ADVERTISEMENT

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്കൂളുകളിലെ ലാബുകളിലേക്കു പുതിയതായി 16,500 ലാപ്‍ടോപ്പുകൾ കൂടി ലഭ്യമാക്കുന്നു.കൈറ്റിന്റെ നേതൃത്വത്തിൽ എട്ടു മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയ പദ്ധതിയുടെ തുടർച്ചയായിട്ടാണ്  പുതിയ ലാപ്‍ടോപ് കൂടി ലഭ്യമാക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾക്കായി ഇതുവരെ നൽ‌കിയ 117723 ലാപ്‍ടോപ്പുകൾക്കു പുറമെയാണിത്.

കംപ്യൂട്ടർ ലാബുകൾ നന്നായി സജ്ജീകരിക്കുകയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്ത സ്കൂളുകളിൽ ആവശ്യകതയ്ക്കനുസരിച്ചാണ്  ഈ ലാപ്‍ടോപ്പുകൾ അനുവദിക്കുകയെന്നു കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. അൻവർ സാദത്ത് അറിയിച്ചു. ഹയർ സെക്കൻഡറിയിൽ ഗണിത പഠനത്തിനു മാത്‍സ് ലാബ്, ഫിസിക്സ് പഠനത്തിന് എക്സ്പൈസ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

സ്കൂളുകളുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് ഹൈസ്ക്കൂൾ,ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി  വിഭാഗങ്ങളിലെ ഉപകരണങ്ങളും ലാബ് സൗകര്യവും പരസ്പരം പങ്കു വച്ച് ഉപയോഗിക്കുന്ന വിദ്യാലയങ്ങൾക്കാവും മുൻഗണന. ഇതിനായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടക്കുന്ന ഐടി ഓഡിറ്റിന്റെയും തുടർ നടപടികളുടേയും പുരോഗതി വിലയിരുത്തും.

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി, ശേഷിക്കുന്ന 1417 ക്ലാസ് മുറികളുള്ള 544 സ്കൂളുകളിലേക്കുള്ള ലാപ്‍ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിങ് കിറ്റുകളും  27 മുതൽ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. ഈ സ്കൂളുകളുടെ പട്ടിക www.kite.kerala.gov.in ൽ ലഭ്യമാണ്.ഒരു ഡിവിഷനിൽ ഏഴു കുട്ടികളിൽ താഴെയുള്ള, പ്രൈമറി വിഭാഗമുള്ള 1359 സ്കൂളുകളിലും കിഫ്ബി സഹായത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കാൻ മന്ത്രി സി.രവീന്ദ്രനാഥ് നിർദേശിച്ചിട്ടുണ്ട്.ഫെബ്രുവരിയിൽ ഇതു പൂർത്തിയാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com