ADVERTISEMENT

പുതുപ്പള്ളി∙ കൊറോണ വൈറസ് ബാധയുടെ ഭീതിമൂലം വിദ്യാർഥികളെ വീട്ടിലിരുന്നു പരീക്ഷ എഴുതാൻ അനുവദിച്ചു പുതുപ്പള്ളി ലൈഫ് വാലി ഇന്റർനാഷണൽ സ്കൂൾ. 4 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി 6 പരീക്ഷകളാണ് വീട്ടിൽ ഇരുന്നുതന്നെ എഴുതാൻ കുട്ടികൾക്കു അവസരം നൽകുന്നത്. രണ്ടാമത്തെ പരീക്ഷ ഇന്നലെ കഴിഞ്ഞു. കുട്ടികളുടെയും മാതാപിതാക്കളുടെയും സത്യസന്ധതയും വിശ്വാസ്യതയും കൂടി പരീക്ഷിക്കുന്ന ഇൗ പരീക്ഷയ്ക്കു വളരെ നല്ല പ്രതികരണമായിരുന്നെന്നും പ്രിൻസിപ്പൽ മെറീന സെബാസ്റ്റ്യൻ പറഞ്ഞു.

പരീക്ഷാദിവസം രാവിലെ 8 ആകുമ്പോൾ എസ്എംഎസ് വഴി സ്കൂളിൽ നിന്നു ഒരു ലിങ്ക് ലഭിക്കും. ഈ ലിങ്കിലൂടെ സ്കൂൾ വൈബ്സൈറ്റിലെത്തി ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്തു എടുക്കാം. 9.30 മുതൽ 12. 30 വരെ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടിയ്ക്കു വീട്ടിൽ ഇരുന്നുതന്നെ പരീക്ഷ എഴുതാം. അതതു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഈ സമയം ഓൺലൈനിൽ ഉണ്ടാകും. കുട്ടികൾക്കു ചോദ്യപേപ്പർ സംബന്ധിച്ച സംശയങ്ങൾ വിഡിയോ കോളിലൂടെ പരിഹരിക്കാം. ഫുൾസ്കാപ്പ് പേപ്പറിൽ വേണം എഴുതാൻ. കുട്ടിയ്ക്കും മാതാപിതാക്കൾക്കും സൗകര്യപ്രദമായ ഏതെങ്കിലും സമയത്തു പരീക്ഷ എഴുതിയാൽ മതിയാകും. 3 മണിക്കൂർ പരീക്ഷ കഴിഞ്ഞാൽ ഉത്തരപേപ്പറുകൾ മാതാപിതാക്കൾ സൂക്ഷിക്കണം. 19 നു അവസാന പരീക്ഷയ്ക്കുശേഷം 20 നു ഇവ സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ കവറിൽ ആക്കി നിക്ഷേപിക്കണം. 27 നു റിപ്പോർട്ട് കാർഡുകൾ നൽകും.

‘ട്രസ്റ്റ് എക്സാനിമേഷൻ’ എന്നാണു സ്കൂൾ അധികൃതർ നൽകിയിരിക്കുന്ന പേര്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊറോണയുടെ പ്രതികൂലാവസ്ഥ മറികടക്കാനുള്ള ശ്രമമായിരുന്നുവെന്നു പ്രിൻസിപ്പൽ പറഞ്ഞു.  ലൈഫ് വാലി സ്കൂളിലെ പഠനത്തിലൂടെ കുട്ടികളിൽ രൂപപ്പെടുന്ന നല്ല ഗുണങ്ങൾ കൂടി പരീക്ഷണ വിധേയമാക്കുകയായിരുന്നു ലക്ഷ്യം. മാതാപിതാക്കളും കുട്ടികളും നൂറുശതമാനം സത്യസന്ധതയോടെയും ആവേശത്തോടെയും പരീക്ഷയിൽ പങ്കെടുത്തു. പുതിയ പരീക്ഷണങ്ങൾ നടത്താൻ ഇതു പ്രചോദനമാണെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com