ADVERTISEMENT

കേരളത്തിലെ എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചർ, ആർക്കിടെക്‌ചർ, ഫാർമസി ബാച്‌ലർ ബിരുദ കോഴ്‌സ് പ്രവേശനത്തിന് ഇന്ന് ഉച്ചമുതൽ ഈ മാസം 25ന് വൈകിട്ട് 5 മണി വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. എൻട്രൻസ് ഓഫിസിലേക്ക് ഇതിന്റെ പ്രിന്റ് അയയ്ക്കേണ്ട. ട്യൂഷൻഫീ നിരക്കുകൾ, സ്വാശ്രയ സീറ്റ് വിഭജനം എന്നിവയടക്കമുള്ള വിവരങ്ങൾ അലോട്മെന്റിനു മുൻപ് അറിയിക്കും. 

പ്രോസ്പെക്ടസ് ഡിജിറ്റൽ രൂപത്തിലേയുള്ളൂ. കേരള എൻട്രൻസ് അടിസ്ഥാനത്തിൽ പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. ഇതിനുള്ള പരീക്ഷ ഏപ്രിൽ 20, 21 തീയതികളിൽ. ബിഫാം പ്രവേശനത്തിന് എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പർ (ഫിസിക്സും കെമിസ്ട്രിയും) മാത്രം എഴുതിയാൽ മതി. മെ‍ഡിക്കൽ, മെഡിക്കൽ അനുബന്ധ (അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്) പ്രോഗ്രാമുകളിലെ സിലക്‌ഷൻ ദേശീയ നീറ്റ് റാങ്കിങ് നോക്കിയാണ്. ആർക്കിടെക്ചർ പ്രവേശനം ദേശീയതലത്തിലെ നാറ്റ യോഗ്യത പ്രകാരവും. എല്ലാവരും പ്രവേശനത്തിനുള്ള അപേക്ഷ ഇപ്പോൾ നൽകണം. 

കോഴ്സുകൾ
എൻജിനീയറിങ് (ബിടെക്), എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് (ഹോമിയോ), ബിഎഎംഎസ് (ആയുർവേദം), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യുനാനി), ഫാർമസി (ബിഫാം), ആർക്കിടെക്ചർ (ബി ആർക്ക്),  അഗ്രികൾചർ (ബിഎസ്‌സി), വെറ്ററിനറി (ബിവിഎസ്‌സി&എഎച്ച്), ഫിഷറീസ് (ബിഎഫ്എസ്‌സി), ഫോറസ്ട്രി (ബിഎസ്‌സി). കാർഷിക സർവകലാശാലയിലെ അഗ്രിക്കൾച്ചറൽ എൻജിനീയറിങ് / ഫുഡ് ടെക്‌നോളജി, വെറ്ററിനറി സർവകലാശാലയിലെ ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഫിഷറീസ് സർവകലാശാലയിലെ ഫുഡ് ടെക്നോളജി എന്നിവയും എൻജിനീയറിങ് വിഭാഗത്തിൽപ്പെടും. 

യോഗ്യത

1. എൻജിനീയറിങ്: 12ൽ മാത്‌സ്, ഫിസിക്‌സ് എന്നിവ നിർബന്ധമായും കെമിസ്‌ട്രി ഓപ്ഷനൽ വിഷയമായും പഠിച്ച്, ഈ വിഷയങ്ങൾക്ക് മൊത്തം 45% മാർക്ക്. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കംപ്യൂട്ടർ സയൻസ്/ ബയോടെക്നോളജി/ബയോളജി  എന്നിവയിലൊന്നിന്റെ മാർക്ക് (മുൻഗണനാക്രമത്തിൽ) പരിഗണിക്കും.

2. മെഡിക്കൽ/ അഗ്രികൾചറൽ: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് 12ൽ ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി/ബയോടെക്നോളജി എന്നിവയ്‌ക്കു മൊത്തം 50%  മാർക്കു വേണം. ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നിവയ്ക്കു പ്രത്യേകം മിനിമം പാസ്മാർക്കും വേണം. 2020ലെ നീറ്റ് ‌യുജിയിൽ യോഗ്യത നേടണം. സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം. 

ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ് എന്നിവയ്ക്ക് ബയോടെക്നോളജി പരിഗണിക്കില്ല. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു  / അറബി / പേർഷ്യൻ അഥവാ നിർദിഷ്ട അധികയോഗ്യത വേണം. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്ക്. 

ബിഎസ്‌സി ജയിച്ചവർക്ക് പ്രത്യേകവ്യവസ്ഥകളുണ്ട്

 3. ബിഫാം: 12ൽ ഇംഗ്ലിഷ്, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും പഠിച്ചു ജയിച്ചിരിക്കണം. 

4. ബി ആർക്ക്: 12ൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവയ്ക്ക് മൊത്തം 50% മാർക്ക്. മാത്‌സ് അടങ്ങിയ ത്രിവത്സര ഡിപ്ലോമ 50% മാർക്കോടെ ജയിച്ചിരുന്നാലും മതി. NATA എന്ന ദേശീയ അഭിരുചി പരീക്ഷയിൽ ജൂൺ ഒന്നിനു മുൻപ് യോഗ്യത നേടുകയും വേണം. 

മാർക്കിളവ്

എൻജിനീയറിങ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി.  പക്ഷേ എംബിബിഎസ്, ബിഡിഎസ് ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദ്ദിഷ്ട മൂന്നു വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയിരിക്കണം;  ഭിന്നശേഷി വിഭാഗക്കാർ 45%.

അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി, ആർക്കിടെക്ചർ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. ക്രീമിലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്കാണ് മാർക്കിളവും സംവരണവുമുള്ളത്. 

ഇപ്പോൾ പ്ലസ്ടു പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും അർഹതയുണ്ട്. നിർദിഷ്ടതീയതിക്കകം 12–ാം ക്ലാസിലെ മാർക്ക് എൻട്രൻസ് കമ്മിഷണറെ ഓൺലൈനായി അറിയിക്കേണ്ടിവരും.  2020 ഡിസംബർ 31ന് 17 വയസ്സു തികയണം.  എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ ഉയർന്ന പ്രായപരിധിയില്ല. പക്ഷേ മെഡിക്കൽ,  അനുബന്ധകോഴ്സുകളിൽ നീറ്റ് നിബന്ധന പാലിക്കണം.

മാർക്ക് 12ലെ മാത്രമോ?

പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും റാങ്കിങ്ങിനും വ്യത്യസ്‌തരീതികളിലാണ് യോഗ്യതാപരീക്ഷയിലെ മാർക്കു പരിഗണിക്കുന്നത്. 11, 12 ക്ലാസുകൾ രണ്ടിലും ബോർഡ് പരീക്ഷയാണെങ്കിൽ രണ്ടു ക്ലാസുകളിലെയും മൊത്തം മാർക്കാണ് മിനിമം യോഗ്യതയ്‌ക്കു നോക്കുക. പ്രസക്തവിഷയങ്ങളുടെ മൊത്തം മാർക്ക്.  നേരേമറിച്ച്, 12–ാം ക്ലാസിന്റെ അവസാനം മാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും. ഇപ്പറഞ്ഞ രീതി ഏതായാലും, സിലക്‌ഷൻ റാങ്കിങ്ങിനു പരിഗണിക്കുക ‘ഫൈനൽ ഇയർ മാർക് ലിസ്റ്റ്’ ആയിരിക്കും. 

ക്രീമിലെയറല്ലെന്ന് തെളിയിക്കാൻ

പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദ്ദിഷ്ട നിബന്ധനപ്രകാരം നോൺ–ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്‌റ്റസിന്റെ സമുദായലിസ്‌റ്റിലെ ഏതു വിഭാഗത്തിൽപ്പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. 

സംവരണം കിട്ടാൻ മറ്റർഹസമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

അപേക്ഷാ ഫീസ്

അപേക്ഷാഫീസ്  ഓൺലൈനായോ അപേക്ഷാ സമർപ്പണവേളയിൽക്കിട്ടുന്ന ഇ–ചലാൻ നിർദ്ദിഷ്ടപോസ്റ്റ് ഓഫീസുകളിൽ പണമായോ അടയ്ക്കാം.  

അപേക്ഷാഫീസ്: എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ, അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 300  / 200 / 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീസ് അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000 രൂപ  ഓൺലൈനായി അടയ്ക്കാം.

മനസ്സിലാക്കി അപേക്ഷിക്കുക

www.cee.kerala.gov.in എന്ന സൈറ്റിലും പ്രോസ്പെക്റ്റസിലും അപേക്ഷാസമർപ്പണത്തിനുള്ള വിശദനിർദേശങ്ങളുണ്ട്. ഇവ നന്നായി പഠിച്ചശേഷം ഓൺ‌ലൈൻ അപേക്ഷാനടപടികൾ ചെയ്യുക. 

അപേക്ഷയിൽ ചേർത്ത വിവരങ്ങളെല്ലാം കുറ്റമറ്റതെന്ന് വിദ്യാർത്ഥിയും രക്ഷിതാവും പരമാവധി ശ്രദ്ധയോടെ ഉറപ്പാക്കിയതിനു ശേഷം മാത്രം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും രക്ഷിതാവു പങ്കെടുക്കുന്നതു നന്ന്

വെബ്സൈറ്റുകൾ 2

ഏറ്റവും പുതിയ വിവരങ്ങൾക്ക്: www.cee-kerala.org. ഓൺലൈൻ അപേക്ഷയ്‌ക്കും, ഓപ്‌ഷൻ സമർപ്പണത്തിനും: www.cee.kerala.gov.in. വിലാസം: The Commissioner for Entrance Examinations, 5th floor, Housing Board Buildings, Santhi Nagar,Thiruvananthapuram – 695 001; ഫോൺ: 0471-0471- 2525300.

