ADVERTISEMENT

സാങ്കേതിക സർവകലാശാല (കെടിയു) നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ബിടെക് എട്ടാം സെമസ്റ്റർ വിദ്യാർഥികളുടെ 4 ദിവസത്തെ പരീക്ഷയാണു മാറ്റിയത്.

കോവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചാണു തീരുമാനമെന്നു വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. തൽക്കാലം പരീക്ഷ മാറ്റാനാണു തീരുമാനം. റദ്ദാക്കണമോയെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ബിടെക് 2,4,6 സെമസ്റ്റർ പരീക്ഷയുടെ കാര്യത്തിലും തീരുമാനമായില്ലെന്നു രാജശ്രീ പറഞ്ഞു.

പ്രോ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അധ്യക്ഷതയിൽ കൂടിയ സിൻഡിക്കറ്റിന്റെ പരീക്ഷാ സമിതിയാണു പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനയ്ക്കു സമർപ്പിക്കും. പരീക്ഷയുമായി മുന്നോട്ടു പോകുമെന്നു പ്രഖ്യാപിച്ചിരുന്ന സർവകലാശാല, കോവിഡ് സമൂഹ വ്യാപനം ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ വഴങ്ങിയത്. 

എംബിബിഎസ് പ്രാക്ടിക്കലും മാറ്റണമെന്ന് ആവശ്യം

അടുത്ത തിങ്കളാഴ്ച മുതൽ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് പ്രാക്ടിക്കൽ പരീക്ഷകളും കോവിഡ് കണക്കിലെടുത്തു മാറ്റിവയ്ക്കണമെന്നു വിദ്യാർഥികൾ. 4 ദിവസമെങ്കിലും ഹോസ്റ്റലിൽ കഴിയേണ്ടിവരുമെന്നും സുരക്ഷ ഉറപ്പാക്കുക അപ്രായോഗികമാണെന്നുമാണ് വാദം. അതേസമയം, പ്രാക്ടിക്കലുകൾക്കു നിലവിൽ മാറ്റമില്ലെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചു. ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾക്കു മാത്രമായി പിന്നീട് പ്രത്യേക ദിവസം അനുവദിക്കാവുന്നതാണെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com