ADVERTISEMENT

ഞങ്ങൾ പ്ലസ് വൺ പഠിക്കുന്ന കുട്ടികളാണ്. ആർക്കിടെക്ചർ നല്ല പ്രഫഷനാണെന്നു കേട്ടിട്ടുണ്ട്. എൻജിനീയറിങ് എൻട്രൻസ് എഴുതിയാൽ  ഇതിനും പ്രവേശനം കിട്ടുമോ? ഇതിലെ സാധ്യതകളെന്തെല്ലാമാണ്? എവിടെ പഠിക്കാം? എത്ര ക‌ാലമാണു കോഴ്സ്?

എൻജിനീയറുടെ കൃത്യതയും സൗന്ദര്യബോധത്തിന്റെ മനോഹാരിതയും സമ്മേളിക്കുന്ന മേഖലയാണ് ആർക്കിടെക്ചർ. ഏതു നാഗരികതയുടെയും തനിമയ്ക്കു പിന്നിൽ ഭാവനാസമ്പന്നരായ വാസ്തുവിദ്യാ വിദഗ്ധരുടെ രൂപകൽപനാവൈഭവം തുടിച്ചുനിൽക്കും. അതുകൊണ്ടാവണം സ്വപ്നങ്ങളും വിയർപ്പും നിർമാണവസ്തുക്കളും യോജിപ്പിച്ച് നാഗരികതയുടെ നാഴികക്കല്ലുകൾ നാട്ടുന്നവരാണ് ആർക്കിടെക്റ്റുകൾ എന്നു പറയാറുള്ളത്.

വീടുകൾ മാത്രമല്ല, ഷോപ്പിങ് മാളുകൾ, കോളജുകൾ, ദേവാലയങ്ങൾ, ആശുപത്രികൾ, തിയറ്ററുകൾ തുടങ്ങി ഏതു തരം കെട്ടിടങ്ങളും രൂപകൽപന ചെയ്യാൻ ആർക്കിടെക്റ്റുകൾക്ക് അവസരമുണ്ട്. പാർക്കുകൾ, ബീച്ചുകൾ എന്നിവയുടെ ഡിസൈനുമാകാം. നഗരാസൂത്രണം, ഗ്രാമതല ആസൂത്രണം മുതലായ ബൃഹദ് പദ്ധതികളിലും ആർക്കിടെക്റ്റുകളുടെ സേവനം ആവശ്യമാണ്.

എൻജിനീയറിങ് എൻട്രൻസ് റാങ്ക് നോക്കി ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രവേശനം നൽകുന്ന കാലമുണ്ടായിരുന്നു. ഇന്നു കഥ മാറി. എൻട്രൻസ് പരീക്ഷ എഴുതേണ്ടതില്ല. പക്ഷേ, കേരളത്തിലെ ബിആർക് പ്രവേശനത്തിന് എൻജിനീയറിങ് എൻട്രൻസ് അപേക്ഷകരോടൊപ്പം കമ്മിഷണർക്ക് അപേക്ഷ സമർപ്പിക്കണം. കൂടാതെ, നാറ്റ (NATA: National Aptitude Test in Architecture) എന്ന ദേശീയ അഭിരുചി പരീക്ഷയിൽ  യോഗ്യത നേടുകയും വേണം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ വർഷത്തിൽ രണ്ടു പ്രാവശ്യം വീതം ഈ പരീക്ഷ നടത്തും. രണ്ടും എഴുതിയാൽ മെച്ചമായ സ്കോർ അനുവദിക്കും. സിലബസ് ഉൾപ്പെടെ ‌ടെസ്റ്റ് വിവരങ്ങൾ www.nata.in എന്ന സൈറ്റിലുണ്ട്.

മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50%, ഭാഷകളടക്കം എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% എന്നീ ക്രമത്തിലെങ്കിലും പ്ലസ് ടു പരീക്ഷയിൽ മാർക്ക് നേടിയിരിക്കണം. മാത്‌സ് നിർബന്ധവിഷയമായി പഠിച്ച് മൊത്തം 50% എങ്കിലും മാർക്കോടെ ത്രിവത്സര ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അർഹതയുള്ള വിഭാഗക്കാർക്കു പ്ലസ് ടു/ഡിപ്ലോമ പരീക്ഷയിലെ മിനിമം മാർക്കിൽ ഇളവുണ്ട്. കോഴ്സ് ദൈർഘ്യം അഞ്ചു വർഷം.