പരീക്ഷ ഏപ്രിൽ 20, 21 തീയതികളിൽ

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കു സർക്കാർ നടത്തുന്ന പ്രവേശനത്തിനു യോഗ്യത നിർണയിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷ ഏപ്രിൽ 20,21 തീയതികളിലാണ്. പരീക്ഷാ ടൈംടേബിൾ

ഏപ്രിൽ 20, തിങ്കൾ: രാവിലെ 10 – 12.30, ഒന്നാം പേപ്പർ (ഫിസിക്സും കെമിസ്ട്രിയും)

ഏപ്രിൽ 21, ചൊവ്വ:  10 – 12.30, രണ്ടാം പേപ്പർ : മാത്തമാറ്റിക്സ്

മെഡിക്കൽ, അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്ക് 2020 NEET UG യോഗ്യതയും ആർക്കിടെക്ചറിന് 2020 NATA യോഗ്യതയും നേടണം. ഒപ്പം, ഇപ്പോൾ കേരളത്തിൽ അപേക്ഷ നൽകുകയും വേണം.

അപേക്ഷ എങ്ങനെ?

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം മെഡിക്കൽ, അഗ്രികൾച്ചർ, എൻജിനീയറിങ്, ആർക്കിടെക്‌ചർ എന്നിങ്ങനെ എത്ര കോഴ്‌സുകൾക്കു ശ്രമിക്കുന്നവരായാലും അപേക്ഷ ഒന്നേ പാടുള്ളൂ. 

ഫോട്ടോ, കയ്യൊപ്പ്, ജനനത്തീയതിയും സ്വദേശവും തെളിയിക്കുന്ന രേഖകൾ‍ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. മറ്റു രേഖകൾ ഫെബ്രുവരി 29ന് 5 മണിക്കകം   അപ്‌ലോഡ് ചെയ്താലും മതി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ എൻആർഐ ക്വോട്ടയിലും, എല്ലാ വിഭാഗം സ്വകാര്യ സ്വാശ്രയ കോളജുകളിലെ ന്യൂനപക്ഷ സീറ്റുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഫെബ്രുവരി 29ന് 5 മണിക്കകം  പ്രസക്തരേഖകൾ സമർപ്പിക്കണം.

സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ നിർദിഷ്ടഫോമിൽ തയാറാക്കിയ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽ നിന്നു വാങ്ങി സമർപ്പിക്കേണ്ടതുണ്ട്. ഇതിലെ സീറ്റുകൾ സംബന്ധിച്ച വിശദവിജ്ഞാപനം പിന്നീട്. 

സാമ്പത്തിക  സംവരണം: വിജ്ഞാപനം പിന്നീട്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്ക് (EWS) നീക്കിവച്ച അധിക സീറ്റിലേക്ക് വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീടു പ്രസിദ്ധീകരിക്കും.

അറിയാൻ

പുതിയ ഫോട്ടോ

അപേക്ഷയ്ക്കൊപ്പം 6 മാസത്തിനകം എടുത്ത ഫോട്ടോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. 

അഡ്മിറ്റ് കാർഡ്

എൻജിനീയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 10 മുതൽ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in

ഹെൽ‌പ്‌ലൈൻ

ഹെൽ‌പ്‌ലൈൻ ഇന്നു മുതൽ ഈ മാസം 29 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ. ഫോൺ: 0471 2525300

കോൾസെന്റർ

സിറ്റിസൺ കോൾസെന്റർ ദേശീയ അവധിദിവസങ്ങളിലൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും. ഫോൺ: 155300, 04712335523

ഫെസിലിറ്റേഷൻ സെന്റർ

ഓൺ‌ലൈൻ അപേക്ഷാ സമർപ്പണത്തിനു വിദ്യാർഥികളെ സഹായിക്കാൻ എല്ലാ ജില്ലയിലും ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ സജ്ജം. ഇതിന്റെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാക്കും. 

ഹെൽപ്‌ഡെസ്ക്

എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലും. 

പ്രൊഫൈൽ വിവരങ്ങൾ അറിയാം

അപേക്ഷ സമർപ്പിച്ചവരുടെ പ്രൊഫൈൽ വിവരങ്ങളും അപേക്ഷയിൽ അപാകത ഉണ്ടെങ്കിൽ അക്കാര്യവും പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലെ 'KEAM 2020 Candidate Portal' എന്ന ലിങ്കിൽ ലഭ്യമാകും. പോർട്ടൽ ലഭ്യമാകുന്ന തീയതി, തിരുത്ത് വരുത്താവുന്ന തീയതി തുടങ്ങിയവ പിന്നീട് അറിയിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com