ADVERTISEMENT

ന്യൂഡൽഹി ∙ ‘എസ്കേപ് ഫോർവേഡ്’– പ്രതിസന്ധിയെ മാറ്റത്തിനുള്ള അവസരമാക്കുന്ന തന്ത്രമാണത്. കോവിഡ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുമ്പോൾ, അംഗനവാടി മുതൽ ഉന്നത പഠനം വരെയുള്ള മേഖലകളിൽ മാറ്റംകൊണ്ടുവരുന്ന പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ച് നരേന്ദ്ര മോദി സർക്കാരും ആ തന്ത്രം പ്രയോഗിക്കുന്നു. 1991 ലെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ, റാവു സർക്കാർ സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയതും ഇതേ തന്ത്രത്തിന്റെ പ്രയോഗമായിരുന്നു.

പുതിയ വിദ്യാഭ്യാസ നയം ഏതാനും വർഷങ്ങളായുള്ള ചർച്ചയുടെ ഫലമാണ്. 1992 ലെ നയം,1986 ലെ നയത്തിൽ ചില മിനുക്കു പണികൾ വരുത്തിയുള്ളതായിരുന്നു. അതുകൊണ്ടാണ്, 34 വർഷത്തിനു ശേഷമാണു പുതിയ നയമെന്ന വിലയിരുത്തൽ.

അടിത്തറ പണിയാൻ 10 വർഷം

പുതിയ സ്കൂൾ പാഠ്യപദ്ധതിയും അധ്യാപകർക്കുള്ള പാഠ്യപദ്ധതിയും 2020–21 ൽതന്നെ തയാറാക്കുമെന്നും 2030 ആകുമ്പോൾ സ്കൂൾ അധ്യാപകർക്കുള്ള മിനിമം യോഗ്യത 4 വർഷ ബിഎഡ് എന്നും നയത്തിൽ പറയുന്നു. നയപ്രകാരമുള്ള ലക്ഷ്യങ്ങൾക്ക് അടിത്തറ പണിയുന്നതുതന്നെ 10 വർഷം നീളുന്ന പ്രക്രിയയെന്നാണ് ഇതു നൽകുന്ന സൂചന. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാൽ അത് പിന്നെയും നീളും.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പലതും വിശദമായി വിലയിരുത്തിയാണ് കസ്തൂരിരംഗൻ സമിതി, പുതിയ നയത്തിനുള്ള ശുപാർശകൾ നൽകിയത്. അതുകൊണ്ടുതന്നെ സ്കൂൾ തലം മുതലേ നിർബന്ധിത തൊഴിൽ പരിശീലനം ഉൾപ്പെടെ വ്യക്തമായ ലക്ഷ്യമുള്ളതാണു പല നിർദേശങ്ങളും. സാങ്കേതിക കോഴ്സ് നടത്തുന്ന സ്ഥാപനം സ്വതന്ത്ര സർവകലാശാലയുടെ ഭാഗമെങ്കിൽ യുജിസിയുടെ കീഴിൽവരും, എംബിഎ കോഴ്സ് നടത്തുന്ന കോളജ് എഐസിടിഇയുടെ കീഴിൽ എന്നിങ്ങനെയുള്ള സങ്കീർണതകൾ നിലനിൽക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു മൊത്തത്തിലായി പൊതു നിയന്ത്രണ സംവിധാനം നിർദേശിച്ചിട്ടുള്ളത്. മാതൃ ഭാഷയിൽ പഠിച്ചുതുടങ്ങുന്നതിലുള്ള ഊന്നലിനൊപ്പം, ഭിന്നശേഷിക്കാർക്ക് വേണ്ടതായ കരുതലും നയത്തിൽ എടുത്തുപറയുന്നുണ്ട്.

തൊഴിലധിഷ്ഠിത പഠനരീതിക്ക് ഊന്നൽ

ജനസംഖ്യയിലെ 65 ശതമാനത്തിലേറെ തൊഴിൽപ്രായത്തിലുള്ളവരാണ്. എന്നാൽ, മനുഷ്യ മൂലധന സൂചികയിൽ ഇന്ത്യ താരതമ്യേന പിന്നിലും – ലോക ബാങ്ക് 2018 ൽ തയാറാക്കിയ 157 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 115ാമതാണ്. അപ്പോൾ, തൊഴിലധിഷ്ഠിത പഠനരീതിക്കുള്ള ഊന്നലിന്റെ കാരണം വ്യക്തം. പേറ്റന്റുകൾ നേടാനുൾ‌പ്പെടെ ബലമാകുന്ന ഗവേഷണങ്ങൾക്കു പ്രാധാന്യം നിർദേശിക്കുമ്പോൾ, പേറ്റന്റ് നേടുന്നതിൽ ചൈനയുൾപ്പെടെ കൈവരിച്ചിട്ടുള്ള മേൽക്കൈയും പരിഗണിച്ചിട്ടുണ്ട്. ബിരുദ കോഴ്സുകൾക്ക് ക്രെഡിറ്റ് സംവിധാനം കൊണ്ടുവരുമ്പോൾ, കോഴ്സ് നടത്തിക്കൊണ്ടുപോകാൻ വേണ്ടത്ര വിദ്യാർഥികളുണ്ടെന്ന് ഉറപ്പാക്കുന്നത് ഉൾപ്പെടെ വെല്ലുവിളികൾ ബാക്കി.

ബാധ്യത സംസ്ഥാനങ്ങൾക്ക്

മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6% വിദ്യാഭ്യാസ മേഖലയ്ക്കു നീക്കിവയ്ക്കണമെന്നത് 1964–66 ലെ വിദ്യാഭ്യാസ കമ്മിഷന്റെ ശുപാർശയായിരുന്നു. ഇപ്പോഴും അതേ ലക്ഷ്യം ആവർത്തിക്കുന്നു. മാറ്റങ്ങൾക്കു പണച്ചെലവുണ്ട്. ഏറെയും സംസ്ഥാനങ്ങൾ വഹിക്കണം. പക്ഷേ, മിക്ക സംസ്ഥാനങ്ങളുടെയും ധനസ്ഥിതി അനുകൂലമല്ല. കേരളംപോലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യവികസനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾക്ക് അടുത്തതലത്തിലേക്ക് നീങ്ങാനുള്ള പ്രത്യേക പരിഗണനയല്ല, പിന്നിലുള്ളവരെയും മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമമാണ് നയത്തിലൂടെ സൂചിപ്പിക്കുന്നത്.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സൗകര്യമൊരുക്കുന്നതിനൊപ്പം, വിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കു കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്. 

യുനെസ്കോയുടെ 2017 ലെ കണക്കനുസരിച്ച് ഇന്ത്യയിൽനിന്നു 3.32 ലക്ഷം വിദ്യാർഥികളാണു വിദേശത്തു പഠിക്കാൻ പോയത്. അടിസ്ഥാനസൗകര്യം മാത്രം പോര, മെച്ചപ്പെട്ട അധ്യാപകരുമുണ്ടെങ്കിലേ പുറത്തേക്കുള്ള ഒഴുക്കു തടയാനാവൂ. ലക്ഷ്യങ്ങൾ മികച്ചതാകുമ്പോഴും നടപ്പാക്കൽ ശ്രമകരമായ നിർദേശങ്ങളാണ് പുതിയ നയത്തിലുള്ളത്.

English Summary : National Education Policy 2020 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com