രാഷ്ട്രീയ കാമധേനു ആയോഗ് ഇന്ത്യയിലെ പശുക്കളെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കാൻ 25നു നടത്താനിരുന്ന പശുശാസ്ത്ര പരീക്ഷ മാറ്റിവച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം വിവിധ സംഘടനകൾ പരീക്ഷയ്ക്കായി അധികൃതർ നൽകിയ പഠന സാമഗ്രികളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു.ഈ സാഹചര്യത്തിലാണു പരീക്ഷ മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ ഞായറാഴ്ച നടത്താനിരുന്ന മോക് പരീക്ഷയും മാറ്റിവച്ചിരുന്നു.
2019 ഫെബ്രുവരിയിലാണ് ഇന്ത്യൻ ജനുസിലുള്ള പശുക്കളെക്കുറിച്ചുള്ള അറിവും വളർത്തലും പ്രോത്സാഹിപ്പിക്കാൻ രാഷ്ട്രീയ കാമധേനു ആയോഗ് കേന്ദ്രസർക്കാർ രൂപീകരിച്ചത്. 52 രാജ്യങ്ങളിൽ നിന്നായി 5 ലക്ഷം പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തതായാണ് അധികൃതർ അറിയിച്ചിരുന്നത്. പരീക്ഷയ്ക്കു പ്രോത്സാഹനം നൽകണമെന്നു യുജിസിയും സർവകലാശാലാ വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.