ADVERTISEMENT

രാജ്യം അശോകചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ ആർ.ഹർഷനെ 13–ാം ചരമവാർഷിക വേളയിൽ അധ്യാപിക സുജാത എസ്.നായർ അനുസ്മരിക്കുന്നു

ഹർഷൻ ഇല്ലാത്ത 13 വർഷം. എങ്ങനെ വിശ്വസിക്കും പ്രിയപ്പെട്ടവർ! 

അച്ഛന്റെ ബുള്ളറ്റിൽ കയറി, ആ വിടർന്ന ചിരിയും സ്നേഹവുമായി പ്രിയപ്പെട്ട ‘അപ്പുടൂ’, നീ ഏതു നിമിഷവും ഓടിവരുമെന്നു ഞാനും കാത്തിരുന്നു പോകുന്നു... നീ സൃഷ്ടിച്ച ശൂന്യത നികത്തപ്പെടുന്നേയില്ല.

ഹോളി ഏഞ്ചൽസ് കോൺവെന്റിൽ രണ്ടു വർഷം ഞാൻ അവന്റെ ക്ലാസ് ടീച്ചറായിരുന്നു. അതിലുപരി, എന്റെ പ്രിയപ്പെട്ട കൂട്ടുകാരി വിജയാംബികയുടെ (റിട്ട. ഡപ്യൂട്ടി റജിസ്ട്രാർ, കേരള സർവകലാശാല). അനന്തരവൻ, എന്റെ കുടുംബാംഗം തന്നെയായിരുന്നു. സൈനിക് സ്കൂളിലേക്കു പ്രവേശന പരീക്ഷ എഴുതിയപ്പോൾ, ഹർഷന് നാലിൽ നിന്നു നേരെ പ്രവേശനം കിട്ടിയത് 6–ാം ക്ലാസിലേക്ക്! ഡബിൾ പ്രമോഷൻ! അതിൽ എനിക്കും അദ്ഭുതമില്ലായിരുന്നു. അത്ര മിടുക്കനായിരുന്നു അവൻ. സൈനിക് സ്കൂളിൽ പ്രവേശനം കിട്ടാനായി ആ അവധിക്കാലത്ത് അൻപതോളം നോട്ട്ബുക്കിൽ അവൻ കണക്കു ചെയ്തു പഠിച്ചത് എനിക്കറിയാം. 

പഠിച്ചിടത്തെല്ലാം അധ്യാപകരുടെ ഓമന. പരിചയപ്പെട്ടവർക്കെല്ലാം പ്രിയങ്കരൻ. അവൻ മകനായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അവർക്കെല്ലാം അവൻ മകനുമായി. അത്രയും വിനയവും സ്നേഹവും ഗുരുത്വവുമുള്ള ഒരു കുട്ടിയെ മുൻപും ശേഷവും  ഞാൻ കണ്ടിട്ടില്ല. 

കുട്ടിക്കാലത്തു വികൃതിയായിരുന്നു. പക്ഷേ, ക്ലാസിൽ ആരു കുഴപ്പം കാണിച്ചാലും ആ കുറ്റമേറ്റു, ശിക്ഷ വാങ്ങാൻ സന്നദ്ധനായി എഴുന്നേറ്റു നിൽക്കുന്ന ഹർഷനെയാണ് ഞാൻ എപ്പോഴും ഓർക്കുന്നത്. എത്ര ചോദിച്ചാലും അവൻ കൂട്ടുകാരെ ഒറ്റിക്കൊടുക്കില്ല. എത്ര കടുത്ത ശിക്ഷയും സഹിക്കും. അന്നേ അവൻ ധീരനായിരുന്നു, നായകനായിരുന്നു.  

Sanik_School
ഹർഷൻ കഴക്കൂട്ടം സൈനിക് സ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ (ഒന്നാം നിരയിൽ വലത്തേ അറ്റം)

സൈനിക് സ്കൂളിലും അവൻ മികവിന്റെ പ്രയാണം തുടർന്നു. സാഹിത്യം, ക്വിസ്, ഡിബേറ്റ്, ഡ്രാമ, അത്‌ലറ്റിക്സ്, വോളിബോൾ, ബാസ്കറ്റ് ബോൾ –ഒരിടത്തും അവൻ രണ്ടാമനായില്ല. അവൻ മത്സരിച്ചത് ഒന്നാം സ്ഥാനത്തിനു വേണ്ടിയായിരുന്നില്ല. മറിച്ച്, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ അവൻ മുന്നിൽ കുതിച്ചു. ബെസ്റ്റ് ഓൾ റൗണ്ടർ ആയാണ് അവൻ അവിടെ നിന്നു പുറത്തിറങ്ങിയത്.

