ADVERTISEMENT

മനോരമ–ഐബിഎസ് യുവ മാസ്റ്റര്‍മൈന്‍ഡ് വേദിയിലെത്തിയ മലയാളത്തിന്റെ യുവനടൻ അജു വർഗീസ് പറയുന്നു

‘ഇപ്രാവശ്യത്തെ ശാസ്ത്രമേള കഴിയുമ്പോൾ എല്ലാവരും അറിയും യഥാർഥ ന്യൂട്ടൻ ആരാണെന്ന്...’ ‘എബി’ എന്ന സിനിമയിൽ എന്റെ കഥാപാത്രമായ പ്രജീഷിന്റെ ഡയലോഗാണിത്. ക്ലാസിലെ കൂട്ടുകാർ വരെ പ്രജീഷിനെ വിളിക്കുന്നത് ന്യൂട്ടനെന്നാണ്. പക്ഷേ, പുള്ളിക്കാരന്‍ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും പൊളിഞ്ഞു പാളീസാവുകയാണെന്നു മാത്രം. ഒരു പരീക്ഷണവും പാളാതെ ഗംഭീരമാക്കിയ കുട്ടിന്യൂട്ടന്മാരെയാണ് ഇന്നു മനോരമ– ഐബിഎസ് യുവ മാസ്റ്റര്‍മൈൻഡിൽ കണ്ടത്. സ്കൂളിലും എൻജിനീയറിങ് പഠനകാലത്തും ഇത്തരം ശാസ്ത്രമേളകളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും ശാസ്ത്രത്തോടുള്ള കുട്ടികളുടെ അഭിനിവേശം എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. 

ബൈക്ക് യാത്ര ഇഷ്ടപ്പെടുന്നയാളാണു ഞാൻ. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘സാജൻ ബേക്കറി’ ഉൾപ്പെടെ മിക്ക സിനിമകളിലും ഒരു ബൈക്കോടിക്കൽ സീനെങ്കിലും ഉണ്ട്. ‍ഞാനോടിക്കുന്നില്ലെങ്കിലും ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സീനുകളും ഇഷ്ടംപോലെ. ഇപ്പോഴാണെങ്കില്‍ പിന്നിലിരിക്കുന്നവരും ഹെൽമറ്റ് വയ്ക്കണം. പക്ഷേ, കാലാവസ്ഥ മാറുന്നതിനനുസരിച്ചുള്ള ഈ ചൂട് എങ്ങനെ പരിഹരിക്കുമെന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ?

തലയെയും അതുവഴി ദേഹത്തെ മുഴുവനും തണുപ്പിക്കുന്ന ഒരു ഹെൽമറ്റ് കാണുമ്പോൾ അതുകൊണ്ടാണ് സന്തോഷംകൊണ്ടു തുള്ളിച്ചാടാൻ തോന്നുന്നത്. മാസ്റ്റര്‍മൈൻഡിലെ ഹെൽമറ്റ് കൂളിങ് സിസ്റ്റം പോലെയുള്ള കണ്ടെത്തലുകൾ ‘കൗതുകം ശ്ശി കൂടുതലുള്ള’ എന്നെപ്പോലുള്ളവർക്ക് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല. ആവശ്യങ്ങളിൽ നിന്നാണല്ലോ കണ്ടെത്തലുകളുണ്ടാകുന്നത്. ഇപ്പോഴത്തെ സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് കുട്ടികള്‍ കണ്ടുപിടിച്ചിരിക്കുന്നത്. എനിക്കിഷ്ടപ്പെട്ട മേഖല സിനിമയാണ്. പക്ഷേ, ഞാനുൾപ്പെടെയുള്ളവർ ജീവിക്കുന്ന ചുറ്റുപാടിനും ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ളതാണ് ഓരോ കണ്ടെത്തലും.

ഷൂട്ടിനിടയ്ക്കു പലപ്പോഴും ഡ്രോൺ ഉപയോഗിക്കാറുണ്ട്, അതു ഞങ്ങളുടെ വിഡിയോ ‘പിടിക്കാനാണ്’. പക്ഷേ, കൃഷിത്തോട്ടത്തിലെ മൃഗങ്ങളെ ഓടിച്ചിട്ടു പിടിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നത് കിടു ഐഡിയയല്ലേ! ബക്കറ്റിൽ അറിയാതെ വീണുപോയാലും കൊച്ചുകുഞ്ഞുങ്ങൾക്ക് അപകടമൊന്നും പറ്റാതെ രക്ഷിക്കുന്ന കണ്ടുപിടിത്തം എത്രയേറെ കരുതൽ നിറഞ്ഞതാണ്. ജാതിക്കുരുക്കളെ അവയുടെ ഗുണനിലവാരത്തിനനുസരിച്ചു വേർതിരിക്കുന്നത് ‘എജ്ജാതി’ കണ്ടെത്തലാണിഷ്ടാ! ബീച്ച് കാണാനും അവിടെ ചുറ്റിയടിച്ചു നടക്കാനുമൊക്കെ നമ്മളാഗ്രഹിക്കുമ്പോൾ അവിടത്തെ പ്ലാസ്റ്റിക് എളുപ്പത്തിൽ എടുത്തുമാറ്റുന്ന റോബട്ടിനെപ്പറ്റിയാണ് മാസ്റ്റര്‍മൈൻഡുകളുടെ ചിന്ത. ഇത്തരത്തിൽ മാലിന്യ നിർമാർജനത്തിന് ഏറ്റവും അനുയോജ്യമായ പ്രോജക്ടുകൾ കൂടി വന്നാൽ നമ്മുടെ പരിസരം നന്നാകും, നാടും വൃത്തിയാകും...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com