ADVERTISEMENT

ഇടതുസർക്കാരിന്റെ അവസാന ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകാൻ തീരുമാനം. അക്കാദമിക് രംഗത്തെ അഴിച്ചുപണികൾക്കൊപ്പം സർവകലാശാലകൾ, കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വൻതുക മാറ്റിവയ്ക്കും. ബജറ്റ് രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സർവകലാശാലാ വൈസ്ചാൻസലർമാരുമായി സർക്കാർ ചർച്ച നടത്തി. 10ന് അകം വിശദമായ നിർദേശങ്ങൾ സമർപ്പിക്കാൻ വൈസ്ചാൻസലർമാർക്കു നിർദേശം നൽകി.

സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടർച്ചയായാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ ഇടപെടൽ. സ്കൂളുകളുടെ വികസനത്തിനു പുതിയ ബജറ്റിൽ കാര്യമായ നീക്കിയിരിപ്പുണ്ടാകില്ല. കിഫ്ബി ഫണ്ട് ഉൾപ്പെടെ ഉപയോഗപ്പെടുത്തിയായിരിക്കും ഉന്നതവിദ്യാഭ്യാസമേഖലയിലെ വികസനപദ്ധതികൾ.

കേരളത്തെ 3 വർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസ ഹബ് ആയി വികസിപ്പിക്കുകയെന്നതായിരിക്കും ബജറ്റ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം. സർവകലാശാലകളിലും കോളജുകളിലും പുതിയകാല കോഴ്സുകൾ, സർവകലാശാലകളിൽ ഗവേഷണ പദ്ധതികൾക്കു മുൻഗണന, വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പദ്ധതികൾ എന്നിവ ബജറ്റിൽ പ്രഖ്യാപിക്കും. കോളജുകളിലെ ഒരു വർഷകാലാവധിയിലുള്ള ഗെസ്റ്റ് അധ്യാപകനിയമനം മാറ്റി 5 വർഷ കാലാവധിയിൽ നിയമനം (ടെന്യുവർ ട്രാക്ക്) നടത്താനുള്ള പ്രഖ്യാപനവും ഉണ്ടാകും. നാക് അംഗീകാരം നേടാനുള്ള മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്താണ് ഈ മാറ്റം. പുതിയ കെട്ടിടങ്ങൾ, ലാബുകൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവയ്ക്കും തുക നീക്കിവയ്ക്കും. 

സ്വാശ്രയ കോളജ് അധ്യാപക നിയമനത്തിന് ഓർഡിനൻസ് കൊണ്ടുവരുന്നതും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.സാങ്കേതിക സർവകലാശാല, മലയാള സർവകലാശാല എന്നിവയ്ക്ക് ആസ്ഥാന നിർമാണം, പുതുതായി രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ റീജനൽ സെന്ററുകളുടെ നിർമാണം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണു വിവരം.

English Summary: Higher Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com