ADVERTISEMENT

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15 % സീറ്റിലേക്ക് രാജ്യത്ത് എവിടെനിന്നുള്ളവർക്കും ജന്മസ്ഥലം പരിഗണിക്കാതെ പ്രവേശനം തേടാമെന്നു കഴിഞ്ഞദിവസമിറങ്ങിയ മെഡിക്കൽ പ്രവേശന വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഇതു കേരളീയരായ വിദ്യാർഥികളുടെ പ്രവേശന സാധ്യതയെ ബാധിക്കും.

 

ഇത്തരമൊരു ആവശ്യം ഉന്നയിച്ചു സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ജന്മസ്ഥലം പരിഗണിക്കാതെ അപേക്ഷിക്കാൻ അവസരം നൽകണമെന്നു കോടതി വിധിച്ചിരുന്നു. എന്നാൽ നിശ്ചിത ശതമാനം സീറ്റ് നീക്കി വയ്ക്കണമെന്നു കോടതി പറഞ്ഞിരുന്നില്ല. 15 % സീറ്റ് നീക്കി വച്ചാൽ 225–250 എംബിബിഎസ് സീറ്റിലെങ്കിലും മറ്റു സംസ്ഥാനക്കാർക്കു പ്രവേശനം തേടാം. തങ്ങളുടെ കോളജുകളിൽ 15% സീറ്റ് ഇങ്ങനെ നീക്കി വയ്ക്കാനാവില്ലെന്നു 4 ക്രിസ്ത്യൻ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിച്ചു.

 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വ്യക്തത ആവശ്യപ്പെട്ടു പ്രവേശനപരീക്ഷാ കമ്മിഷണർ സർക്കാരിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 15% എൻആർഐ സീറ്റിനു പുറമേ 15% സീറ്റ് സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവർക്കു കൂടി നീക്കിവച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലെ 100 എംബിബിഎസ് സീറ്റിൽ 50 എണ്ണം കമ്യൂണിറ്റി സീറ്റും 15 എണ്ണം എൻആർഐ സീറ്റുമാണ്. ശേഷിക്കുന്ന 35 മെറിറ്റ് സീറ്റിൽ നിന്നാണ് 15 സീറ്റ് മറ്റു സംസ്ഥാനക്കാർക്കു നൽകേണ്ടത്. ഈ സാഹചര്യത്തിലാണ് തങ്ങൾക്കു 15% സീറ്റ് നീക്കി വയ്ക്കാനാവില്ലെന്നു ക്രിസ്ത്യൻ മാനേജ്മെന്റുകൾ അറിയിച്ചത്.

 

കേരളത്തെ വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കൂടുതലായി ഇവിടെയെത്തുന്നതു നല്ലതാണെന്നും സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കേരളീയരായ വിദ്യാർഥികൾക്കുള്ള ഫീസ് മാത്രമേ ഇവരിൽനിന്ന് ഈടാക്കുകയുള്ളൂവെന്നാണ് അസോസിയേഷന്റെ നിലപാട്.


English Summary: Selfinacing Medical College Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com