ADVERTISEMENT

കോവിഡ് 19 ഭീഷണിയെത്തുടർന്ന് സ്കൂളുകളെല്ലാം അടച്ചിട്ടതിനാൽ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ തലസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഓൺലൈൻ ക്ലാസ് റൂമുകൾ. നാലാഞ്ചിറ സർവോദയ വിദ്യാലയം 12–ാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം തുടങ്ങിക്കഴിഞ്ഞു. ലാപ്ടോപ്, കംപ്യൂട്ടർ, സ്മാർട്ഫോൺ എന്നിവയും ഇന്റർനെറ്റ് കണക്‌ഷനും മതി. പ്ലേ സ്റ്റോറിൽ നിന്ന് ഇതിനായുള്ള ആപ് ഡൗൺലോഡ് ചെയ്യാനാകും. കുട്ടികളുടെ യൂസർ ഐഡിയും പാസ്‌വേഡും കൊടുത്താൽ ഈ സോഫ്റ്റ്‌വെയറിലേക്ക് കടക്കാം.

 

ക്ലാസ് റൂമിലേതുപോലെ അധ്യാപകരുടെ ക്ലാസുകൾ കാണാനും കേൾക്കാനുമാകും. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനുമുള്ള സൗകര്യവുമുണ്ട്. എത്ര കുട്ടികൾ ഇത്തരം ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട് എന്നു സ്കൂൾ അധികൃതർക്കു നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. 10–ാം ക്ലാസിലെ കുട്ടികൾക്കായി ക്ലാസ് നോട്ടുകൾ തയാറാക്കി പോർട്ടലിൽ ലഭ്യമാക്കാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ‌ക്കു പോർട്ടലിൽ നിന്നു ശേഖരിക്കാം.

 

സെന്റ് തോമസ് സ്കൂളിൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ പഠനം ഒരുക്കി. ട്രിവാൻഡ്രം ഇന്റർനാഷനൽ സ്കൂളിൽ ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് മാത്രമല്ല ചെറിയ ക്ലാസിലെ കുട്ടികൾക്കും എല്ലാ വിഷയത്തിനും ഗൂഗിൾ ക്ലാസ് റൂമുകൾ ഒരുക്കിക്കഴിഞ്ഞു. ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രോജക്ടുകളും അസൈൻമെന്റുകളും കുട്ടികൾക്ക് ഇമെയിൽ, വാട്സാപ് എന്നിവ വഴി നൽകിത്തുടങ്ങി. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ഓരോ വിഷയത്തിനും ഓരോ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കേരള യൂണിവേഴ്സിറ്റി പഠന വകുപ്പിലെ എംഎ വിദ്യാർഥികൾ ഓൺലൈൻ പഠനം ആരംഭിച്ചു. അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകനെ അല്ലെങ്കിൽ അധ്യാപികയെ മാത്രം കുട്ടികൾക്കൊപ്പം ഉൾപ്പെടുത്തി വ്യത്യസ്തമായ വാട്സാപ് ഗ്രൂപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിന്റെ തന്നെ പേരാണു ഗ്രൂപ്പിനും. ഒരു ക്ലാസിലെ വിദ്യാർഥികൾക്കെല്ലാം ആ പേപ്പർ സംബന്ധിച്ച ചർച്ചയിൽ ഏർപ്പെടാൻ ഇതു സഹായകമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com