ADVERTISEMENT

വിക്ടേഴ്സ് ചാനൽ വഴിയുള്ള, ഹയർ സെക്കൻഡറി ക്ലാസുകളിൽ ഉൾപ്പെടാത്ത 21 വിഷയങ്ങളുടെ ക്ലാസുകൾ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യാനൊരുങ്ങി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി (എസ്ഐഇടി). ജേണലിസം, ആന്ത്രപ്പോളജി, ഇസ്‌ലാമിക് ഹിസ്റ്ററി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളാണ് ദൂരദർശന്റെ ഡിഡി 4 ചാനലിലൂടെ നൽകുക. നിലവിൽ രാവിലെയും വൈകിട്ടും ഹൈസ്കൂൾ വിദ്യാർഥികൾക്കായി പാഠശാല എന്ന പേരിൽ അരമണിക്കൂർ വിദ്യാഭ്യാസ പരിപാടി ദൂരദർശനിലുണ്ട്. ഇതുപോലെ ഹയർ സെക്കൻഡറി വിഷയങ്ങളുടെ ക്ലാസുകളും നൽകാനാണു ശ്രമമെന്ന് എസ്ഐഇടി ഡയറക്ടർ ബി. അബുരാജ് പറഞ്ഞു. 

ക്ലാസുകൾ തയാറാക്കുന്നതിനും വിഡിയോ റെക്കോർഡിങ്ങിനും ഒരാഴ്ചയോളം മതിയാകുമെന്നും ജൂലൈ ആദ്യവാരത്തിൽ തന്നെ ക്ലാസുകൾ തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതു സംബന്ധിച്ചു ദൂരദർശൻ അധികൃതരുമായി ചർച്ചകൾ നടക്കുകയാണ്. അധ്യാപകരുടെ തിരഞ്ഞെടുപ്പും പുരോഗമിക്കുന്നു. 

എല്ലാ വിഷയങ്ങൾക്കും വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ ലഭിക്കാത്തത് റെയർ കോബിനേഷനുകൾ തിരഞ്ഞെടുത്ത വിദ്യാർഥികളെ ബാധിച്ചിരുന്നു. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോംബിനേഷനുകളിലെ വിഷയങ്ങളുടെ ക്ലാസുകൾ മാത്രമാണ് വിക്ടേഴ്സിലൂടെ ലഭിക്കുന്നത്. ആകെ 46 കോംബിനേഷനുകളാണ് ഹയർ സെക്കൻഡറിയിലുള്ളത്. 

ഇല്ല ;സംസ്കൃതം, ഉറുദു, അറബിക് 
ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ സംസ്കൃതം, അറബിക്, 5 മുതൽ 9 വരെ ക്ലാസുകളിലെ ഉറുദു എന്നീ വിഷയങ്ങളിലെ ടെലിവിഷൻ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ഇനിയും തുടങ്ങിയിട്ടില്ലെന്നു പരാതി. 10–ാം ക്ലാസിൽ മാത്രമാണ് ഈ വിഷയങ്ങളിൽ ഇപ്പോൾ ഓൺലൈൻ പഠനം നടക്കുന്നത്. 1 മുതൽ 9 വരെയുള്ള ക്ലാസ് തയാറാക്കാനായി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അധ്യാപകർക്കു ചുമതല നൽകിയെങ്കിലും പിന്നീട് അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. 10 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന വിഷയങ്ങളായിട്ടും വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. ഭാഷാധ്യാപക സംഘടനകൾ വെബ്സൈറ്റ് വഴി പഠനസൗകര്യമൊരുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com