യാപകരുടെയും മുന്നിൽ വച്ചു സഹായധനമോ പഠനോപകരണങ്ങളോ നൽകുന്നതും കുട്ടികളുടെ പേരും ചിത്രവും വച്ചു പ്രചാരണം നടത്തുന്നതും പൂർണമായി ഒഴിവാക്കണം. പല സ്കൂളുകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പിടിഎയും സന്നദ്ധ സംഘടനകളും മറ്റും യൂണിഫോം, ബാഗ്, നോട്ട്ബുക്ക്, മറ്റു പഠനോപകരണങ്ങൾ എന്നിവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങൾ സംഘടിപ്പിച്ചും നൽകുന്നതു ശ്രദ്ധയിൽ പെട്ടതിനാലാണു നടപടി.

സഹായം സ്വീകരിക്കുന്ന കുട്ടികൾ മാനസിക പ്രയാസം അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ബാലാവകാശ കമ്മിഷന്റെ ഉത്തരവുണ്ട്. ഇതനുസരിച്ചാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.

ഇത്തരം പരിപാടികൾക്കു പരസ്യ പ്രചാരണം നടത്തുന്നില്ലെന്നു ഡിഡിഇമാർ, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർമാർ, ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർമാർ, ഡിഇഒമാർ, എഇഒമാർ, പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ എന്നിവർ ഉറപ്പു വരുത്തണം.

കുട്ടികളുടെ അവകാശങ്ങൾ ഉൾക്കൊണ്ട്, സ്വകാര്യതയെ ബാധിക്കാത്ത വിധം സഹായം നൽകാം. മറ്റു കുട്ടികൾക്കിടയിൽ രണ്ടാം തരം പൗരൻമാരായി ചിത്രീകരിക്കപ്പെടരുതെന്നും സർക്കുലർ നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com