ADVERTISEMENT

സംസ്ഥാനത്ത് 98 പോളിടെക്നിക്കുകളിലെ 24,370 എൻജിനീയറിങ് ഡിപ്ലോമ സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൊമേഴ്‌സ് / മാനേജ്‌മെന്റ് കൈവഴിയിൽ അടക്കം എല്ലാ കോഴ്സുകളും 3 വർഷം. ടൂൾ ആൻഡ് ഡൈ കോഴ്സിനു മാത്രം പഠനശേഷം 12 മാസം ഇൻപ്ലാന്റ് ട്രെയിനിങ്.

www.polyadmission.org വെബ്‌സൈറ്റിൽ നിന്നു പ്രോസ്‌പെക്ടസ് ഡൗൺലോഡ് ചെയ്യാം. 19ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ പ്രയാസമുള്ളവരെ സഹായിക്കാൻ എല്ലാ പോളിടെക്‌നിക്കുകളിലും സൗജന്യ ഹെൽപ് ‍ഡെസ്‌ക്കുണ്ട്. 22ലെ ട്രയൽ അലോട്മെന്റിനുശേഷം മുൻഗണനാക്രമം മാറ്റി സമർപ്പിക്കാൻ സമയം നൽകും.

 സീറ്റുകൾ

∙ 51 സർക്കാർ / എയ്ഡഡ് കോളജ്: 11,760 സീറ്റ്

∙ 8 ഐഎച്ച്ആർഡി സർക്കാർ–നിയന്ത്രിത സ്വാശ്രയം: 1430

∙ ഒരു സർക്കാർ–നിയന്ത്രിത സ്വാശ്രയം (കെൽട്രാക്): 60

∙ 38 സ്വകാര്യസ്വാശ്രയം: 5560 സർക്കാർ + 5560 മാനേജ്മെന്റ്

എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിൽ 15 % മാനേജ്‌മെന്റ് ക്വോട്ടയുണ്ട്. എല്ലാ പോളിടെക്നിക്കുകളിലും പെൺകുട്ടികൾക്കും പ്രവേശനമുണ്ടെങ്കിലും, 7 സർക്കാർ സ്‌ഥാപനങ്ങൾ വനിതാ പോളിടെക്‌നിക്കുകളായി നിലനിർത്തിയിരിക്കുന്നു– തിരുവനന്തപുരം, കായംകുളം, എറണാകുളം, തൃശൂർ, കോട്ടയ്‌ക്കൽ, കോഴിക്കോട്, പയ്യന്നൂർ എന്നിവ.

 

പഠനശാഖകൾ

രണ്ടു കൈവഴികളിലായാണ് 23 പഠനശാഖകൾ:

1) ഡിപ്ലോമ ഇൻ എൻജിനീയറിങ് / ടെക്നോളജി : സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഐടി, ആർക്കിടെക്ചർ തുടങ്ങി 21 ശാഖകൾ

2) ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് & ബിസിനസ് മാനേജ്‌മെന്റ് – 2 ശാഖകൾ

 

പ്രവേശനയോഗ്യത

ഉപരിപഠനത്തിന് അർഹതയോടെ രണ്ടു ചാൻസിനകം എസ്‌എസ്‌എൽസി / ടിഎച്ച്എസ്എൽസി / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മാത്‌സും സയൻസും പഠിച്ചവർക്ക് എൻജിനീയറിങ്, കൊമേഴ്സ് എന്നീ രണ്ടു കൈവഴികളിലേക്കും ശ്രമിക്കാം. മാത്‌സ് പഠിച്ചെങ്കിലും മറ്റു സയൻസ് ‌വിഷയങ്ങൾ പഠിക്കാത്തവർക്കു കൊമേഴ്സ് കൈവഴിയിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ.

സേ / ബെറ്റർമെന്റ് അധിക ചാൻസല്ല. സിബിഎസ്ഇക്കാർ ബോർഡ് പരീക്ഷ ജയിച്ചിരിക്കണം. പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാർഥികൾക്കു പ്രത്യേക പരിഗണന.

 

പത്താം ക്ലാസിലെ ഗ്രേഡ് പോയിന്റ് നോക്കി സിലക്‌ഷൻ.

സാമുദായിക, സാമ്പത്തിക സംവരണത്തിനു പുറമേ ടിഎച്ച്‌എസ്‌എൽസിക്കാർക്ക് എൻജിനീയറിങ് / ടെക്‌നോളജി ശാഖകളിൽ 10 % സീറ്റുണ്ട്. വിഎച്ച്‌എസ്‌ഇക്കാർക്ക് അർഹതയുള്ള ശാഖകളിൽ 2 %, ഭിന്നശേഷിക്കാർക്ക് 5 % എന്ന തോതിൽ എല്ലാ ശാഖകളിലും സംവരണമുണ്ട്. കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ കവിയാത്തവർക്കു ട്യൂഷൻ ഫീ–വെയ്‌വർ പദ്ധതിപ്രകാരം 5 % കൂടുതൽ സീറ്റുകളുണ്ട്.

 

30 ഓപ്ഷൻ വരെ

സർക്കാർ / എയ്ഡഡ് 85% / ഐഎച്ച്ആർഡി സർക്കാർ–നിയന്ത്രിത സ്വാശ്രയം (കൂടിയ ഫീസ്) / സ്വാശ്രയത്തിലെ സർക്കാർ സീറ്റുകൾ (കൂടിയ ഫീസ്) / കേൾവിത്തകരാർ എന്നിവയ്ക്ക് ഒറ്റയപേക്ഷ വെബ്‌സൈറ്റിലെ ONLINE SUBMISSION ലിങ്ക് വഴി സമർപ്പിക്കാം. അപേക്ഷാഫീ 150 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം 75 രൂപ. അപേക്ഷ സ്വീകരിച്ച വിവരം എസ്എംഎസ്‌ വഴി അറിയിക്കും.

 

സ്പോർട്സ്, എൻസിസി ക്വോട്ട അപേക്ഷകളും ഇതേ സൈറ്റിൽ നൽകാം. എയ്ഡഡ് 15 % മാനേജ്മെന്റ് / സ്വകാര്യ കോളജ് സ്വാശ്രയ സീറ്റുകളിലേക്ക് അതതു സഥാപനത്തിലെ വ്യവസ്‌ഥയനുസരിച്ച് വേറെ അപേക്ഷിക്കണം. അവ ഈ വെബ്സൈറ്റിലില്ല.

 

അപേക്ഷിക്കും മുൻപ് സ്‌ഥാപനങ്ങളെയും പഠനശാഖകളെയും പറ്റി പ്രോസ്‌പെക്ടസ് വായിച്ചു മനസ്സിലാക്കണം. മുൻഗണനാക്രമം വ്യക്‌തമായി തീരുമാനിച്ച് എഴുതിവച്ചിട്ടു മാത്രമേ അപേക്ഷ നൽകാവൂ. 30 ഓപ്ഷൻ വരെയാകാം. ഒരു പോളിടെക്നിക് കോളജും ഒരു കോഴ്സും ചേർന്നതാണ് ഒരു ഓപ്ഷൻ. അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കുക. ഹാർഡ് കോപ്പി അയയ്ക്കേണ്ട.

 

60 ഡിബിയെങ്കിലും കേൾവിപ്രശ്നമുള്ള കുട്ടികൾക്ക് ഏതാനും സർക്കാർ പോളിടെക്‌നിക്കുകളിൽ സീറ്റ് സംവരണമുണ്ട്.

 

 ബിടെക്കിലേക്കും

ഡിപ്ലോമ നേടിയവർക്ക് ജോലിയിലിരുന്നു കൊണ്ട് സായാഹ്ന ക്ലാസുകൾ വഴി ബിടെക് സമ്പാദിക്കാം. ബിടെക് പ്രോഗ്രാമിലെ രണ്ടാം വർഷ ക്ലാസിൽ ‘ലാറ്ററൽ എൻട്രി’ വഴി കടന്നെത്തി ബിരുദം നേടാം. ബിആർക് പ്രവേശനത്തിനും ജെഇഇ അഡ്വാൻസ്ഡ്‌ വഴി ഐഐടി പ്രവേശനത്തിനും ശ്രമിക്കാൻ ഡിപ്ലോമ മതി. ഒട്ടുമിക്ക കാര്യങ്ങൾക്കും ബിടെക്കിനോടു തുല്യമായി പരിഗണിക്കാറുള്ള ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ്, സ്വകാര്യപഠനം വഴി നേടുകയുമാവാം.

English Summary: Polytechnic Admission 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com