മിലിറ്ററി അക്കാദമിയിലെ പരിശീലന കാലത്തും പിന്നെ സൈന്യത്തിൽ ക്യാപ്റ്റനായിരിക്കുമ്പോഴും അവധിക്കാലത്ത് അവൻ പഴയ അധ്യാപകരെയും സുഹൃത്തുക്കളെയുമെല്ലാം കാണാൻ ഓടിയെത്തി. സൈന്യം, ആയുധങ്ങൾ, യുദ്ധം – ബാലിശമായ എന്റെ സംശയങ്ങൾക്ക്, അവൻ എത്ര ക്ഷമയോടെയും ലളിതമായും കാര്യങ്ങൾ വിശദീകരിച്ചു തന്നു. അപ്പോൾ ഞാൻ ആ പ്രൈമറി ക്ലാസിലെ കുട്ടിയും അവൻ എന്റെ ടീച്ചറുമായി. 

ആറടി നാലിഞ്ച് ഉയരക്കാരൻ–നിന്നെ കാണാൻ ആകാശത്തേക്കു നോക്കണമെന്നു ഞാൻ കളി പറഞ്ഞിട്ടുണ്ട്. അതു സത്യമായി. നക്ഷത്രശോഭയോടെ അവൻ ആകാശത്തോളം തന്നെ ഉയർന്നു. 

അവസാനത്തെ മിലിറ്ററി ഓപ്പറേഷനിലും അവൻ തന്റെ നായകത്വം തെളിയിച്ചു. വെടിവച്ചു മുന്നോട്ടുവന്ന തീവ്രവാദികളെ നേരിടാൻ, ടീം അംഗങ്ങളെ ആരെയും വിട്ടുകൊടുക്കാതെ അവൻ തന്നെ മുന്നിലേക്കു കുതിച്ചു. ഒപ്പം നിൽക്കാൻ ഒരുമ്പെട്ട സഹായിയെ (ബഡി) അവൻ പിറകിലേക്കു തള്ളിയിട്ടു. തുടയിലും കഴുത്തിലും വെടിയുണ്ടകൾ ഏറ്റുവാങ്ങുമ്പോൾ തന്നെ തീവ്രവാദികളെ വെടിവച്ചിട്ടു, ഗ്രനേഡും പ്രയോഗിച്ചു മൂന്നാമനെ വീഴ്ത്തി. ആ ടീം അവന്റെ ധീരതയുടെ കഥ വിവരിച്ചപ്പോൾ, ഞാൻ എന്റെ ക്ലാസിൽ നെഞ്ചും വിരിച്ചു നിൽക്കാറുള്ള കുഞ്ഞുഹർഷനെ ഓർത്തു. ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടിവന്നാൽ, താൻ തന്നെയാകും ആദ്യ വെടിയുണ്ട ഏറ്റുവാങ്ങുകയെന്ന് എപ്പോഴേ അവൻ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടാകും.

poem
ആറാം ക്ലാസിൽ കഴക്കൂട്ടം സൈനിക് സ്കൂളിൽ പ്രവേശനം കിട്ടിയ ആർ.ഹർഷൻ സ്കൂൾ മാസികയിൽ എഴുതിയ കവിത

മണക്കാട് ഹർഷൻ നഗറിൽ (അതാണ് ഇപ്പോഴത്തെ പേര്) രാധാകൃഷ്ണൻ നായർ–ചിത്രാംബിക ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹർഷൻ. ഐഎഎസ് ഉദ്യോഗസ്ഥനായ ജ്യേഷ്ഠൻ ആർ.വ്യാസൻ ഡൽഹിയിൽ സെൻട്രൽ സെക്രട്ടേറിയറ്റിൽ ഫിനാൻസ് വിഭാഗത്തിൽ. അനുജൻ മനു ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ. ആ വീട് നിറയെ ഹർഷന്റെ നേട്ടങ്ങളും ഓർമകളുമാണ്. അവിടെയെത്തുന്ന കൂട്ടുകാർ പങ്കുവയ്ക്കുന്നത് അവന്റെ സ്നേഹത്തിന്റെ , ആത്മാർഥതയുടെ എത്രയെത്ര 

കഥകൾ! അവനെക്കുറിച്ച് അറിയാൻ വിദ്യാർഥികൾ ഉൾപ്പെടെ എത്രയോ പേർ അവിടെയെത്തുന്നു. പ്രിയ ഹർഷൻ, നിനക്കു മരണമില്ല. സ്നേഹത്തിന്റെയും ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി എത്രയോ ചെറുപ്പക്കാരെ നീ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com