sections
MORE

ബിഡിഎസ് ബിരുദംകൊണ്ടു മാത്രം പ്രയോജനമുണ്ടോ?

473823572
SHARE

പത്താം ക്ലാസിൽ പഠിക്കുന്നു. ഡന്റൽ സർജറി പഠിക്കാനാണ് ആഗ്രഹം. എംബിബിഎസിനു പോയാൽ ഉപരിപഠനം കൂടാതെ പിടിച്ചുനിൽക്കാനാവില്ലെന്നറിയാം. ബിഡിഎസ് ബിരുദംകൊണ്ടു മാത്രം നല്ല കരിയർ രൂപപ്പെടുത്താമെന്നാണു കരുതുന്നതെങ്കിലും ഇതിലും മാസ്റ്റർ ബിരുദം അത്യാവശ്യമെന്ന് അധ്യാപിക പറയുന്നു. ഇക്കാര്യത്തിൽ വിദഗ്ധോപദേശം തേടുന്നു.
കെ.വി.മേരി, ചങ്ങനാശ്ശേരി

അധ്യാപിക പറയുന്നതാണു ശരി. ഡന്റൽ ഡോക്ടറായി പ്രഫഷനൽ മികവു നേടാൻ ബാച്‌ലർ ബിരുദം പോരാ. ഈ വിഷയവും വളർന്നു പന്തലിച്ചതിനാൽ പിജി ബിരുദംവഴി ഏതെങ്കിലും ഉപശാഖയിൽ സ്പെഷലൈസ് ചെയ്തെങ്കിലേ പ്രഫഷനൽ മികവു നേടാൻ കഴിയൂ. മുഖ്യ സ്പെഷ്യലൈസേഷനുകൾ ഇങ്ങനെ:

∙പ്രോസ്തൊഡോണ്ടിക്സ്: പൊട്ടിയതോ കൊഴിഞ്ഞുപോയതോ ആയ പല്ലുകൾക്കു പകരം കൃത്രിമപ്പല്ലു വയ്ക്കുന്നു. ക്രൗൺ, ബ്രിജ്, ഡെഞ്ചർ മുതലായവ ഉപയോഗിക്കും. മോണയിലെയും വായിലെയും പ്രശ്നങ്ങളും പരിഹരിക്കും.

∙ഓർത്തൊഡോണ്ടിക്സ്: ദന്തനിര നേരേയാക്കി, ദന്തപ്രവർത്തനം ശരിയാക്കുന്നു. പൊങ്ങിയ പല്ല്, വിടവുകൾ, ദന്തനിരയിലെ തകരാറുമൂലം ശരിയായി കടിക്കാൻ വയ്യാതാകുന്ന അവസ്ഥ, മോണയുടെ ചരിവ് മുതലായവ പരിഹരിക്കും. ബ്രേസ്, കമ്പി മുതലായവ ഉപയോഗിച്ച് സൗന്ദര്യവർധനയും ഉറപ്പാക്കും.

∙പെരിയൊഡോണ്ടിക്സ്: മോണയുടെയും പല്ലുകളെ താങ്ങിനിർത്തുന്ന അസ്ഥകളുടെയും മറ്റും ചികിത്സ. 

∙പീഡോഡോണ്ടിക്സ്: കുഞ്ഞുങ്ങളുടെയും കൗമാരപ്രായത്തിലുള്ളവരുടെയും ദന്തചികിത്സ. ആഹാരക്രമം, വിരൽകടി അടക്കമുള്ള ദുശ്ശീലങ്ങൾ മുതലായവയും കൈകാര്യം ചെയ്യും

∙കൺസർവേറ്റിവ് ഡെന്റിസ്ട്രി: പല്ലിനോ ഉള്ളിലെ മജ്ജയ്ക്കോ ഉള്ള തകരാറുകൾ പരിഹരിച്ചു സംരക്ഷണം നൽകുന്നു.

∙എൻഡൊഡോണ്ടിക്സ്: ദന്തമജ്ജ, വേരുകൾ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സ. റൂട് കനാൽ ചികിത്സയും ഉൾപ്പെടും. 

∙ഓറൽ പതോളജി: വദനരോഗങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം. 

∙ഓറൽ & മാക്സിലോ–ഫേഷ്യൽ സർജറി: വായ്, താടിയെല്ല്, മുഖം എന്നീ ഭാഗങ്ങളിലെ ശസ്ത്രക്രിയ. ഇതിൽ മെഡിസിനും ഡെന്റിസ്ട്രിയും കൂടിച്ചേരുന്നു. 

∙കമ്യൂണിറ്റി ഡെന്റസ്ട്രി (പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി): സമൂഹപ്രവർത്തനംവഴി ജനങ്ങളിൽ ദന്തരോഗങ്ങൾ തടയാനും ദന്തക്ഷയത്തെക്കുറിച്ചു ബോധവൽക്കരണം നടത്താനും ശ്രമിക്കുന്നു. 

∙ഓറൽ മെഡിസിൻ & റേഡിയോളജി: വായിലോ ബന്ധപ്പെട്ട ഭാഗങ്ങളിലോ ഉണ്ടാകുന്ന രോഗങ്ങളെ ആധുനിക റേഡിയേഷൻ സങ്കേതങ്ങൾ അടക്കമുള്ള മാർഗങ്ങൾ ഉപയോഗിച്ചു നിർണയിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു.

ബിഡിഎസ്, എംഡിഎസ് നേടിയവർക്കു നല്ല കരിയർ രൂപപ്പെടുത്തിയെടുക്കാൻ അൽപം കാലതാമസം വരുമെന്നും ഓർക്കുക.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA