ബിആർക് പ്രവേശനത്തിന് ‘നാറ്റ’

Architecture
SHARE

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്ര സ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ. ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രവേശനത്തിനായി നാറ്റ (NATA - നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) എന്ന പരീക്ഷ കൗൺസിൽ നടത്തുന്നു. ഈ വർഷം രണ്ടു തവണ പരീക്ഷയുണ്ട്.

ഒരു പരീക്ഷയ്ക്കോ രണ്ടിനുമോ റജിസ്റ്റർ ചെയ്യാം. പ്രത്യേകം സ്കോർ കാർഡുകൾ നൽകും. രണ്ടാം പരീക്ഷയുടെ സ്കോർ കാർഡിൽ 2 പരീക്ഷകളിലെയും സ്കോറുകളും ബിആർക് പ്രവേശനത്തിനു പരിഗണിക്കാനായി മെച്ചമായ സ്കോറും ചേർക്കും.

കേരളത്തിലെ ബിആർക് പ്രവേശന റാങ്കിങ്ങിന് 2020 ജൂൺ ഒന്നിനെങ്കിലും കിട്ടുന്ന നാറ്റ സ്കോർ മാത്രമേ പരിഗണിക്കൂ. അതിനാൽ കേരള അലോട്മെന്റ്‌ വഴി പ്രവേശനം ആഗ്രഹിക്കുന്നവർ മാർച്ച് 16ന് അകം റജിസ്റ്റർ ചെയ്ത് ഏപ്രിൽ 19ലെ ‌പരീക്ഷയെഴുതണം.

പരീക്ഷയുടെ ശൈലി

പാർട് എ: 135 മിനിറ്റ്, 125 മാർക്ക്. 3 ചോദ്യങ്ങൾക്ക് ഉത്തരം എ4 സൈസ് കടലാസിൽ വരയ്ക്കണം. യഥാക്രമം 35, 35, 55 മാർക്ക്.

പാർട് ബി: 45 മിനിറ്റ്, 75 മാർക്ക്. മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ ഒന്നര മാർക്കിന്റെ 50 ചോദ്യങ്ങൾ. ഇതിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് 15 ചോദ്യം, അഭിരുചി, യുക്തിചിന്ത എന്നിവയിൽ നിന്ന് 35 ചോദ്യം. തെറ്റിനു മാർക്ക് കുറയ്ക്കില്ല.

അക്കാദമിക യോഗ്യത

നാറ്റ അടിസ്ഥാനമാക്കി ബിആർക് പ്രവേശനം ലഭിക്കാൻ പരീക്ഷയ്ക്കു മൊത്തം 50%, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എന്ന ക്രമത്തിൽ മാർക്ക് നേടി പ്ലസ്ടു ജയിച്ചിരിക്കണം. മാത്‌‌സ് അടങ്ങിയ ഡിപ്ലോമ 50% മൊത്തം മാർക്കോടെ ജയിച്ചാലും മതി. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു പ്ലസ്ടു / ഡിപ്ലോമ മൊത്തം മാർക്ക് 45% മതി. ബിആർക്കിന് ലാറ്ററൽ എൻട്രി ഇല്ല.

നാറ്റയിൽ വിജയിക്കാൻ എ, ബി പാർട്ടുകളിൽ യഥാക്രമം 32, 18 മാർക്ക് (ഉദ്ദേശം 25%) നേടണം. മൊത്തം 200 മാർക്കിൽ എത്രയാണു വേണ്ടതെന്നു പരീക്ഷ കഴിഞ്ഞ് കൗൺസിൽ തീരുമാനിക്കും. ഈ വർഷത്തെ ബിആർക് പ്രവേശനത്തിനേ ഇത്തവണത്തെ നാറ്റ സ്കോർ പ്രയോജനപ്പെടൂ.

മറ്റു വിവരങ്ങൾ

www.nata.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 2 പരീക്ഷയ്ക്കും ചേർത്ത് 3800 രൂപ ഓൺലൈനായി അടയ്ക്കാം. വെവ്വേറെയെങ്കിൽ ഓരോ പരീക്ഷയ്ക്കും 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 3100 / 1700 രൂപ ഡിപ്പോസിറ്റ് ചെയ്താൽ മതി. ഇന്ത്യയ്ക്കു പുറത്തു പരീക്ഷയെഴുതുന്നവർ യഥാക്രമം 18,000 / 10,000 രൂപ ഡിപ്പോസിറ്റ് ചെയ്യണം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ 122 കേന്ദ്രങ്ങളിലും, വേണ്ടത്ര അപേക്ഷകരുണ്ടെങ്കിൽ ദുബായിലും പരീക്ഷയെഴുതാം. ഹെൽപ് ഡെസ്ക്: 9319275557, 7303487773; ഇ–മെയിൽ: helpdesk.nata2020@gmail.com

ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്‍‍ഡ് പരീക്ഷകൾ വഴി ബിആർക് പ്രവേശനം തേടുന്നവർ അതിന്റെ ഭാഗമായുള്ള അഭിരുചി പരീക്ഷകളിലാണു യോഗ്യത തെളിയിക്കേണ്ടത്; നാറ്റയിലല്ല.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA