ADVERTISEMENT

നേരത്തെ സയൻസ് ഗ്രൂപ്പെന്നാൽ ഡോക്ടറും എൻജിനീയറുമെന്ന പ്രഫഷൻ മാത്രമാണ്, നമുക്കോർമ്മ വന്നിരുന്നതെങ്കിൽ ഇന്ന് പഠിതാക്കൾക്കു മുമ്പിൽ വലിയ സാധ്യതകൾ നിലവിലുണ്ട്. ശാസ്ത്രചിന്തയുടെയും ശാസ്ത്രം പഠിച്ചവരുടെയും പ്രധാന്യത്തെ കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത കോവിഡ് കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പൊയ്‌ക്കോണ്ടിരിക്കുന്നത്. 

Daison_Panengadan

ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഇക്കാലത്ത് നാമാശ്രയിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഖ്യ കൂട്ടര്‍. ഈ കൊറോണക്കാലത്ത്, ലോകമൊട്ടുക്കും ആകാംക്ഷയോടെ കാത്തിരിക്കുന്ന നല്ല വാർത്ത, കോവിഡിനെതിരായുള്ള പുതിയ വാക്‌സിൻ്റെ നിർമ്മിതി തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരെ നാം ബഹുമാനപുരസ്സരം വീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടും മണിക്കൂറുകൾ കൊണ്ടും പുത്തൻ സാങ്കേതിക വിദ്യകൾ  ഉപയോഗിച്ച് കൊറോണക്കാലത്തെ ജീവിതദുരിതം നീക്കാനുള്ള ശ്രമങ്ങൾ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചകൊണ്ട്, ചൈനയിൽ നിർമ്മിക്കപ്പെട്ട ബഹുനില കോവിഡ് കേന്ദ്രമൊക്കെ, അവരുടെ മികവിനെ എടുത്തു കാണിക്കുകയും ചെയ്യുന്നു.  സംശയം വേണ്ട ; ഇവരെല്ലാം പൊതുവെ സയന്‍സ് പശ്ചാത്തലമുള്ളവരാണ്. സയൻസു ഗ്രൂപ്പെന്നാൽ, എന്‍ജിനീയറും ഡോക്ടറും നഴ്‌സുമാണെന്ന പതിവ് ശൈലികൾ മാറ്റിയാൽ പോലും കരിയറിൽ, മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന വൈവിധ്യമാർന്ന പാതകളിലേക്കുള്ള തുടക്കം കൂടിയാണ്, സയന്‍സ് ഗ്രൂപ്പ്.അക്കാരണം കൊണ്ടു തന്നെയാകണം, സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ഏറ്റവും കൂടുതല്‍ സീറ്റുള്ളതും സയന്‍സ് ഗ്രൂപ്പിലാണ്.

മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ നിർബന്ധമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.എന്നാൽ കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയന്‍സ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ മെഡിക്കൽ പ്രാക്ടീഷനറാകാം. അലോപ്പതിയ്ക്കു (എം.ബി.ബി.എസ്.) പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി എന്നീ മെഡിക്കൽ കോഴ്സുകളും  ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍സ്, ഡെയറി സയൻസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ജനിറ്റിക്‌സ്, ബി.എസ്‌സി. നഴ്‌സിങ് തുടങ്ങിയ അനുബന്ധ കരിയറുകൾക്കും ബയോളജി സയൻസ് അനിവാര്യതയാണ്. ഇതിനു പുറമെ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ബിരുദത്തിന് ചേരാനും തുടർന്ന് ഗവേഷണ മേഖലയിൽ വ്യാപരിക്കാനുമുള്ള അവസരവും അവർക്കുണ്ട്.നമുക്കെല്ലാവർക്കുമറിയാവുന്നതു പോലെ ലോകമൊന്നടങ്കം, മലയാളികൾക്ക് ആതുരശ്രുശ്രൂഷാ മേഖലയിൽ വലിയ പ്രാമുഖ്യമുണ്ട്. ഡോക്ടറിൻ്റെ പ്രഫഷനുമപ്പുറത്ത്, വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി തുടങ്ങിയ പരമ്പരാഗത മേഖലകൾക്കു പുറമെ  ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി തുടങ്ങിയ ന്യൂ ജെൻ പാരാമെഡിക്കല്‍ കോഴ്‌സുകളും ഇന്നിൻ്റെ അനിവാര്യതയാണ്. ഗൾഫുുനാടുകളിലും യൂറോപ് - അമേരിക്ക തുടങ്ങിയ  ഭൂഖണ്ഡഡങ്ങളിലും ഉയർന്ന ശമ്പളത്തോടെ വിരാജിക്കുന്ന പാരാാമെഡിക്കലുകാർ, കുറെ പേർക്കെങ്കിലും സ്വപ്നതുല്യരാാണ്. ഇതിനു പുറമെ, ബയോളജിയുമായി ബന്ധപ്പെട്ട ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ വലിയ അവസരങ്ങൾ വിദ്യാർത്ഥികൾക്കുണ്ട്. 

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറിങ്ങിന് ചേരാനുള്ള അവസരമുണ്ട്. എല്ലാക്കാലത്തും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനമെന്ന് നിസ്സംശയം പറയാം. എന്‍ജിനീയർമാർക്കിപ്പോോൾ ഡിമാൻ്റില്ല; എന്നു പറയുമ്പോഴും, സ്കില്ലും എക്സലൻസും ഉള്ള എന്‍ജിനീയർമാർക്ക് ഇന്നും ഡിമാൻ്റും പ്ലേസ്മെൻ്റും ഇപ്പോഴും ഉണ്ടെന്ന കാര്യം മറക്കരുത്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ ഇപ്പോഴും വലിയ ഡിമാൻ്റുള്ള കോഴ്‌സുകളാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും കുറെെ കൂടി ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. ഈ മേഖലയിലെ വിവിധ ദേശീയ സ്ഥപനങ്ങളിലേക്കു നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കായും അവർ തയ്യാറെടുക്കേണ്ടതുണ്ട്. ഓരോ മേഖലയുമായി ബന്ധപ്പെട്ട പഠനത്തിനും രാജ്യാന്തര തലത്തിൽ തന്നെ ദേശീയ സ്ഥാപനങ്ങളുണ്ടെെന്ന കാര്യം വിദ്യാർത്ഥികൾ അറിഞ്ഞുു വെയ്ക്കണം.

എന്‍ജിനീയറിംഗിനൊപ്പം പ്രാമുഖ്യമുള്ളതാണ്, ഡിപ്ലോമ കോഴ്സുകൾ. പ്ലസ് ടുവിൽ  മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ ലാറ്ററൽ എൻട്രി വഴി, രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനമുണ്ട്.പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി എന്നിങ്ങനെ വലിയ പ്ലേസ്മെമെൻ്റ് സാധ്യതകളുള്ള  എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളിലും അവർക്കു ചേരാവുന്നതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ കേരളത്തിൽ തന്നെ ധാരാളം ലഭ്യമാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ., നേവൽ അക്കാദമി പോലുള്ള പരീക്ഷകൾ.

പൈലറ്റ് കോഴ്‌സിനു ചേരാനുള്ള അടിസ്ഥാന യോഗ്യത, ഫിസിക്‌സും കെമിസ്ട്രിയും മാത്‌സും പഠിച്ച  പ്ലസ് ടു കോഴ്സാണ്. ഇതോടൊപ്പം സയൻസ് വിഷയങ്ങളിലെ ഗവേഷണ സാധ്യതയും രാജ്യാന്തര നിലവാരമുള്ളതാണ്. സയൻസു ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകത, ബിരുദതലത്തിൽ എതു കോഴ്സ് തെരഞ്ഞെടുക്കാനും അവർക്കു സാധിക്കുമെന്നതാണ്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com