കേരള എൻട്രൻസ്: അറിയാം കൂടുതൽ വിവരങ്ങൾ

entrance-exam
SHARE

കേരള എൻട്രസ് അപേക്ഷ നടപടിക്രമങ്ങൾ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ ഫെബ്രുവരി ഒന്നിന് വിദ്യാഭ്യാസം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർ വിവരങ്ങൾ ചുവടെ. പ്രവേശനത്തിനുള്ള മിനിമം യോഗ്യതകൾ പരിഷ്കരിച്ചതു സംബന്ധിച്ച വിവശദവിവരങ്ങൾ മനസ്സിലാക്കി അപേക്ഷിക്കണം. തയാറെടുപ്പിനു മുൻപ് പ്രോസ്പെക്ടസിലെ 54–65 പേജുകളിലുള്ള സിലബസ് ശ്രദ്ധിക്കുക. 

കോളജും സീറ്റും

സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ സ്‌ഥാപനങ്ങളിലായി പ്രോസ്‌പെക്‌ടസിൽ ലിസ്‌റ്റ് ചെയ്‌ത കോളജുകൾ:എൻജിനീയറിങ്/ആർക്കിടെക്ചർ (സർവകലാശാലാ കേന്ദ്രങ്ങളുൾപ്പെടെ): 184, മെഡിക്കൽ: 29,  ഡെന്റൽ: 25, ഹോമിയോ: 5, ആയുർവേദം: 16, സിദ്ധ:  1, യൂനാനി: 1, ഫാർമസി: 44, ആഗ്രിക്കൾച്ചർ:  4, ഫോറസ്‌ട്രി: 1, വെറ്ററിനറി: 2, ഫിഷറീസ്: 1

1. സർക്കാർ സീറ്റുകൾ: എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. ഇത് എല്ലാ സർക്കാർ/എയ്‌ഡഡ് കോളജുകളിലുമുണ്ട്.  സ്വാശ്രയ സ്‌ഥാപനങ്ങളിലെ കാര്യം പിന്നീടറിയാം.

2. മാനേജ്‌മെന്റ് സീറ്റുകൾ: എയ്‌ഡഡ് കോളജുകളിൽ മാനേജ്‌മെന്റ് നേരിട്ട് തിരഞ്ഞെടുപ്പു നടത്തുന്നവ.

അലോട്‌മെന്റിനായി ഓപ്‌ഷൻ സമർപ്പിക്കേണ്ട സമയത്ത് സീറ്റുകളുടെ കൃത്യവിവരങ്ങൾ ഇനംതിരിച്ചു ലഭ്യമാകും. 

കോഴ്സ് ശാഖകൾ

എൻജിനീയറിങ് / ആർക്കിടെക്‌ചർ ശാഖകൾ (32): അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, അഗ്രിക്കൾചറൽ എൻജി, എയ്‌റോനോട്ടിക്കൽ, ആർക്കിടെക്‌ചർ, ഓട്ടോമൊബീൽ, ബയോടെക്‌നോളജി & ബയോ മെഡിക്കൽ, ബയോ മെഡിക്കൽ, ബയോടെക്‌നോളജി, സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് & എൻജി, ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, സേഫ്‌റ്റി & ഫയർ, ഫുഡ് ടെക്‌നോളജി, ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ, ഇൻഡസ്‌ട്രിയൽ, ഐടി, മെക്കാനിക്കൽ (ഓട്ടോ), മെക്കാനിക്കൽ, െമറ്റലർജിക്കൽ   & മെറ്റീരിയൽസ്, മെക്കാനിക്കൽ (പ്രൊഡക്‌ഷൻ), മെക്കട്രോണിക്‌സ്, മെറ്റലർജി, പോളിമെർ, പ്രൊഡക്‌ഷൻ, പ്രിന്റിങ്, റൊബോട്ടിക്സ് & ഓട്ടമേഷൻ, നേവൽ  ആർക്കിടെക്‌ചർ & ഷിപ് ബിൽഡിങ്. 

