ADVERTISEMENT

‘‘വിജയാ, നിന്നെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ഒന്നു വായിക്കണം. അപാകത ഉണ്ടെങ്കിൽ പറയണം.’’– വായിച്ചശേഷം കഥാനായകന്റെ മറുവിളി: ‘‘മാഷേ, സംഭവം കലക്കീട്ടാ. ഞാൻ കൂട്ടുകാർക്കെല്ലാം അയച്ചു. അവരത് വാട്‌സാപ് ഗ്രൂപ്പിൽ വൈറലാക്കീണ്ട്...’’ പറയുന്നത് സാക്ഷാൽ ഐ.എം.വിജയൻ. 85ൽ പ്രിയ ശിഷ്യന്റെ വിജയക്കുതിപ്പിനു നേർസാക്ഷിയായ ഗുരുനാഥനാണ് ഫോണിന്റെ അങ്ങേത്തലയ്ക്കൽ. ചങ്കരത്ത് പുത്തൻവീട്ടിൽ ഗോപിനാഥൻ എന്ന ഒട്ടേറെ ശിഷ്യരുടെ പ്രിയപ്പെട്ട ഗോപി മാഷ്. സിഎംഎസ് സ്‌കൂളിലെ 34 വർഷത്തെ അധ്യാപക സേവനത്തിനു ശേഷം മാഷ് സ്വന്തം ശിഷ്യരുടെ ജീവിതകഥ എഴുതുകയാണ്. വ്യത്യസ്തരായ വിദ്യാർഥികൾ, ജീവിത സാഹചര്യങ്ങൾ, പ്രതിസന്ധികൾ, പോരാട്ടങ്ങൾ, അതിജീവനം തുടങ്ങി ഒരോ ജീവിത അധ്യായവും പ്രചോദനാത്മകമായി പകർത്തുകയാണ് ഗോപി മാഷ്. ഒപ്പം, ശിഷ്യരാൽ സ്വയം തിരുത്തിയ അനുഭവങ്ങളും. ഓരോ കഥയും എഴുതി തീർന്നാൽ ആ കഥയിലെ കഥാനായകൻ തന്നെയാണ് ആദ്യം വായിക്കുക. ശിഷ്യരെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ തന്റെ എഴുത്തിൽ ഉണ്ടാകരുതെന്ന് ഗുരുവിന് ശാഠ്യം. നാനാദിക്കിലുള്ള ശിഷ്യഗണങ്ങളുടെ പ്രോത്സാഹനത്തിൽ പ്രഥമ പുസ്തകം പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഗോപി മാഷ്. 25 അധ്യായങ്ങൾ പൂർത്തിയായി. 

‘അങ്ങനെ ഞാൻ എഴുതി’ 

3 വർഷം മുൻപാണ് എഴുത്തിന്റെ തുടക്കം. അതിനു കാരണമായത് 32 വർഷത്തിനു ശേഷമുള്ള ഒരു വിളിയും. ‘‘മാഷേ, ഞാൻ ജെൽസനാണ്. എന്നെ അറിയോ?’’ ‘‘'ജെൽസൻ ജെ.ആളൂർ ആണോ?’’ എന്ന മാഷിന്റെ മറുചോദ്യത്തിൽ പഴയ ആ കുറുമ്പുകാരന്റെ ശബ്ദമിടറി. ക്ലാസിൽ കയറാതെ കറങ്ങിനടന്നതിന് ജീവിതത്തിൽ ഒരിക്കൽ തനിക്കു കടുപ്പത്തിൽ ശിക്ഷിക്കേണ്ടി വന്ന വിദ്യാർഥി ഇതാ പറയുന്നു, ‘‘മാഷേ, ആ ശിക്ഷയിലാണു ഞാൻ രക്ഷപ്പെട്ടത്’’. പഴയതെല്ലാം ഓർത്തെടുത്തപ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നനഞ്ഞു. ഓർമകളുടെ ഓരത്തിരുന്ന് എഴുത്തിന്റെ ഓളങ്ങൾ തുഴഞ്ഞു തുടങ്ങിയപ്പോൾ ആദ്യ അധ്യായത്തിന് തലക്കെട്ടായി: ‘അങ്ങനെ ഞാൻ എഴുതി’. 

സ്‌നേഹമൂറുന്ന ഓരോ വിളിയും ഒരു ജീവിത അധ്യായം തുറക്കും. ‘ദേവഭൂമിയിലൂടെ ഒരു സ്വപ്‌നയാത്ര’ എന്ന ആദ്യ യാത്രാവിവരണം തുടങ്ങുന്നതും അങ്ങനെയാണ്. വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഗോപി മാഷിനെ സകുടുംബം വലിയൊരു തീർഥാടനത്തിനു ക്ഷണിച്ചുകൊണ്ട് ഹരിദ്വാറിൽ നിന്ന് സീനിയർ പൊലീസ് സൂപ്രണ്ടിന്റെ വിളി. 90ലെ എസ്എസ്എൽസി ബാച്ചിലെ മിടുക്കനായ വിദ്യാർഥി പൂത്തോൾ സ്വദേശി വി.കെ.കൃഷ്ണകുമാർ ആയിരുന്നു അത്. അങ്ങനെ ഭൂമിശാസ്ത്രം അധ്യാപകൻ കാലങ്ങളായി വിദ്യാർഥികളെ പഠിപ്പിച്ച ഉത്തര പർവത മേഖല ആദ്യമായി നേരിൽക്കണ്ടു. 

വിജയക്കുതിപ്പിന്റെ ആദ്യ ചുവടുകൾ 

ക്ലാസിൽ നിന്ന് കളിക്കാനായി മുങ്ങുന്ന പയ്യനെ മാഷ് നോട്ടമിട്ടിരുന്നു. ‘‘അവനെ തടയണ്ട മാഷേ, നല്ല കള്യാണ്...അതവന്റെ ജീവിതമാണ്’’–  കായികാധ്യാപകൻ അന്തോണിയിൽ നിന്നാണ് ഗോപിനാഥൻ ഐ.എം.വിജയനിലെ ഫുട്‌ബോളറെ അറിയുന്നത്. ചെറുതുരുത്തിയിൽ ഒരു ടൂർണമെന്റിൽ ജഴ്സിയിൽ  കളിക്കാനിറങ്ങിയ എല്ലും തോലുമായ പ്രിയശിഷ്യനെ കണ്ട് പണം മുടക്കിയവർ ബഹളം വച്ചതും ഒടുവിൽ, പ്രതിഭയുടെ മാറ്ററിയിച്ച ഒരു നിമിഷത്തിൽ വിജയന്റെ ആദ്യ ഗോൾ വലയെ ചുംബിച്ചപ്പോൾ ഗാലറിയിൽ ഇരുന്ന് സന്തോഷത്തോടെ കണ്ണു തുടച്ചതും വായനക്കാരെയും ഈറനണിയിക്കുന്ന ഓർമകളാണ്. 

വഴിത്തിരിവായ ചിത്രം 

ശിഷ്യൻ ഗുരുവിന് എങ്ങനെ പാഠമാകും എന്ന് വരച്ചിടുന്നുമുണ്ട് ഗോപിനാഥൻ. ഉച്ചയൂണു കഴിഞ്ഞാൽ സിഗരറ്റു വലിച്ചിരുന്ന തന്നെ ബോർഡിൽ വരച്ചിട്ട ക്ലാസിലെ ചിത്രകാരൻ  ഷൈൻ മാത്യു അമ്പൂക്കൻ ആണ് ആ കഥയിലെ കഥാപാത്രം. അടിമുടി പെരുത്ത ദേഷ്യത്തിൽ സ്റ്റാഫ് റൂമിൽ പോയി ചൂരലെടുക്കാൻ ആജ്ഞാപിച്ചതും ചൂരലെത്തുന്നതിനിടെ ദേഷ്യം വായുവിൽ അലിഞ്ഞു പോയതും മാഷ് എഴുതുന്നു. അങ്ങനെ 93'ൽ സിഗരറ്റ് വലി എന്ന ദുശ്ശീലം കുറ്റിയറ്റു പോയി. 

കഥ തുടരുകയാണ്... 

ശിഷ്യർ ഓരോരുത്തരുടെയും ജീവിതം മാഷിന് കാണാപ്പാഠമാണ്. അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്നിട്ടും പോരാടി വിജയിച്ച പീഡിയാട്രീഷ്യൻ ഡോ.സിജു, ഫെരാരി കമ്പനിയുടെ ലോകത്തെ മികച്ച ടെക്‌നീഷ്യൻമാരുടെ മത്സരത്തിൽ ജേതാവായ ജസ്റ്റിൻ...സിദ്ധിയും സാധനയും കൊണ്ടു മാതൃകയായ ഒട്ടേറെ വിദ്യാർഥികൾ ഗുരുവിന്റെ തൂലികയാൽ നായകന്മാരായി മാറുകയാണ്. സഹപ്രവർത്തകരുടെ അനുഭവ കഥകൾക്കും വരവൂർ എന്ന സ്വന്തം ഗ്രാമത്തിന്റെ നാട്ടുവർത്തമാനങ്ങൾക്കും എഴുത്തിൽ ഇടം നൽകിയിട്ടുണ്ട്. രാമവർമപുരം ഡയറ്റിലെ ഗണിതശാസ്ത്രം അധ്യാപികയായ ഭാര്യ അനിതയും മക്കളായ വരദയും ദേവികയും മരുമകൻ രാഗേഷുമാണ് എഴുത്തിൽ ഗോപി മാഷിന് പ്രോത്സാഹനം. മാഷിനു പിന്തുണയായി കൂട്ടായ്മ ഒരുക്കാനുള്ള തയാറെടുപ്പിലാണു കഥകൾക്ക് ഊർജമായ ശിഷ്യർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com