sections
MORE

പ്ലസ് വൺ പ്രവേശം: ഓൺലൈൻ അപേക്ഷ ഇന്നു മുതൽ

school_student
SHARE

കേരളത്തിൽ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്നു മുതൽ ഓഗസ്റ്റ് 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.

പ്രവേശന യോഗ്യത

എസ്എസ്എൽസി / പത്താം ക്ലാസ് / തുല്യ പരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി+’ ഗ്രേഡ് അഥവാ തുല്യ മാർക്ക് വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡുതല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പരിഗണിക്കുക. സ്കൂൾ / ബോർഡ് തല പരീക്ഷകളുണ്ടായിരുന്ന വർഷങ്ങളിൽ യോഗ്യത നേടിയ കുട്ടികളുടെ രക്ഷാകർത്താക്കൾ ഇക്കാര്യത്തിലെ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. സ്‌കൂൾതല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്കു പരിഗണിക്കും.

പ്രായം: 2020 ജൂൺ 1ന് 15 – 20. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽനിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്ക് കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് നിർദിഷ്ട അധികാരികളിൽ നിന്നു വാങ്ങാം. പട്ടികവിഭാഗക്കാർക്ക് 22. അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായ വെല്ലുവിളി നേടുന്നവർക്കും 25 വരെ.

അപേക്ഷ ഇങ്ങനെ

www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ PUBLIC ടാബിനു താഴെയുള്ള APPLY ONLINE – SWS ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രോസ്പെക്ടസിന്റെ 4,5,8 അനുബന്ധങ്ങളിൽ ഫോമിന്റെ മാത‍ൃകയും നിർദേശങ്ങളുമുണ്ട്. ഇത്തവണ രേഖകളൊന്നും അപ്‌‌ലോഡ് ചെയ്യേണ്ടാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാകും സിലക്‌ഷൻ. അപേക്ഷയിൽ തെറ്റുവരാതിരിക്കാൻ ശ്രദ്ധിക്കണം.

ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാനാകാത്തവർക്ക്, പഠിച്ച സ്കൂളിലെയോ സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും തേടാം. സംശയപരിഹാരത്തിന് ഈ സ്‌കൂളുകളിൽ ഹെൽപ് ഡെസ്‌ക് ഉണ്ട്.

മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ 2 അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിക്കുന്നതിനു തടസ്സമില്ല. ഇതിനു വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം.

ഓപ്ഷൻ പല വിധം
ഒരു സ്കൂളും ഒരു വിഷയ കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. പ്രോസ്പെക്ടസിന്റെ 7–ാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ കോംബിനേഷനുകളും (കോഴ്സ് കോഡ്) ഉണ്ട്. എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. പക്ഷേ, ഒട്ടും താൽപര്യമില്ലാത്തവ എഴുതാതിരിക്കുക. നിങ്ങൾ ചോദിച്ചിട്ടില്ലാത്ത ഓപ്‌ഷനിൽ ഒഴിവുണ്ടെങ്കിലും അതിൽ പ്രവേശനം കിട്ടില്ല. ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം തന്നാൽ, അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും. ഇത്രയൊക്കെ നിബന്ധനകളുള്ളതിനാൽ പരമാവധി ശ്രദ്ധിച്ച് ഓപ്‌ഷനുകൾ രേഖപ്പെടുത്തുക.

അപേക്ഷയിൽ നാം ഇഷ്‌ടപ്പെടുന്ന സ്‌കൂളുകളും ഐഛിക വിഷയങ്ങളുടെ കോംബിനേഷനുകളും മുൻഗണനാക്രമത്തിൽ അടുക്കി സമർപ്പിക്കാം. ഇഷ്ടപ്പെട്ട സ്ഥാപനത്തിലെ പ്രവേശനസാധ്യത അറിയാൻ, കഴിഞ്ഞ വർഷം പ്രവേശനം ലഭിച്ചവരിൽ അവസാന റാങ്കുകാരുടെ ഗ്രേഡ് പോയിന്റുകൾ ഇനംതിരിച്ചു വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ളതു നോക്കാം.