നാറ്റയുടെ ഘടന: 

എ) ഓൺലൈനായി മൾട്ടിപ്പിൾ ചോയ്സ്: 60 മിനിറ്റ്, മാത്‌സ്–20 ചോദ്യം, പൊതു അഭിരുചി–40 ചോദ്യം. ഓരോ ചോദ്യത്തിനും 2 മാർക്ക്, ആകെ 120 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കില്ല.

ബി) കടലാസിൽ വരയ്ക്കേണ്ട ടെസ്റ്റ്: 120 മിനിറ്റ്, 2 ചോദ്യം. ഓരോ ചോദ്യത്തിനും 40 മാർക്ക്, ആകെ 80 മാർക്ക്

എ, ബി വിഭാഗങ്ങൾക്ക് ആകെ 200 മാർക്ക്. യോഗ്യതയ്ക്ക് എ, ബി ഭാഗങ്ങളിൽ 25% വീതം മാർക്ക് നേടണം. യഥാക്രമം 30, 20 മാർക്ക്. കൂടാതെ മൊത്തം 200 ൽ ഇത്ര മാർക്കെങ്കിലും നേടണമെന്ന് പരീക്ഷ കഴിഞ്ഞ് ആകെ കണക്കുകൾ നോക്കിയിട്ട് കൗൺസിൽ തീരുമാനിക്കും. ഒരു വിഭാഗത്തിനും മാർക്കിളവില്ല. ടെസ്റ്റ് ജയിക്കുന്ന വർഷത്തേക്കു മാത്രമാണ് സ്കോറിനു സാധുത.

നാറ്റയിലെ മാർക്കും പ്ലസ് ടു/ ഡിപ്ലോമയിലെ മൊത്തം മാർക്കും തുല്യ വെയിറ്റ് നൽകി, അതായത് 1:1 അനുപാതത്തിൽ ചേർത്തായിരിക്കും ബിആർക് പ്രവേശനത്തിനുള്ള റാങ്ക് തീരുമാനിക്കുക

സാധ്യതകൾ, അവസരങ്ങൾ

സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാം. ബിആർക് യോഗ്യതയുള്ളവരുമായി ചേർന്നു സംഘമായി പ്രവർത്തിക്കാം. സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതു/സ്വകാര്യ കോർപറേഷനുകൾ മുതലായവയിലും അവസരങ്ങളുണ്ട്. ആർക്കിടെക്ചറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഡിസൈൻ തുടങ്ങിയ മേഖലകളിലും ഉപരിപഠനവും ആകാം. ഏതെങ്കിലും ബാച്‌ലർ ബിരുദം നേടിയവർക്കുള്ള അവസരങ്ങൾ ബിആർക്കുകാർക്കുമുണ്ട്–സിവിൽ സർവീസസ്, മാനേജ്മെന്റ് മുതലായവ. 

കേരളത്തിൽ തിരുവനന്തപുരം (സിഇടി)/തൃശൂർ/പാമ്പാടി  സർക്കാർ എൻജിനീയറിങ് കോളജുകൾ, ടികെഎം, കൊല്ലം/എംഇഎസ്, കുറ്റിപ്പുറം/എസ്‌സിഎംഎസ്, കറുകുറ്റി /ഡിസി, വാഗമൺ തുടങ്ങി പല കോളജുകളിലും ബിആർക്കിനു പഠിക്കാം. 

മറ്റു ചില സ്ഥാപനങ്ങൾ:

∙School of Planning and Architecture, New Delhi/Bhopal/Vijayawada

∙School of Architecture and Planning, Anna University, Chennai  

∙JNTU School of Planning and Architecture, Hyderabad  

∙Centre for Environmental Planning and Technology, Ahmedabad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com