ADVERTISEMENT

ആകാശത്തേക്ക് തല ഉയർത്തി നിന്ന മരടിലെ രണ്ട് ഫ്ലാറ്റുകളും ഇന്നലെ നിമിഷങ്ങൾക്കുള്ളിലാണ് നിലം പൊത്തിയത്. അതും എല്ലാതരം ആശങ്കകളെയും കാറ്റിൽ പറത്തിയിട്ട്. തങ്ങളുടെ കിടപ്പാടങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ഈ ഫ്ലാറ്റുകളുടെ സമീപം താമസിക്കുന്നവർ ഇന്നലെ വരെ. എന്നാൽ കൺട്രോൾഡ് ബിൽഡിങ് ഡിമോളിഷൻ വഴി മറ്റു നാശനഷ്ടങ്ങൾ വരുത്താതെ ഈ ഫ്ലാറ്റുകൾ പൊളിക്കാൻ കഴിഞ്ഞു. നെട്ടൂർ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളും ഈ രീതിയിൽ തന്നെ ഇന്ന് പൊളിക്കും. ഇന്ത്യയിൽ അടുത്ത കാലം വരെ അത്ര പരിചിതമല്ലാത്ത തൊഴിൽമേഖലയിരുന്നു ബിൽഡിങ് ഇംപ്ലോഷൻ. ‘ഊഴം’ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം യുഎസിലെ തന്റെ ജോലി വിശദമാക്കാൻ ലാപ്ടോപ്പിൽ പെങ്ങൾക്ക് ഇത്തരം ഒരു വിഡിയോ കാണിച്ചുകൊടുക്കുന്നതു കണ്ടിട്ടില്ലേ!

 

നഗരങ്ങളിലെ അംബരചുംബികൾ പഴക്കമോ പുതിയ വികസനപദ്ധതികളോ കാരണം പൊളിച്ചുമാറ്റുക അത്ര എളുപ്പമുള്ള ജോലിയല്ല. തിരക്കേറിയ ഗതാഗതപ്രശ്നങ്ങളും ശ്രദ്ധിക്കണം. ഇവിടെയാണു ‘ബിൽഡിങ് ഇംപ്ലോഷന്റെ’ പ്രസക്തി.

 

പൊളിച്ചുമാറ്റേണ്ട കെട്ടിടത്തിന്റെ ബീമുകളിലും മറ്റും ചാർജ് എന്ന പേരിൽ ചെറിയ അളവിൽ നൈട്രോഗ്ലിസറിൻ, ഡൈനമിറ്റ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിക്കും. ഇതുവയ്ക്കേണ്ട രീതിയും അളവും സ്ഫോടന സമയവുമൊക്കെ കംപ്യൂട്ടർ ഉപയോഗിച്ചു തീരുമാനിക്കും.

 

താഴത്തെ നിലകളിലാകും ആദ്യം സ്ഫോടനം. തുടർന്നു മുകളിലേക്ക്. ഇങ്ങനെ ചെയ്യുമ്പോൾ കെട്ടിട അവശിഷ്ടങ്ങൾ ഉള്ളിലേക്കേവീഴൂ, കിണറ്റിൽ തൊട്ടി വീഴും പോലെ. തൊട്ടടുത്തുള്ള കെട്ടിടങ്ങളെ പോലും ബാധിക്കാതെ വേണ്ട കെട്ടിടം മാത്രം പൊളിച്ചുമാറ്റാം.

 

സിവിൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്കു വിദേശത്തു മികച്ച ശമ്പളമുള്ള തൊഴി‍ൽമേഖലയാണു ബിൽഡിങ് ഇംപ്ലോഷൻ. വിദഗ്ധ പഠന കോഴ്സുകളും വിദേശത്തുണ്ട്. ഇന്ത്യയിൽ നിലവിൽ പഠനസാധ്യതകൾ വിരളം. എന്നാൽ ഇവിടെയും ഭാവിയുടെ തൊഴിൽമേഖലയാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com