മറ്റു കോഴ്സുകൾ (10): എംബിബിഎസ്, ഡെന്റൽ സർജറി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി, ആഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്  &  ആനിമൽ ഹസ്ബൻഡ്രി, ഫിഷറീസ്, ഫോറസ്‌ട്രി  

സീറ്റ് വിഭജനം

എംബിബിഎസ്, ബിഡിഎസ്  സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ട. ആയുർവേദ / ഹോമിയോ / സിദ്ധ / യൂനാനി / അഗ്രി / വെറ്ററിനറി / ഫിഷറീസ് / ഫോറസ്‌ട്രി / ഫുഡ് എൻജി / ഫുഡ് ടെക് / അഗ്രി എൻജി / ഡെയറി സയൻസ് വിഷയങ്ങളിലുമുണ്ട് അഖിലേന്ത്യാ വിഹിതം.  കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കുള്ള സംവരണ സീറ്റുകൾ വേറെ. ഇവയും സൂപ്പർന്യൂമററി സീറ്റുകളും കഴിച്ച്, സർക്കാർ / എയ്‌ഡഡ് കോളജുകളിലേക്കു കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിൽ കോഴ്‌സ് തിരിച്ചു 5% ഭിന്നശേഷിക്കാർക്കായി വകയിരുത്തും. സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭടക്വോട്ട, കർഷകരുടെ മക്കൾ തുടങ്ങിയ വിഭാഗങ്ങൾക്കു നീക്കിവയ്‌ക്കുന്ന സീറ്റുകൾ ഇവയ്‌ക്കു പുറമേ.

മേൽ സൂചിപ്പിച്ചവയും മാനേജ്‌മെന്റ് ക്വോട്ടയും ഒഴികെയുള്ള സീറ്റുകളിലേക്കു മെറിറ്റ് – സംവരണ മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ താൽപര്യവും പരിഗണിച്ച്, തിരഞ്ഞെടുപ്പു നടത്തി, അവരെ വിവിധ കോഴ്‌സുകളിലേക്ക് / സ്‌ഥാപനങ്ങളിലേക്ക് ഓൺലൈനായി അലോട്ട് ചെയ്യും.  

സംവരണക്രമം 

സംസ്‌ഥാന മെറിറ്റ്: 60%.സംവരണം (ആകെ 40%): ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, എൽസി & ആംഗ്ലോ–ഇന്ത്യൻ 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്‌ത്യൻ 1%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2%. 

(പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ പട്ടികജാതി 70%, പട്ടികവർഗം 2%, ഓൾഇന്ത്യ 15%, മെറിറ്റ് 13%. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ സംസ്ഥാനത്തിന് 50%, ഇഎസ്ഐ 35%, ഓൾഇന്ത്യ 15%). സംവരണ സമുദായക്കാരിൽ ഉയർന്ന റാങ്കുകാരെ മെറിറ്റിൽ ഉൾപ്പെടുത്തും. അത്രതന്നെ മെറിറ്റില്ലാത്തവർക്കാണ് സാമുദായികസംവരണം. ക്രീമിലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്കു സംവരണമുണ്ട്. ദമ്പതികളിൽ ഒരാളെങ്കിലും പിന്നാക്കജാതിയിൽപ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കും സംവരണം ലഭിക്കും. പക്ഷേ ഇവരും നോൺ–ക്രീമി ലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പട്ടികവിഭാഗ സംവരണത്തിനു വരുമാനപരിധിയില്ല.

റാങ്കിങ് എങ്ങനെ 

ആകെ 6 റാങ്ക് ലിസ്‌റ്റുകൾ.

1. എൻജീനീയറിങ്

2. ആർക്കിടെക്‌ചർ

3. എംബിബിഎസ്, ബിഡിഎസ്, ഹോമിയോ, സിദ്ധ, യൂനാനി

4. അഗ്രി, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി,

5. ആയുർവേദം

6. ബിഫാം

എൻജിനീയറിങ് പ്രവേശനത്തിന് 12ലെ മൂന്ന് ഐച്ഛികവിഷയങ്ങളിലെ മൊത്തം മാർക്കും, എൻട്രൻസ് രണ്ടു പേപ്പറുകളിലെ മൊത്തം മാർക്കും തുല്യവെയ്റ്റ് നൽകി കൂട്ടിച്ചേർക്കുന്നു. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം. 

വിവിധ ബോർഡുകളിലെ പരീക്ഷകൾ ജയിച്ചിറങ്ങുന്ന കുട്ടികളെ താരതമ്യം ചെയ്യാൻ അവരുടെ പ്ലസ്‌ടൂ മാർക്കുകൾ പൊതുവായൊരു സ്‌റ്റാൻഡേർഡിൽ കൊണ്ടു വരുന്നു. ഇത് എങ്ങനെയെന്ന് പ്രോസ്‌പെക്‌റ്റസിന്റെ 34–ാം പുറത്ത് വിശദീകരിച്ചിട്ടുണ്ട്.

ആർക്കിടെക്‌ചർ റാങ്കിങ്ങിന് പ്ലസ്‌ടുവിലെ മൊത്തം മാർക്കും ‘നാറ്റ’ എന്ന അഭിരുചിപരീക്ഷയിലെ മാർക്കും തുല്യവെയിറ്റ് നൽകി കൂട്ടും. ഓരോന്നിനും 200 വീതം ആകെ 400 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും, മറ്റു മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെയും റാങ്കിങ്ങിന് 2020ലെ നീറ്റ് യുജി റാങ്കാണു നോക്കുക. ഇവർ ഇപ്പോൾ കേരളത്തിൽ അപേക്ഷ സമർപ്പിക്കണം. സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം.പ്ലസ് ടുവിനു സംസ്‌കൃതം ഉപഭാഷയായി പഠിച്ചവർക്ക് നീറ്റ് യുജി മാർക്കിനോട് 8 മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും. 

ബിഫാം റാങ്കിങ്ങിന് എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പറിലെ കെമിസ്ട്രി, ഫിസിക്സ് മാർക്കുകൾ നിർദ്ദിഷ്ടക്രമത്തിൽ മാറ്റിയിട്ട് റാങ്കിങ്ങിന് ‌ഉപയോഗിക്കും.

ക്വോട്ട അപേക്ഷകർ

∙ സ്‌പോർട്‌സ് ക്വോട്ടക്കാർ ഓൺലൈൻഅപേക്ഷയുടെ കൺഫർമേഷൻപേജ്, സ്‌പോർട്‌സ് കൗൺസിലിന് അയച്ചുകൊടുക്കണം.

∙ എൻസിസി ക്വോട്ടക്കാർ ഓൺലൈൻഅപേക്ഷയുടെ കൺഫർമേഷൻപേജ്, യൂണിറ്റ് ഓഫിസർ വഴി ഡപ്യൂട്ടി ഡയറക്‌ടർ ജനറലിന് അയയ്‌ക്കണം.

∙ സ്‌പെഷൽ റിസർവേഷൻ ആഗ്രഹിക്കുന്നവരും എൻട്രൻസ് പരീക്ഷ എഴുതണം.

∙ പട്ടിക, മറ്റർഹ (ഒഇസി) വിഭാഗക്കാരൊഴികെ, മുന്നാക്കവിഭാഗക്കാരടക്കമുള്ളവർ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തികാനുകൂല്യങ്ങൾ ലഭിക്കാൻ അപേക്ഷയോടൊപ്പം വരുമാനസർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.

സംശയം പരിഹരിക്കാം

വെബ് സൈറ്റിൽ നിന്ന് പ്രോസ്പക്റ്റസിനു പുറമേ അപേക്ഷിക്കാനുള്ള നടപടിക്രമം, ഫെസിലിറ്റേഷൻ കേന്ദ്രങ്ങളുടെയും പോസ്റ്റോഫീസുകളുടെയും പട്ടിക, സാധാരണസംശയങ്ങളുടെ മറുപടി തുടങ്ങിയവയും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്: www.cee-kerala.org, www.cee.kerala.gov.in.  ഹെൽ‌പ്‌ലൈൻ ഈ മാസം 29 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ. ഫോൺ: 0471 2525300

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA