ADVERTISEMENT

സംസ്ഥാനത്തെ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരടു ബിൽ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനു നിയമ വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറിയെ നിയോഗിച്ചു സർക്കാർ ഉത്തരവിറക്കി. 

 

സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരടു ബിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നേരത്തെ സർക്കാരിനു സമർപ്പിച്ചിരുന്നു. നിയമപരമായ പരിശോധന നടത്തി അതിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനു നിയമ വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറിയും സംസ്ഥാന പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ നിയമവിദഗ്ധനുമായിരുന്ന ജി.ജ്യോതിചൂഡനെയാണു സർക്കാർ നിയമിച്ചിരിക്കുന്നത്. 

 

വിവിധ സർവകലാശാലാ നിയമങ്ങളിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ മാറ്റി ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള കാലോചിത പരിഷ്ക്കാരം കൊണ്ടു വരുന്നതിനാണു നിയമം ഭേദഗതി ചെയ്യുന്നത്. സെക്രട്ടേറിയറ്റ് രീതിയിൽ ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോൾ സർവകലാശാലകളിൽ നടക്കുന്നതെന്നും അതിനെ അക്കാദമിക് രീതിയിലേക്കു മാറ്റണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദേശിക്കുന്നു. നേരത്തെ ഡോ.യു.ആർ.അനന്തമൂർത്തി കമ്മിഷൻ,പ്രഫ.കെ.അനന്തകൃഷ്ണൻ കമ്മിഷൻ എന്നിവരെ ഇതേക്കുറിച്ചു പഠിക്കാൻ കൗൺസിൽ നിയോഗിച്ചിരുന്നു.അവരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു കരടു ബിൽ തയാറാക്കിയിരിക്കുന്നത്. ഓരോ സർവകലാശാലയുടെയും അക്കാദമിക് വ്യക്തിത്വം നിലനിർത്തിക്കൊണ്ടു സമാനമായ കുറെ വ്യവസ്ഥകൾ കരടു ബില്ലി‍ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിൻഡിക്കറ്റിലെ കക്ഷി രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കുകയെന്നതും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ലക്ഷ്യമാണ്. 

 

നിയമപരമായ പരിശോധനയ്ക്കു ശേഷം ബില്ലിന് ഒരു മാസത്തിനുള്ളിൽ അന്തിമ രൂപം നൽകി സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കണമെന്നു സർക്കാർ ഉത്തരവിൽ പറയുന്നു. ജ്യോതിചൂഡന്റെ സേവന വേതന വ്യവസ്ഥകൾ പിന്നീടു നിശ്ചയിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com