ADVERTISEMENT

തിരുവനന്തപുരം ∙ സർവീസിലിരിക്കെ മരിക്കുന്ന എയ്ഡഡ് കോളജ് ജീവനക്കാരുടെ ആശ്രിതർക്കും ഇനി മുതൽ ക്ലാസ് ഫോർ തസ്തികയിൽ സമാശ്വാസ നിയമനം ലഭിക്കും. ഓരോ കോളജിലും ആകെ ക്ലാസ് ഫോർ തസ്തികകളുടെ 10% ആശ്രിത നിയമനത്തിനു നീക്കി വയ്ക്കും. കോർപറേറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള കോളജുകളിലെ ആകെ തസ്തികകളുടെ 10% ആണ് നീക്കി വയ്ക്കേണ്ടത്

. ഇതു സംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക്ക്, അറബിക്, ട്രെയിനിങ് കോളജുകൾക്കും ഈ തീരുമാനം ബാധകമാണ്. എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ഏറെക്കാലത്തെ ആവശ്യമാണിത്.

മരിച്ചവർക്കു പുറമേ,സ്ഥിരമായി കാണാതായവരുടെ ആശ്രിതരിൽ ഒരാൾക്കും നിയമനത്തിന് അർഹതയുണ്ടാകും. ഇക്കാര്യത്തിൽ പരേതന്റെ സർവീസ് ദൈർഘ്യം പരിഗണിക്കില്ല. സർവകലാശാല അംഗീകരിച്ച നിയമനം ആയിരിക്കണമെന്നു മാത്രം. ആശ്രിത നിയമനം എൻട്രി കേഡറിലേ നടത്താവൂ എന്നു നിയമം ഉള്ളതിനാലാണ് കോളജുകളിൽ ക്ലാസ് ഫോർ തസ്തികയിൽ നിയമനം നൽകുന്നത്. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ കുടുംബ വരുമാനം 8 ലക്ഷം രൂപയിൽ കുറവായിരിക്കണം. 

എയ്ഡഡ് കോളജുകളിൽ ആശ്രിത നിയമനം നടത്താനുള്ള തീരുമാനം 2013 ഒക്ടോബറിൽ സർക്കാർ എടുത്തുവെങ്കിലും ഇതുവരെ നടപ്പായിരുന്നില്ല. ഈ തീരുമാനത്തിനെതിരെ ചില കോളജ് മാനേജ്മെന്റുകൾ ഹൈക്കോടതിയിലും തുടർന്നു സുപ്രീം കോടതിയിലും കേസിനു പോയിരുന്നു. നിയമനത്തിന്റെ കാര്യത്തിൽ മാർഗരേഖയുണ്ടാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മാർഗരേഖ അംഗീകരിച്ചത്. 2013 ഒക്ടോബർ ഏഴിനോ അതിനു ശേഷമോ മരിച്ചവരുടെയും സ്ഥിരമായി കാണാതായവരുടെയും ആശ്രിതർക്കു നിയമനത്തിന് അർഹതയുണ്ട്. 

നടപടിക്രമങ്ങൾ അപേക്ഷകന് ആശ്വാസമാകുന്ന വിധത്തിൽ വേഗം പൂർത്തിയാക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com