ADVERTISEMENT

കൊടുക്കൽ - വാങ്ങലുകളും സേവനങ്ങളുമാണ് ഒരു നാടിന്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും കൊടുക്കൽ  വാങ്ങലുകൾ ഉള്ള അത്രേം കാലവും കൊമേഴ്സിനു പ്രാമുഖ്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് എല്ലാ കാലവും അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് നാടിൻ്റെ നിലനില്‍പ്പ് തന്നെ. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്ന ഇടമാണ്, പ്ലസ് ടു കൊമേഴ്‌സ് ക്ലാസ്സുമുറികൾ.

ഇൻഷൂറൻസ് അഡ്വൈസർ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍, ഡാറ്റാ അനലിസ്റ്റ് എന്നിങ്ങനെ ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്. 

കണക്കിനോട് വലിയ പ്രതിപത്തിയില്ലാത്തവർക്ക്, കണക്ക് ഒരു ഓപ്ഷനല്ലാതെയും പ്ലസ് ടു കൊമേഴ്‌സ് പഠിക്കാനുള്ള അവസരം, വിവിധ കൊമേഴ്സ് ഗ്രൂപ്പുകളിലുണ്ട്. 

കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം. കൊമേഴ്‌സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്(ബികോം), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്(ബിഎംഎസ്), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസ്(ബിബിഎസ്)എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാനുളള മുഖ്യ സാധ്യത.ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്‌സുകാര്‍ക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ്.

Daison_Panengadan

പ്ലസ് ടു തലത്തിൽ,കൊമേഴ്സ് പഠിയ്ക്കണമെന്ന് നിർബന്ധമില്ലെങ്കിലും പൊതുവിൽ ചാർട്ടഡ് എക്കൗണ്ടുമാരൊക്കെ കൊമേഴ്സ് പശ്ചാത്തലമുള്ളവർ തന്നെയാണ്. എക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ (സി.എ.) മൂന്നുഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷൻ  രജിസ്റ്റര്‍ ചെയ്യാം; പ്ലസ്ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷൻ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസ്സായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ആണ് സി.എ. പരീക്ഷകള്‍, അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്നത്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ, ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

English Summary : Career scope of Commerce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com