sections
MORE

‘നീറ്റ് ’: പിശകുകൾ തിരുത്താം; ഒറ്റ അപേക്ഷ മതി

neet-mbbs
SHARE

ദേശീയതലത്തിൽ എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിനായി മേയ് മൂന്നിന് നടത്തുന്ന ‘നീറ്റ്–യുജി 2020’ എഴുതേണ്ടവർക്കു സംശയങ്ങൾ ഒട്ടേറെ. മുഖ്യസംശയങ്ങൾക്കുള്ള മറുപടി കാണുക:

∙ സമർപ്പിച്ച അപേക്ഷയിൽ പിശകുണ്ടെങ്കിൽ വെബ്‍‌സൈറ്റ്‌ വഴി 31 വരെ തിരുത്തി സമർപ്പിക്കാം

∙ നീറ്റ് എഴുതിയാൽ ഇന്ത്യയിലെ ഒരു മെഡിക്കൽ കോളജിലെയും പ്രവേശനത്തിനു വേറെ എൻട്രൻസ് ടെസ്റ്റ് എഴുതേണ്ട. എയിംസ്, ജിപ്മെർ എന്നീ ശ്രേഷ്ഠ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഇത്തവണ വേറെ അപേക്ഷ വേണ്ട. നീറ്റ് അപേക്ഷ മതി.

∙ പക്ഷേ എഎഫ്എംസി പ്രവേശനം വ്യത്യസ്തമാണ്. നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in) പ്രാഥമിക സിലക്‌ഷൻ നടത്തും. എഎഫ്എംസി പ്രവേശനത്തിൽ താൽപര്യമുള്ളവരുടെ ലിസ്റ്റ് ആ മെഡിക്കൽ കോളജിനു നൽകും. www.afmc.nic.in എന്ന സൈറ്റിൽ അപേക്ഷ ക്ഷണിക്കുമ്പോൾ മറ്റൊരു അപേക്ഷ സമർപ്പിക്കണം. ഇവർക്കു വിശേഷ ടെസ്റ്റുകൾ നൽകിയാണ് അന്തിമ സിലക്‌ഷൻ.  

∙ നീറ്റ് സ്കോർ ഈ വർഷത്തെ പ്രവേശനത്തിനു മാത്രമേ പരിഗണിക്കൂ. പക്ഷേ വിദേശ എംബിബിഎസ് പ്രവേശനത്തിന് ഈ വർഷത്തെ നീറ്റ് സ്കോറിനു 3 വർഷത്തെ സാധുതയുണ്ട്; 2020, 2021, 2022 വർഷങ്ങളിലെ വിദേശ പ്രവേശനത്തിന് ഉപയോഗിക്കാം

∙ കേരളത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, ഹോമിയോ, യൂനാനി, വെറ്ററിനറി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ് ബാച്‌ലർ ബിരുദ പ്രവേശനത്തിന് എൻജിനീയറിങ്, ബിഫാം എൻട്രൻസ് അപേക്ഷകരോടൊപ്പം മറ്റൊരു അപേക്ഷ കേരള എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനപ്രകാരം ഓൺലൈനായി സമർപ്പിക്കണം.

∙ കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെന്റൽ കോളജുകളിലെയും 15% സീറ്റുകളിലേക്കുള്ള ഓൾ ഇന്ത്യ ക്വോട്ട സിലക്‌ഷൻ, www.mcc.nic.in സൈറ്റിലൂടെയുള്ള ദേശീയ കൗൺസലിങ്‌ വഴിയാണ്.

∙ വിദ്യാർഥി, അച്ഛൻ, അമ്മ എന്നിവരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചതെങ്കിൽ കേരളത്തിൽ എംബിബിഎസ് അടക്കമുള്ള പ്രഫഷനൽ ബിരുദപ്രവേശനത്തിന് അർഹതയുണ്ട്.

∙ നീറ്റിലെ റാങ്ക് അഖിലേന്ത്യാ തലത്തിലായതുകൊണ്ടു കേരളത്തിലെ കുട്ടികൾക്കു സംവരണമടക്കം ഒരു കാര്യത്തിലും നഷ്ടമോ പ്രയാസമോ വരില്ല. ദേശീയ റാങ്ക്‌ പട്ടികയിൽനിന്നു കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത്, അവർ മാത്രം ഉൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ പട്ടിക തയാറാക്കും. അത് അടിസ്ഥാനമാക്കിയാണു കേരളത്തിലെ സിലക്‌ഷനും അലോട്മെന്റും. 

