പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ; നിശ്ചയദാർഢ്യത്തിന് കയ്യടിച്ച് ലോകം

HIGHLIGHTS
  • കോവിഡ് മഹാമാരിയാണ് ബ്രിയാനയുടെ പരീക്ഷയും പ്രസവവുമൊക്കെ ഒരേ സമയത്ത് കൂട്ടിമുട്ടിച്ചത്
brianna-hill
Photo Credit : Social Media
SHARE

കല്യാണത്തിനിടെ പരീക്ഷ എഴുതാന്‍ വന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ടാകാം. കല്യാണ വേഷത്തില്‍ പരീക്ഷാ ഹാളിലെത്തിയ വധൂവരന്മാരുടെ ചിത്രങ്ങളും  പത്രങ്ങളില്‍ പലവട്ടം കണ്ടിട്ടുണ്ട്. എന്നാല്‍ പ്രസവത്തിനിടെ പരീക്ഷയെഴുതി ലോകത്തുള്ള സകലരെയും ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ യുവതി ബ്രിയാന ഹില്‍. 

ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ വിദ്യാർഥിനിയായ ബ്രിയാന  ബാര്‍ എക്‌സാമാണ് പ്രസവത്തിനിടെ പൂര്‍ത്തിയാക്കിയത്. രണ്ടു ദിവസമായി നടന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ ആദ്യ ഭാഗം പ്രവസത്തിനു തൊട്ട് മുന്‍പും രണ്ടാം ഭാഗം പ്രസവത്തിനു ശേഷം കുഞ്ഞിനെ ഇടയ്ക്ക് മുലയൂട്ടിക്കൊണ്ടുമാണ് ബ്രിയാന പൂര്‍ത്തിയാക്കിയത്. 

കോവിഡ് മഹാമാരിയാണ് ബ്രിയാനയുടെ പരീക്ഷയും പ്രസവവുമൊക്കെ ഒരേ സമയത്ത് കൂട്ടിമുട്ടിച്ചത്. ബാര്‍ എക്‌സാം എത്തുമ്പോഴേക്കും തനിക്ക് 28 ആഴ്ചത്തെ ഗര്‍ഭമാകുമെന്നായിരുന്നു ബ്രിയാനയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ കോവിഡ് കാരണം പരീക്ഷ ഒക്ടോബറിലേക്ക് നീട്ടിയതോടെ ബ്രിയാനയുടെ പ്രസവത്തിന്റെ 38-ാം ആഴ്ച തന്നെ പരീക്ഷയെത്തി. ആശുപത്രിക്കിടക്കയില്‍ നിന്നാകും തന്റെ പരീക്ഷയെന്ന് തമാശയ്ക്ക് പറഞ്ഞിരുന്നത് ബ്രിയാനയ്ക്ക് യാഥാര്‍ത്ഥ്യമായി. 

ഓണ്‍ലൈനായി പരീക്ഷയുടെ ആദ്യ ഭാഗം എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ബ്രിയാനയുടെ പ്രസവവേദന ആരംഭിക്കുന്നത്. ഇടയ്ക്കിടെ ശുചിമുറിയില്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും കംപ്യൂട്ടറിന് മുന്നില്‍ നിന്നെഴുന്നേറ്റാല്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചതായി കണക്കാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതോടെ വേദന കടിച്ചു പിടിച്ച് ആദ്യ സെക്ഷന്‍ പൂര്‍ത്തിയാക്കി. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് സ്വയം വൃത്തിയാക്കുകയും ഭര്‍ത്താവിനെയും അമ്മയെയും മിഡ് വൈഫിനെയുമെല്ലാം വിളിച്ചു വരുത്തുകയും ചെയ്തു. ആശുപത്രിയില്‍ പ്രസവത്തിനായി ചെല്ലാന്‍ ഇനിയും സമയമുണ്ടെന്ന് മിഡ് വൈഫ് അറിയിച്ചപ്പോള്‍ രണ്ടാം സെക്ഷനും കൂടി പൂര്‍ത്തിയാക്കാനിരുന്നു. 

ഇതും തീര്‍ത്ത് വൈകുന്നേരം അഞ്ചരയോടെയാണ് ബ്രിയാന ആശുപത്രിയിലേക്ക് പോകുന്നത്. രാത്രി 10 മണിയോടെ ഓമന മകന്‍ കാഷ്യസ് ഫിലിപ്പ് ആന്‍ഡ്രൂ പിറന്നു. കുഞ്ഞ് പിറന്ന് 24 മണിക്കൂറിനകം പരീക്ഷയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനും ബ്രിയാന ഉറപ്പിച്ചു. 

പിറ്റേന്ന് നടക്കുന്ന പരീക്ഷയ്ക്കായി ആശുപത്രി അധികൃതര്‍ ഒരു സ്വകാര്യ മുറി ബ്രിയാനയ്ക്ക് അനുവദിച്ചു. വാതിലില്‍ ശല്യപ്പെടുത്തരുത് എന്ന ബോര്‍ഡും തൂക്കി. അവിടെയിരുന്ന് ബ്രിയാന ആ ദിവസത്തെ പരീക്ഷയും പൂര്‍ത്തിയാക്കി. ഇടയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു. 

നിരവധി പേരാണ് ബ്രിയാനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിലെത്തിയത്. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ബ്രിയാനയെ സൂപ്പര്‍ മോം എന്ന് ജനം വാഴ്ത്തി. അതേ സമയം ഗര്‍ഭിണിക്ക് പരീക്ഷയ്ക്ക് ഇളവ് അനുവദിക്കാത്ത ബാര്‍ അസോസിയേഷന്‍ നടപടിയെയും പലരും വിമര്‍ശിച്ചു. മാസങ്ങളായി തയ്യാറെടുത്ത പരീക്ഷ എഴുതാന്‍ കഴിയാതെയായാല്‍ പിന്നെ വീണ്ടും അടുത്ത ഫെബ്രുവരി വരെ ബ്രിയാന കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇതാണ് പ്രസവം വകവെയ്ക്കാതെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ ബ്രിയാനയെ പ്രേരിപ്പിച്ചത്.

English Summary: Woman Writes Exam While In Labour, Gives Birth And Continues

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA