ADVERTISEMENT

‘നന്നായിട്ടുണ്ട്. വിചാരിച്ചതിലും വ്യത്യസ്തമായ അവതരണം. വിദ്യാർഥികളെടുത്ത ചിത്രങ്ങളും വിദേശപത്രങ്ങളുടെ വിപുലമായ ശേഖരവും ഇഷ്ടപ്പെട്ടു’ – . മാസ്കോമിന്റെ പതിനെട്ടാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ആദ്യ അതിഥിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. അച്ചടി- ദ്യശ്യമാധ്യമങ്ങളുടെ വൈവിധ്യം കണ്ടറിയാൻ അവസരമൊരുക്കിയ മാസ്കോമിന് പ്രത്യേകം നന്ദി. മാസ്കോം ഡേ പ്രദർശനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ’. 

ചൊവ്വാഴ്ച കോട്ടയം ഈരയിൽക്കടവിലെ ക്യാംപസിൽ മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) പതിനെട്ടിന്റെ നിറവ് ആഘോഷിച്ചപ്പോൾ ലൈബ്രറിയിൽ സ്ഥാപിച്ച ബോർഡിൽ നിറഞ്ഞ അഭിപ്രായക്കുറിപ്പുകളിലെ വരികളാണ് ഇവ.

mascom-day

കൂട്ടായ പ്രവർത്തനങ്ങൾക്ക് സംത്യപ്തിയുള്ള ഫലം. ദിനംപ്രതി വായനക്കാരന് / പ്രേക്ഷകന് മുന്നിൽ അക്ഷരങ്ങളും ദ്യശ്യങ്ങളും നിറയുന്നുണ്ട്. പക്ഷേ അവയുടെ കാണാപ്പുറങ്ങൾ തേടാൻ അധികമാരും ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ ഒരേസമയം വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ മാധ്യമലോകത്തേക്ക് കാഴ്ചക്കാരനെ കൊണ്ടു പോകുകയായിരുന്നു മീഡിയസ്കേപ്പ് പ്രദർശനം (മാസ്കോം ഡേ 2020).

ഓർമകൾ നിറച്ച പ്രധാന കവാടത്തിൽ മലയാളി മനസ്സുകൾ കീഴടക്കിയ, മനസ്സിൽ സൂക്ഷിക്കാൻ നല്ലോർമകൾ പതിപ്പിച്ച വിശ്രുത ഫൊട്ടോഗ്രഫർ വിക്ടർ ജോർജ് രണ്ടു ദശകം മുൻപ് പകർത്തിയ ആ വിഖ്യാത ചിത്രവും – കുഞ്ഞിക്കാലിൽ ഉമ്മ വയ്ക്കുന്ന മുത്തശ്ശി–, മകൻ നീൽ വിക്ടർ ജോർജ് 20 വർഷത്തിന് ശേഷം അതേ വ്യക്തിയെ കണ്ടെത്തി പുനരാവിഷ്കരിച്ച ദ്യശ്യവും ഉൾപ്പെടുത്തിയിരുന്നു.

റിപ്പോർട്ടിങ്ങിനിടയിൽ വിദ്യാർഥികളുടെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ചിത്രങ്ങളും തട്ടുകടസ്റ്റൈലിൽ ഒരുക്കിയ മാഗസിൻ കോർണറും പ്രദർശനത്തെ കൂടുതൽ ഭംഗിയുള്ളതാക്കി. 

വിദ്യാർഥികൾ തയ്യാറാക്കുന്ന പരിശീലനപത്രങ്ങളായ ഫോർത്ത് എസ്റ്റേറ്റും ജാലകവും വിവിധ വിദേശപത്രങ്ങളും പല കാഴ്ചക്കാർക്കും പുത്തൻ അനുഭവമായിരുന്നു. വിദേശപത്രങ്ങളുടെ പ്രദർശനരീതിയാണ് മുതിർന്നവരെ ആകർഷിച്ചത്. എഴുത്തിലെ പരിണാമം രസകരമായി അവതരിപ്പിച്ച ‘എഴുത്തിലെ നാൾവഴികളും’ ബോറിസ് ജോൺസന്റെ തെരഞ്ഞെടുപ്പു കഥ പറഞ്ഞ പത്രങ്ങളും കൂടിയായപ്പോൾ സംഭവം വർണ്ണാഭമായി. ചുറുചുറുക്കുള്ള കുട്ടികൾ എന്ന് ഒരു വിശിഷ്ടാതിഥിയുടെ അഭിനന്ദനവും കൂടിയായപ്പോൾ എല്ലാവരും ഹാപ്പി. 

പത്രമാധ്യമത്തിലെ കാഴ്ചകൾ ആസ്വദിച്ച് ദ്യശ്യമാധ്യമവിഭാഗത്തിൽ എത്തിയവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിതബുദ്ധി) പുത്തൻ വിശേഷങ്ങളാണ് വരവേറ്റത്. കായികപ്രേമികൾക്കായി പ്രത്യേകം ഒരുക്കിയ സ്പോർട്സ് സ്റ്റോറിസിന് മികച്ച സ്വീകരണമായിരുന്നു. ദ്യശ്യലോകത്ത് മാറ്റങ്ങൾ വരുത്തിയ  എഡ്വാർഡ് മ്യൂബ്രിഡ്ജിന്റെ സൂപ്രാസിസ്കോപ്പാണ് കൗതുകമുണർത്തിയ മറ്റൊരു കാഴ്ച.

തത്സമയ വാർത്താവതരണം കാഴ്ചക്കാർക്ക് പുതു അനുഭവമായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിച്ചവരും വാർത്ത വായിക്കാനവസരം ലഭിച്ചതിൽ സന്തോഷിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. കോട്ടയത്തിന്റെ ഹ്യദയതാളമായിരുന്ന ‘റേഡിയോ മാംഗോ മാസ്കോം 93.8’ കാഴ്ചക്കാരുടെ ഹ്യദയതാളത്തിന് ആവേഗം കൂട്ടി. കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ പലരും ഒന്നു ‘പെട്ടു’  പോയെങ്കിലും തിരിച്ചിറങ്ങുമ്പോൾ  മുഖത്ത് ഒരു കള്ളചിരിയുമുണ്ടായിരുന്നു. മാസ്കോം വിദ്യാർഥികൾ തയ്യാറാക്കിയ ഡോക്യുമെന്ററികളും ഹ്രസ്വചിത്രവും പ്രദർശനത്തിനുണ്ടായിരുന്നു. ശ്രീലങ്കയിൽ നിന്ന് മാസ്കോമിൽ പരിശീലനത്തിനെത്തിയ യുവ പത്രപ്രവർത്തക മന്ദിര ഒരുക്കിയ  ഇന്ത്യ—ശ്രീലങ്ക സംസ്കാരിക, രാഷ്ട്രീയ ബന്ധവും കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com