∙ നീറ്റിൽ നെഗറ്റീവ് മാർക്കുണ്ടോയെന്ന് ഒരു കുട്ടി ചോദിക്കുന്നു. പരീക്ഷാ വിവരങ്ങൾ കൃത്യമായി ഗ്രഹിച്ചു മുൻപരീക്ഷാച്ചോദ്യങ്ങൾ സമയബന്ധിതമായി ചെയ്ത് ശീലിച്ചവരാണ് നല്ല റാങ്ക് നേടുന്നത്. കഴിയുന്നത്ര വേഗം തീവ്രപരിശീലനം തുടങ്ങുക. നെഗറ്റീവ് മാർക്കുണ്ട്.  ബയോളജി (90), കെമിസ്ട്രി (45), ഫിസിക്സ് (45) ക്രമത്തിൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 180 മിനിറ്റിൽ ഉത്തരം ഒഎംആർ ഷീറ്റിൽ അടയാളപ്പെടുത്തണം. ഓരോ ചോദ്യത്തിനും നേർക്കുള്ള 4 ഉത്തരങ്ങളിൽ ഏറ്റവും ശരിയായതു തിരഞ്ഞെട‌ുക്കണം. ശരിക്ക് 4 മാർക്ക് കിട്ടും. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും.

∙ നീറ്റിന്റെ ദേശീയ മെറിറ്റ് ലിസ്റ്റിൽ കയറണമെങ്കിൽ 50 പെർസന്റൈലിലെങ്കിലും പെടണം. (പെർസന്റൈൽ എന്നത് മാർക്ക്–ശതമാനമല്ല. ഒരു കുട്ടിയുടെ പെർസന്റൈൽ 78 എന്നു പറഞ്ഞാൽ, ആകെ‌ കുട്ടികളിൽ 78% പേർ ഈ കുട്ടിയെക്കാൾ കുറഞ്ഞ മാർക്കേ സ‌്കോർ ചെയ്തിട്ടുള്ളൂ എന്നു മനസ്സിലാക്കാം). പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40, ചില വിശേഷ ഭിന്നശേഷിക്കാർക്ക് 45 എന്നീ ക്രമത്തിലുള്ള പെർസന്റൈൽ മതിയാകും. സിലക്‌ഷനുള്ള‌ ഓരോ കാറ്റഗറിയിലും ഈ തോതുകളിൽ പെർസന്റൈൽ നേടിയവരില്ലാതെ വന്നാൽ മിനിമം പെർസന്റൈൽ ആവശ്യാനുസരണം കുറയ്ക്കാനും വ്യവസ്ഥയുണ്ട്.

∙ പലരും തങ്ങൾക്ക് അഖിലേന്ത്യാ തലത്തിൽ പ്രവേശനത്തിനു നീറ്റിൽ കൃത്യം എത്ര റാങ്ക് കിട്ടണമെന്ന് അന്വേഷിക്കുന്നു. കഴിഞ്ഞ വർഷം ഓരോ കാറ്റഗറിയിലും പ്രവേശനം കിട്ടിയ അവസാന റാങ്കുകൾ വെബ്സൈറ്റുകൾ നോക്കിയെടുത്താൽ സാധ്യതയുടെ ഏകദേശരൂപം കിട്ടും. ഏറെ ഉയർന്ന റാങ്കുകാരുടേതൊഴികെ ഇക്കൊല്ലത്തെ കാര്യം കൃത്യമായി പ്രവചിക്കാൻ കഴിയില്ല.

∙ ജമ്മു-കശ്‌മീർ ഒഴികെ ഇന്ത്യയിലെ എല്ലാ പൊതുമേഖലാ വെറ്ററിനറി കോളജുകളിലെയും ബിവിഎസ്‍സി & എഎച്ച് 15% അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ സിലക്​ഷന് കൗൺസലിങ് നടത്തുന്നത്, നീറ്റ് റാങ്ക് നോക്കി, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ്. ഓൾ ഇന്ത്യ വെറ്ററിനറി എൻട്രൻസ് പരീക്ഷ ഇപ്പോഴില്ല. 

∙ മാറ്റങ്ങൾ വന്നേക്കാമെന്നതിനാൽ, പുതിയ അറിയിപ്പുകളുണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റിൽ ഇടയ്ക്കു നോക്കണം.

∙ കേരളത്തിലെ നഴ്സിങ്, ഫിസിയോതെറപ്പി, എംഎൽറ്റി തുടങ്ങിയ പാരാമെഡിക്കൽ വിഷയങ്ങളിലെ ബാച്‌ലർ ബിരുദ പ്രവേശനത്തിനു നീറ്റ് സ്കോർ പ്രയോജനപ്പെടില്ല. പ്ലസ്ടൂവിലെ പ്രസക്ത വിഷയങ്ങളിലെ മാർക്ക് നോക്കിയാണ് ഇവയ്ക്കുള്ള സിലക്‌ഷൻ.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA