ADVERTISEMENT

കോവിഡ്–19 രോഗ ഭീഷണി ലോകം മുഴുവനും വ്യാപിക്കുമ്പോൾ ക്ലാസ്മുറികൾ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ സ്ക്രീനിലേക്കു ചുരുങ്ങുകയാണ്. ഇ–ലേണിങ്ങിനു കൂടി പങ്കാളിത്തമുള്ള ക്ലാസ് റൂം രീതിയിലേക്കു പഠനം മാറിയതിന്റെ ഗുണം സംസ്ഥാനത്തും പല വിദ്യാലയങ്ങൾക്കും ലഭിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് സ്കൂളുകൾ പൂട്ടിയതോടെ പല ഇ–ലേണിങ് പ്ലാറ്റ്ഫോമുകളും സൗജന്യ സേവനം വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ക്ലാസ്മുറികൾ അടച്ചിട്ട് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളാണ് നൽകുന്നത്. 

 

സൗജന്യ പഠനം നൽകി കമ്പനികൾ

13 രാജ്യങ്ങളിലെ 290 ദശലക്ഷം വിദ്യാർഥികളുടെ പഠനം കൊറോണ വൈറസ് തടസ്സപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം യുനെസ്കോ വ്യക്തമാക്കിയത്. എന്നാൽ കൂടുതൽ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈറസ് പേടിയിൽ അടയ്ക്കുമ്പോൾ വിദ്യാഭ്യാസം തടസ്സപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് സൗജന്യ വിദ്യാഭ്യാസ സൗകര്യങ്ങളുമായി ഓൺലൈൻ ലേണിങ് കമ്പനികൾ രംഗത്തെത്തിയത്.

 

ഓൺലൈൻ ലേണിങ് വമ്പനായ കോഴ്സ്ഇറ ജൂലൈ 31 വരെ, വൈറസ് വ്യാപന ഭീതിയിൽ അടച്ചിട്ട ലോകത്തിലെ എല്ലാ സർവകലാശാലകൾക്കും കോഴ്സ് കാറ്റലോഗുകൾ ലഭ്യമാക്കും. കോളജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഇതു സൗജന്യമായി പ്രയോജനപ്പെടുത്താം. സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസർമാർ ആരംഭിച്ച ഈ ഓൺലൈൻ ലേണിങ് കമ്പനിയിൽ ഇപ്പോൾ റജിസ്റ്റർ ചെയ്തിരിക്കുന്നത് 4.8 കോടി വിദ്യാർഥികളാണ്. ഇന്ത്യയിൽ 50 ലക്ഷം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കോഴ്സുകളും സ്പെഷൽ കോഴ്സുകളും ഡിഗ്രി കോഴ്സുകളും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും എല്ലാം കമ്പനി ഓൺലൈനിൽ നൽകുന്നുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമുണ്ട്.

 

ഇന്ത്യയിൽ സിംപ്ലിലേൺ, ബൈജൂസ്, അൺഅക്കാഡമി, മൈൻഡ്സ്‌സ്പാർക്, ടോപ്പർ തുടങ്ങിയ കമ്പനികളൊക്കെ സൗജന്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

സ്കൂളുകൾക്കൊപ്പവും എജ്യു ടെക്

സ്വതന്ത്ര ഇ–ലേണിങ് ആപ്പുകൾക്കപ്പുറത്തേക്ക് സ്കൂളുകളും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന എജ്യുടെക് കമ്പനികൾ ഏറെക്കാലമായി വൻ വിജയമാണ്. സ്കൂളുകളുടെ പാഠ്യ, പാഠ്യേതരപ്രവർത്തനങ്ങൾ സെറ്റ് ചെയ്യുന്നതു മുതൽ വിദ്യാർഥികളുടെ ഹോംവർക്കുകൾ പരിശോധിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ സഹായിക്കുന്ന കസ്റ്റമൈസ്ഡ് സർവീസുകളുമുണ്ട്. ഓൺലൈൻ ക്ലാസുകളും ഈ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. 

വിദ്യാർഥികളുടെ അഡ്മിഷൻ, ഫീസ് ഓട്ടമേഷൻ, വിദ്യാർഥികൾക്കായി കസ്റ്റമൈസ്ഡ് ഇ–പേയ്മെന്റ് സംവിധാനങ്ങൾ, ടൈംടേബിൾ, പരീക്ഷാ സമയക്രമങ്ങൾ തുടങ്ങി സ്കൂളുകളും കോളജുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും ഉൾക്കൊള്ളിച്ചാണ് ഇത്തരം ടെക് കമ്പനികൾ പ്രവർത്തിക്കുന്നത്.

 

1.2 കോടി സ്കൂൾ വിദ്യാർഥികളും 12000  സ്കൂളുകളും കമ്പനിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എജ്യുടെക് മേഖലയിലെ പ്രമുഖരായ നെക്സ്റ്റ് എജ്യുക്കേഷന്റെ സഹ സ്ഥാപകൻ രവീന്ദ്രനാഥ് കമ്മത്ത് പറയുന്നു. കോവിഡ് ഭീഷണി വരുംമുൻപുതന്നെ, ലൈവ് ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് അവർ. അടുത്ത കൊല്ലം ഈ സൗകര്യം വ്യാപകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com