ADVERTISEMENT

കൊമേഴ്സ് പഠിച്ചാൽ ബികോം, എംകോം എന്നീ ബിരുദങ്ങൾ നേടാമെന്നറിയാം. കൊമേഴ്സുകാർക്കു വേറെ എന്തെല്ലാം അവസരങ്ങളാണുള്ളത്?

അമല ജോസഫ്, ഇടുക്കി

 

ഒന്നാന്തരം സാധ്യതകളുള്ള പഠനശാഖയാണു കൊമേഴ്സ്. ബികോം‌–എംകോം വഴി പോയാൽ യുജിസി നെറ്റ് യോഗ്യത കൂടി നേട അധ്യാപകജോലി സമ്പാദിക്കാം.

 

ഇതല്ലാതെ ആകർഷകമായ പല പ്രഫഷനൽ സാധ്യതകൾക്കും കൊമേഴ്സ് പഠനം വഴിയൊരുക്കുന്നു: എ) ചാർട്ടേർഡ് അക്കൗണ്ടൻസി മിക്കവർക്കും അറിയാവുന്നതാണ്. അതിനോടൊപ്പം പരിഗണിക്കാവുന്ന രണ്ട് ഫൈനാൻഷ്യൽ–കമേഴ്സ്യൽ പ്രഫഷനുകളുമുണ്ട്. കമ്പനി സെക്രട്ടറിഷിപ്പും കോസ്റ്റ് അക്കൗണ്ടൻസിയും. ഇവയ്ക്കു മൂന്നിനും പൊതുവായ ചില വിശേഷതകളുണ്ട്. ബാങ്ക് ഓഡിറ്റിങ്ങിന് സിഎക്കാർക്കുള്ളതുപോലെ നിയമപരമായ അധികാരങ്ങൾ.

 

ഏതെങ്കിലും വിഷയങ്ങളെടുത്തു പ്ലസ് ടു ജയിച്ചവർക്കു പരിശീലനമാകാം. പഠിക്കാൻ സാധാരണ സ്കുളുകളോ കോളജുകളോ ഇല്ല. ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് തരുന്ന പഠനസാമഗ്രികൾ ഉപയോഗിച്ചു പഠിക്കണം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകളിൽ ചില തലങ്ങളിൽ ക്ലാസുകളുണ്ട്. എങ്കിലും പ്രാധാന്യം സ്വയംപഠനത്തിനുതന്നെ. എൻട്രൻസ് പരീക്ഷ എഴുതേണ്ടതില്ല. പ്ലസ് ടു തലത്തിൽ കൊമേഴ്സ് പഠിച്ചിരിക്കണമെന്നില്ല.

 

ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ എന്നീ മൂന്നു തലങ്ങളിൽ പരീക്ഷകളുണ്ട്. ഉത്സാഹമുള്ളവർക്കു പ്ലസ് ടു കഴിഞ്ഞ് 4–5 വർഷത്തിനകം യോഗ്യത നേടാം. താൽപര്യമുണ്ടെങ്കിൽ, സമാന്തരമായി പ്രൈവറ്റ് റജിസ്ട്രേഷൻ വഴി ബികോമും ജയിക്കാം. 

 

സിഎയ്ക്ക് മൂന്നു വർഷം ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഓഫിസിൽ ആർട്ടിക്കിൾഡ് അസിസ്റ്റന്റായി പരിശീലനം നേടുകയും വേണം. മറ്റു രണ്ടിനുമുണ്ട് പ്രായോഗിക പരിശീലനം. വിവരങ്ങൾക്ക് ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വെബ്സൈറ്റ് നോക്കാം. www.icai.org, www.icsi.edu, https://icmai.in.

 

ബി) ACCA: The Association of Chartered Certified Accountants. നമ്മുടെ സിഎയ്ക്കു സമാനമായി യുകെയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു. പ്ലസ് ടു കഴിഞ്ഞ് റജിസ്റ്റർ ചെയ്യാം.

സി) CPA: Certified Public Accountant. നമ്മുടെ സിഎയ്ക്കു സമാനമായി യൂഎസിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു. 

ഡി) CIMA: Chartered Institute of Management Accountants. നമ്മുടെ കോസ്റ്റ് അക്കൗണ്ടൻസിക്കു സമാനമായി യുകെയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.  

ഇ) CMA: Certified Management Accountant. നമ്മുടെ കോസ്റ്റ് അക്കൗണ്ടൻസിക്കു സമാനമായി യൂഎസിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു

എഫ്) CFA: Chartered Financial Analyst. യൂഎസിലുള്ള സിഎഫ്എ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഈ പ്രോഗ്രാമിൽ ഫൈനൽ ഇയർ ബിരുദ വിദ്യാർഥികൾക്കു പ്രവേശനമുണ്ട്. യോഗ്യത നേടിയവർക്കു പോർട്ഫോളിയോ മാനേജർ, റിസർച് എക്സിക്യൂട്ടിവ്, റിലേഷൻഷിപ് മാനേജർ, കോർപറേറ്റ് ഫൈനാൻഷ്യൽ അനലിസ്റ്റ്, ഫൈനാൻഷ്യൽ അഡ്വൈസർ, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് അനലിസ്റ്റ് തുടങ്ങിയ തലങ്ങളിൽ പ്രവർത്തിക്കാം.

 

ACCA, CPA, CIMA, CMA, CFA പ്രഫഷനലുകൾക്ക് ഇന്ത്യയിലും വിദേശത്തും കമ്പനികളിൽ പ്രവർത്തിക്കാം. ഇന്ത്യയിൽത്തന്നെ പഠിക്കാനും പരീക്ഷയെഴുതാനും കഴിയും. പക്ഷേ, സിഎഫ്എയ്ക്കു മാത്രം പരീക്ഷയെഴുതാൻ യൂഎസിലോ ഗൾഫിലോ പോകണം.

ജി) ആക്ച്വേറിയൽ സയൻസ്: ഇൻഷുറൻസ്, ഫൈനാൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ റിസ്ക് കണക്കാക്കുന്ന ജോലി. ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം എത്രയെന്ന് സങ്കീർണമായ ഗണിതക്രിയകൾ വഴി നിശ്ചയിക്കുന്നു. ഇന്ത്യയിലെയോ വിദേശത്തെയോ ആക്ച്വേറീസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ റജിസ്റ്റർ ചെയ്തു പഠിക്കാം. മാത്തമാറ്റിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും ആഴത്തിലുള്ള അറിവു വേണം.

ഇവയ്ക്കു പുറമെ ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ഇ–കൊമേഴ്സ്, ഇ–ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻവെസ്റ്റ്മെന്റ് & സെക്യൂരിറ്റീസ്, റിയൽ എസ്റ്റേറ്റ് ബിസിനസ്, ഇൻസോൾവൻസി റെസല്യൂഷൻ തുടങ്ങിയ മേഖലകളിലും കൊമേഴ്സുകാർക്ക് അവസരങ്ങളുണ്ട്. താൽപര്യമുള്ളവർക്ക് ഇവയോരോന്നിന്റെയും വിശദാംശങ്ങൾ ശേഖരിച്ച് മുന്നേറാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com