ADVERTISEMENT

സഹകരണ മേഖലയിൽ ബാങ്കുകളുൾപ്പെടെയുള്ള സ്‌ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതലുള്ള തസ്‌തികകളിലെ നിയമനത്തിന് ബിരുദം കഴിഞ്ഞുള്ള ഹയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (എച്ച്ഡിസി), പത്താം ക്ലാസ് കഴിഞ്ഞുള്ള ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (ജെഡിസി) വേണം. ജെഡിസി പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷിക്കാം. കോഴ്‌സ് ജൂൺ 1 മുതൽ 10 മാസം.

കോഴ്‌സ് നടത്തുന്ന സ്‌ഥാപനങ്ങൾ

∙ സഹകരണ പരിശീലന കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, കോട്ടയം, നെടുങ്കണ്ടം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

∙ സഹകരണ പരിശീലന കോളജുകൾ: ആറന്മുള, പാലാ (എക്സ്റ്റൻഷൻ സെന്റർ), വടക്കൻ പറവൂർ, തിരൂർ, തലശ്ശേരി

∙ പട്ടികവിഭാഗ ബാച്ചുകൾ: കൊട്ടാരക്കര, ചേർത്തല, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളിൽ.

പ്രവേശന യോഗ്യത

ഡി+ എങ്കിലുമുള്ള പത്താം ക്ലാസ്. 2020 ജൂൺ ഒന്നിനു പ്രായം 16 - 40. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 45 / 43 വരെയും,. വിമുക്‌തഭടന്മാർക്കു പ്രായത്തിൽ നിയമാനുസൃതം ഇളവ്. സഹകരണ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല.പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള ബാച്ചുകളിൽ 80 സീറ്റ് വീതം. പട്ടികജാതി 60, പട്ടികവർഗം 20. അപേക്ഷകൻ ഏതു കേന്ദ്രത്തിൽ ഏതു വിഭാഗത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് അപേക്ഷാഫോമിൽ വ്യക്‌തമാക്കണം.

സിലക്‌ഷൻ എങ്ങനെ ?

പത്താം ക്ലാസിലെ ഗ്രേഡ് അടിസ്‌ഥാനമാക്കി, വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കി, റാങ്ക് ചെയ്‌താണ് സിലക്‌ഷൻ. പഴയ സ്‌കീംകാരുടെ മാർക്ക് ഗ്രേഡായി പരിവർത്തനം ചെയ്‌തെടുക്കും. പ്ലസ്‌ടു, ബിരുദം എന്നിവയ്‌ക്ക് യഥാക്രമം ഒരു പോയിന്റും രണ്ടു പോയിന്റും ബോണസ്. എസ്‌എസ്‌എൽസി ജയിക്കാൻ കൂടുതൽ ചാൻസുകളെടുത്തവരുടെ പോയിന്റ് കുറയ്‌ക്കുന്ന വകുപ്പുമുണ്ട്.

സംവരണം

ഡിപ്പാർട്‌മെന്റ് അപേക്ഷകർ - 15 %; സഹകരണസംഘം ജീവനക്കാർ - 35 %. ശേഷിച്ച 50 % ജനറൽ സീറ്റിൽ, ഇനിപ്പറയുന്ന ക്രമത്തിൽ സംവരണം. പട്ടികജാതി - 8 %, പട്ടികവർഗം 2 %, മറ്റു പിന്നാക്കവിഭാഗം - 5 %, ഡിസിപി ജയിച്ചവർ 5%, വിമുക്‌തഭടന്മാർ / ആശ്രിതർ - 5%, ഭിന്നശേഷിക്കാർക്കും സ്‌പോർട്‌സ് താരങ്ങൾക്കും സീറ്റ് മാറ്റിവച്ചിട്ടുണ്ട്

മറ്റു നിബന്ധനകൾ

സഹകരണസംഘത്തിൽ ഒരു വർഷമെങ്കിലും സ്‌ഥിരം സേവനമനുഷ്‌ഠിച്ചവരെ മാത്രമേ പ്രവേശനക്കാര്യത്തിൽ ആ വിഭാഗക്കാരായി പരിഗണിക്കൂ. ജോലി നോക്കുന്ന സംഘത്തിന്റെ അഫിലിയേഷനു പ്രാബല്യമുണ്ടായിരിക്കുകയും വേണം.

ഓരോ കേന്ദ്രത്തിലും ഏതേത് പ്രദേശങ്ങളിലെ അപേക്ഷകരെയാണു പരിഗണിക്കുകയെന്ന് പ്രോസ്‌പെക്‌ടസിലുണ്ട്. താലൂക്ക് അടിസ്ഥാനത്തിലാണു സിലക് ഷൻ. പ്രവേശനത്തിനു ശേഷം സ്‌ഥാപനമാറ്റം കിട്ടില്ല.

അപേക്ഷാഫോം 100 രൂപയ്‌ക്കു പരിശീലനകേന്ദ്രങ്ങളിൽനിന്നു നേരിട്ടു വാങ്ങാം. തപാൽവഴി കിട്ടാൻ 130 രൂപ, മാർച്ച് 20ന് അകം കിട്ടത്തക്കവണ്ണം പ്രിൻസിപ്പലിന്റെ പേർക്ക് മണിയോർഡർ അയയ്‌ക്കണം. പട്ടികവിഭാഗക്കാർ യഥാക്രമം 50 / 80 രൂപ. സഹകരണസംഘം ജീവനക്കാർ യഥാക്രമം 250 / 280 രൂപ. പൂരിപ്പിച്ച അപേക്ഷ മാർച്ച് 31ന് അകം ലഭിക്കണം.കോഴ്‌സ് ഫീ 10,000 രൂപ. ഇതിൽ 2,000 രൂപ തുടക്കത്തിലും, ബാക്കി തുക 1000 രൂപ വീതം എട്ടു ഗഡുക്കളായും അടയ്‌ക്കാം. മറ്റു ഫീസ് പുറമേ. പ്രവേശനവിജ്ഞാപനവും പ്രോസ്പെക്ടസും https://scu.kerala.gov.in എന്ന സൈറ്റിലെ ആപ്ലിക്കേഷൻസ് ലിങ്കിലുണ്ട്.

ഫോൺ: 0471 - 243 6689 / 0481– 2564738 / 0487 – 2380462 / 0495 –2702095 / 04994 – 207350

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com