ADVERTISEMENT

വൃത്തിയിൽ ചായം പൂശിയ ചുവരുകളിൽ പടം വരയ്ക്കാനോ ചുവരെഴുത്തു നടത്താനോ തുനിഞ്ഞാൽ കണ്ണുരുട്ടുന്ന ക്യാമ്പസുകൾക്ക് അപവാദമാണ് തൃശൂരിലെ ചിയ്യാരത്തുള്ള ചേതന മീഡിയ കോളജ്. ക്യാമ്പസിലെ ചുവരുകളിൽ ചിത്രം വരയ്ക്കാനും ചുവരെഴുത്തു നടത്താനും പരിശീലനം നൽകുന്ന ശിൽപശാല നടത്തിയാണ് ചേതന കോളജ് വിദ്യാർഥികളുടെ സർഗവാസനകൾക്കൊപ്പം നിൽക്കുന്നത്. പേപ്പറിലും ക്യാൻവാസിലും മാത്രം വരച്ചു പരിചയമുള്ള വിദ്യാർഥികളുടെ കയ്യിൽ ധൈര്യമായി പെയിന്റും ബ്രഷും നൽകിയപ്പോൾ കോളജിലെ ചുവരുകളിൽ വിരിഞ്ഞത് പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. 

ഫെബ്രുവരി 15 മുതല്‍ 22 വരെ നീണ്ടുനിന്ന 'പെയ്ന്റഡ് വോള്‍സ്' എന്ന ശിൽപശാലയിൽ വിദ്യാർഥികളും ചിത്രകാരന്മാരും പങ്കെടുത്തു. ഔപചാരിക ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ സി. ഭാഗ്യനാഥ് നിര്‍വ്വഹിച്ചു. പ്രമുഖ കലാസംവിധായകനും ചിത്രകാരനുമായ റാസി മുഹമ്മദിന്റെ നേതൃത്വത്തിലാണ് ശിൽപശാല നടന്നത്. പേപ്പറിൽ മാത്രം വരച്ചു പരിചയമുള്ള വിദ്യാർഥികളെ ചുവരിൽ വരപ്പിക്കുക എന്ന വെല്ലുവിളിയായിരുന്നു റാസി മുഹമ്മദിനു മുൻപിലുണ്ടായിരുന്നത്. വിദ്യാർഥികളെ പല സംഘങ്ങളായി തിരിച്ച് അവർക്ക് ഓരോ ചുവരുകൾ നൽകി. വരയ്ക്കാൻ ഉദ്ദേശിക്കുന്നത് ആദ്യം പേപ്പറിൽ വരച്ചു കാണിക്കാനാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. അതിനു ശേഷമാണ് ചുവരിൽ വരച്ചു തുടങ്ങിയത്. ആദ്യ രണ്ടു ദിവസത്തിൽ തന്നെ വിദ്യാർഥികൾ ട്രാക്കിലായി. 

ചലച്ചിത്രരംഗത്തെ മഹാരഥന്മാരായ സത്യജിത് റായ്, ഋത്വിക്ക് ഘട്ടക് എന്നിവർക്ക് ഡൂഡിൽ ആർട്ടിലൂടെ ഒരു കൂട്ടം വിദ്യാർഥികൾ ആദരമർപ്പിച്ചപ്പോൾ രാജ്യത്തെ പ്രതിഭാശാലികളായ ചലച്ചിത്രകാരികൾക്കായി മറ്റൊരു ചുവർ ഒരുങ്ങി. 'ട്രിബൂട് ടു സത്യജിത് റായ്', 'ട്രിബൂട് ടു ഘട്ടക്', 'ട്രിബൂട് ടു ഇന്ത്യന്‍ വിമണ്‍ ഫിലിം മേക്കേഴ്‌സ്' എന്നിങ്ങനെ വിവിധങ്ങളായ പേരുകളാണ് ഓരോ ചുവരിനും വിദ്യാർഥികൾ സമ്മാനിച്ചത്. സൈക്കോ എന്ന പ്രശസ്ത സിനിമയിലെ ഒരു പ്രധാനപ്പെട്ട രംഗത്തിന്റെ സ്റ്റോറി ബോർഡും വിദ്യാർഥികൾ ചുവരിൽ പുനഃസൃഷ്ടിച്ചു. 32 ടൈലുകളിലാണ് വിദ്യാർഥികൾ ഇതു പൂർത്തിയാക്കിയത്. 'സ്റ്റോറി ബോര്‍ഡ്‌സ് ഓഫ് സൈക്കോ - ആല്‍ഫ്രഡ് ഹിച്ച്‌കോക്' എന്ന പേരിട്ട ചുവരിൽ ഈ ടൈലുകൾ പതിപ്പിക്കും.   

ചേതന കോളേജിലെ 'ഡിസൈന്‍ഹബ്ബി'ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ ക്യാമ്പില്‍ അറുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത്. കൂടാതെ, കോളജിലെ പൂർവവിദ്യാർഥികളും ഈ ചുവർചിത്ര ശിൽപശാലയുടെ ഭാഗമാകാൻ എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com