ADVERTISEMENT

കോഴ്സ് തീരാറാകുമ്പോൾ കുറച്ചുകാലം ഏതെങ്കിലും സ്ഥാപനത്തിൽ ഇന്റേൺഷിപ്പിനു പോകുന്ന ലീനിയർ രീതിയാണ് നമ്മുടേത്. ഒരുപരിധിക്കപ്പുറം ഇതു വിജയകരമല്ല. അക്കാദമിക രംഗവും ഇൻഡസ്ട്രിയും എല്ലാ കാര്യത്തിലും തുടർച്ചയായി ചേർന്നു പ്രവർത്തിക്കുന്ന തരത്തിലാണ് ഡിജിറ്റൽ സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്.

dr_saji-vc

 

ഡോ.സജി ഗോപിനാഥ്

വൈസ് ചാൻസലർ, 

കേരള ഡിജിറ്റൽ 

സർവകലാശാല

 

ഡിജിറ്റൽ സാങ്കേതികവിദ്യയിൽ രാജ്യാന്തര നിലവാരത്തിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി രൂപീകരിച്ച കേരള ഡിജിറ്റൽ സർവകലാശാല മേൽപ്പറഞ്ഞതു പോലെ ചില മാറ്റങ്ങൾക്കു കൂടിയാണു തുടക്കമിടുന്നത്.  

 

മറ്റൊരു ഉദാഹരണം ഇതാ. 5 എംഎസ്‍സി പ്രോഗ്രാമുകളും 4 എംടെക് പ്രോഗ്രാമുകളുമാകും തുടക്കത്തിലുണ്ടാകുക. ഇതിനു ചേരുന്നവർക്ക് ആദ്യ രണ്ടാഴ്ച ഗ്രാമീണ മേഖലകളിൽ പ്രാഥമിക ഇൻഡക്‌ഷൻ പ്രോഗ്രാമുണ്ടാകും. ഡിജിറ്റൽ മേഖലയിൽ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടു മനസ്സിലാക്കാനാണിത്. ഇവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തേടാനുള്ള മനസ്സ് തുടക്കത്തിലേ വിദ്യാർഥികളിൽ രൂപപ്പെടുത്തുകയാണു ലക്ഷ്യം. 

ഇ–ഗവേണൻസ് പോലെയുള്ള വിഷയങ്ങളിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്കാകട്ടെ, ഈവനിങ് ക്ലാസുകളും ഓൺലൈൻ ക്ലാസും ചേർന്ന ഹൈബ്രിഡ് അധ്യയന രീതിയായിരിക്കും ഉപയോഗിക്കുക. ഡിജിറ്റൽ ഇന്നവേഷൻ, ഡിസൈൻ തിങ്കിങ്, കസ്റ്റമർ ഓറിയന്റേഷൻ തുടങ്ങിയവ പരിചയപ്പെടുത്തുന്ന കോഴ്സ് എല്ലാവർക്കും നിർബന്ധം. 

 

തിരുവനന്തപുരം ടെക്നോപാർക്കിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരളം (ഐഐഐടിഎം-കെ) നവീകരിച്ചാണ് തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റി ക്യാംപസിൽ ഡിജിറ്റൽ സർവകലാശാലയാക്കിയിരിക്കുന്നത്. ഇതിനുകീഴിൽ അഫിലിയേറ്റഡ് കോളജുകളില്ല.

 

സർവകലാശാലയ്ക്ക് ഇന്നലെ യുജിസി അംഗീകാരം ലഭിച്ചു. എംടെക് വിദ്യാർഥികൾക്കു ഗേറ്റ് സ്കോളർഷിപ് ലഭിക്കാൻ എഐസിടിഇയുടെ അംഗീകാരവും തേടുന്നുണ്ട്.

 

പുതുകാലത്തിലേക്കുള്ള എംഎസ്‍സിയും എംടെക്കും

എംഎസ്‍സി പ്രോഗ്രാമുകൾ അഞ്ചാണ്. ഡേറ്റ അനലിറ്റിക്സ്, ജിയോസ്പേഷ്യൽ അനലിറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ സ്പെഷലൈസേഷനുകളോടെ  4 എംഎസ്‍സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളും എംഎസ്‍സി ഇക്കോളജിക്കൽ ഇൻഫോമാറ്റിക്സും. 

സ്കൂൾ ഓഫ് ഇലക്ട്രോണിക്സിനു കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഹാർഡ്‌വെയർ), ഇൻഡസ്ട്രി 4.0, കംപ്യൂട്ടർ സയൻസ് വിഭാഗത്തിനു കീഴിൽ നെറ്റ്‍വർക്സ്, മെഷീൻ ലേണിങ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട് 4 എംടെക് പ്രോഗ്രാമുകളുമുണ്ടാകും. 

 

മേയിൽ അപേക്ഷ ക്ഷണിച്ചേക്കും. സയൻസ് ബിരുദധാരികൾക്ക് എംഎസ്‍സിക്കും ബിടെക് / എംഎസ്‍സി കഴിഞ്ഞവർക്ക് എംടെക്കിനും അപേക്ഷിക്കാം. ക്ലാസുകൾ ഓഗസ്റ്റിൽ തുടങ്ങും. 

 

5 ശതമാനം അധ്യയനം ഇൻഡസ്ട്രിയിൽനിന്ന്

അക്കാദമിക്–ഇൻഡസ്ട്രി ബന്ധം ഉറപ്പാക്കാൻ എല്ലാ കോഴ്സിന്റെയും 5 % ഭാഗം അതുമായി ബന്ധപ്പെട്ട കമ്പനികളിലെ പ്രഗത്ഭരായിരിക്കും നയിക്കുക. ഓരോ ഡിപാർട്മെന്റിനും അക്കാദമിക ബോർഡിനു പുറമേ ഇൻഡസ്ട്രി ബോർഡും ഇന്റർനാഷനൽ ബോർഡുമുണ്ടാകും. ബോർഡ് ഓഫ് സ്റ്റഡീസിൽ മൂന്നു വിഭാഗത്തിന്റെയും പ്രാതിനിധ്യമുണ്ടാകും. 

 

അധ്യയനത്തിനു പുറമേ ഡിജിറ്റൽ രംഗത്ത് സർക്കാരിനു വേണ്ടിയും സ്വകാര്യ കമ്പനികൾക്കും കരാറെടുത്ത് കൺസൽറ്റിങ് പ്രോജക്ടുകൾ ചെയ്യും. ഇത് ഐഐഐടിഎം–കെ നിലവിൽ ചെയ്തുവരുന്നതാണ്. സർക്കാർ ഗ്രാന്റും ഫീസും ചേർന്നാൽ പോലും ഐഐഐടിഎം–കെയുടെ ചെലവിന്റെ 35 % മാത്രമേ ആകുന്നുള്ളൂ. ബാക്കി 65 % ഇത്തരം പ്രോജക്ടുകളിൽനിന്നുള്ള വരുമാനമാണ്. അധ്യാപകർ നയിക്കുന്ന ലൈവ് പ്രോജക്ടുകളിൽ വിദ്യാർഥികൾക്കും ഭാഗമാകാം. 

 

വിദ്യാ‍ർഥികൾ ക്യാംപസിൽ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ രീതിയായിരിക്കും അവലംബിക്കുക.

സർവകലാശാലയുടെ വെബ്സൈറ്റ്: duk.ac.in

 

കമ്പനികളിലുള്ളവർക്ക് ഇൻഡസ്ട്രി പിഎച്ച്ഡി

പിഎച്ച്ഡി പ്രോഗ്രാമുകൾ 4 തരം. അപേക്ഷ അടുത്ത മാസം ക്ഷണിക്കും. 

∙ റഗുലർ ഫുൾടൈം പിഎച്ച്ഡി

∙ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: എംഎസ്‍സിയും പിഎച്ച്‍ഡിയും ചേർന്നുള്ള പ്രോഗ്രാം. എംഎസ്‍സി രണ്ടാം വർഷം തന്നെ പിഎച്ച്ഡി പ്രവർത്തനം തുടങ്ങാം. ഇതുമൂലം വിദ്യാർഥികൾക്ക് 7 മാസത്തോളം ലാഭിക്കാം. 

∙ പാർട് ടൈം പിഎച്ച്ഡി: നിശ്ചിത സമയം ക്യാംപസിൽ ചെലവഴിക്കണം.

∙ ഇൻഡസ്ട്രി റഗുലർ പിഎച്ച്ഡി: ഏറ്റവും വ്യത്യസ്ത പ്രോഗ്രാം. തുടക്കത്തിൽ ഏതാനും ആഴ്ചകൾ മാത്രം ക്യാംപസിൽ ചെലവഴിച്ചാൽ മതി. ഇൻഡസ്ട്രിയിലുള്ളവർക്കു മാത്രമാണ് അവസരം. സർവകലാശാലയിലും ഇൻഡസ്ട്രിയിലുമായി 2 ഗൈഡുകൾ. പിഎച്ച്ഡി വിഷയം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടതായിരിക്കണം. ഗവേഷണത്തിന് പ്രാമുഖ്യം നൽകുന്ന കമ്പനികളിലെ പ്രധാന റോളുകളിലുള്ളവർക്കു ഗൈഡുകളാകാം. ഭാവിയിൽ അക്കാദമിക രംഗത്തേക്കു മാറാൻ താൽപര്യമുള്ളവർക്ക് ഈ ഗൈഡ്ഷിപ് ഗുണകരമാകും.

English Summary: Kerala University of Digital Sciences, Innovation and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com