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ശാഖകളിലായി പല വിഷയങ്ങളുടെ 45 കോംബിനേഷനുകളുണ്ട്. ഇഷ്‌ടപ്പെട്ട കോംബിനേഷനുകൾ താൽപര്യമുള്ള സ്‌കൂളുകളിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ലിസ്‌റ്റുകളെല്ലാം പ്രോസ്‌പെക്‌ടസിലുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. ഇഷ്‌ടമുള്ളവ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് മുൻഗണനാക്രമത്തിൽ അടുക്കിയിട്ടു വേണം അപക്ഷയിലെ 24–ാം കോളത്തിലെ പട്ടിക പൂരിപ്പിക്കുന്നത്.

ഫോമിന്റെ പകർപ്പെടുത്ത് അതിൽ പൂരിപ്പിച്ച്, എല്ലാം ശരിയെന്ന് ഉറപ്പുവരുത്തിയിട്ട് ഫോമിൽ പകർത്തുന്നതാണു നല്ലത്. ഓപ്‌ഷനുകൾ തീരുമാനിക്കുന്നതിനു മുൻപ് രക്ഷാകർത്താക്കളോടും വിവരമുള്ള മുതിർന്നവരോടും ചർച്ചചെയ്യുക. പ്ലസ് വൺ പഠനം ജീവിതത്തിന്റെ വഴിതിരിയുന്ന ഘട്ടമാണ്. ഹ്യുമാനിറ്റീസോ കൊമേഴ്‌സോ എടുക്കുന്നവർക്ക് സയൻസ്, എൻജിനീയറിങ്, ടെക്നോളജി, മെഡിക്കൽ, അഗ്രികൾച്ചറൽ മേഖലകളിലേക്ക് ഒരിക്കലും കടക്കാൻ കഴിയില്ലെന്ന് ഓർക്കുക.

അപേക്ഷ സമർപ്പിച്ചു കഴിയുമ്പോൾ മൊബൈൽ ഒടിപിയിലൂടെ സുരക്ഷിത പാസ്‌വേഡ് നൽകിയുണ്ടാക്കുന്ന കാൻഡിഡേറ്റ് ലോഗിൻ വഴിയാണു തുടർന്നുള്ള പ്രവേശന നടപടികളെല്ലാം; അലോട്മെന്റ് അറിയൽ, ഓപ്ഷൻ സമർപ്പണം, ഫീസ് അടയ്ക്കൽ തുടങ്ങിയവ.

മാനേജ്‌മെന്റ് / അൺ എയ്ഡഡ് / കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ: ഈ വിഭാഗങ്ങളിലെ സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അവയിലേക്ക് അതതു മാനേജ്‌മെന്റ് നൽകുന്ന ഫോം പൂരിപ്പിച്ച് നിർദേശാനുസരണം സമർപ്പിക്കണം. സർക്കാരിന്റെ ഏകജാലക ഫോം ഇതിന് ഉപയോഗിക്കരുത്.

അലോട്മെന്റ്

അപേക്ഷാ സമർപ്പണത്തിൽ വീഴ്‌ച വന്നാൽ തിരുത്താൻ നിർദിഷ്ട സമയത്ത് അവസരം നൽകും. നാം വരുത്തിയ തെറ്റു കാരണം, ഉദ്ദേശിക്കാത്ത ഏതെങ്കിലും ഓപ്‌ഷനിലൂടെ ഇഷ്ടപ്പെടാത്ത സ്‌കൂളിലോ കോംബിനേഷനിലോ അലോട്‌മെന്റ് വന്നെന്നു കണ്ടാൽ ലോഗിൻ വഴി ഈ ഘട്ടത്തിൽ പിശകു തിരുത്താം. തുടർന്ന് 2 അലോട്മെന്റുകളടങ്ങുന്ന മുഖ്യ അലോട്‌മെന്റ് നടത്തും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്‌മെന്റുണ്ട്. ഇതിനുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷിച്ചിട്ട് മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും മുഖ്യ അപേക്ഷാ സമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും സ്‌കൂൾതല സിബിഎസ്‌ഇക്കാർക്കും ഈ സമയത്ത് അപേക്ഷ നൽകാം.

വിഎച്ച്എസ്ഇ പ്രവേശനം
വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളും ഇന്നുതുടങ്ങും. www.vhscap.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA