sections
MORE

സ്കൂളിനോടും നാടിനോടും ഇഷ്ടം കൂടി; മുതലമടയിൽനിന്ന് ‘പുറത്തിറങ്ങാനാവാതെ’ രാധാമണി ടീച്ചർ

HIGHLIGHTS
  • യുപി സ്കൂളിൽ അവസരം ലഭിച്ചിട്ടും വേണ്ടെന്നുവച്ച രാധാമണി ടീച്ചർ
radhamani-teacher
മുതലമട ചുള്ളിയാർമേട് ചള്ള ഗവ. യുപി സ്കൂൾ പ്രധാനാധ്യാപിക രാധാമണി കുമാരൻ വിദ്യാർഥികൾക്കൊപ്പം.
SHARE

1991 ജൂൺ 26ന് മുതലമട ചുള്ളിയാർമേട് ചള്ള ഗവ.ജിഎൽപി സ്കൂളിലേക്കു പിഡി അധ്യാപികയായി എത്തിയ കോട്ടയം സ്വദേശിനി രാധാമണി കുമാരൻ അന്നു ചിന്തിച്ചിട്ടുപോലുമില്ല 30 വർഷം ഇനി തന്റെ ലോകം ഇതാണെന്ന്. സർക്കാർ സർവീസിൽ സ്ഥലംമാറ്റവും കൂടുതൽ മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള ശ്രമങ്ങളുമൊക്കെ പതിവാണെങ്കിലും പഠിപ്പിക്കുന്ന കുട്ടികളെ വിട്ടുപോകാൻ മനസ്സുവരാതെ, യുപി സ്കൂളിൽ അവസരം ലഭിച്ചിട്ടും അത് ഒഴിവാക്കിയ കഥയാണ് ഈ ടീച്ചറമ്മയ്ക്കു പറയാനുള്ളത്. 

ഒടുവിൽ 2018 മേയ് 31ന് പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, സർക്കാർ സർവീസിലെ നിയമപ്രകാരം ചാത്തമംഗലം ജിയുപി സ്കൂളിലേക്കു മാറേണ്ടിവന്നെങ്കിലും 2019 ജൂൺ 1ന് ചള്ള സ്കൂളിലേക്കു തന്നെ തിരിച്ചെത്തി. കാരണം മറ്റൊന്നുമല്ല, ചള്ള സ്കൂളിലെ വിദ്യാർഥികളും പിടിഎയും സഹപ്രവർത്തകരുമൊക്കെ പിന്നാലെ തന്നെ ഉണ്ടായിരുന്നു, ടീച്ചറെ ഇങ്ങോട്ടു മടക്കിക്കൊണ്ടുവരാൻ. 

കോട്ടയം ഉരുളികുന്നം കുമാരൻ– ജാനകി ദമ്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളായ രാധാമണി ഉരുളികുന്നം സെന്റ് ജോർജ് യുപി സ്കൂൾ, ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂൾ, പാല അൻഫോൻസ കോളജ് (പ്രീഡിഗ്രി), ഇടമറ്റം എൻഎസ്എസ് ബിടിഎസ് (ടിടിസി) എന്നിവിടങ്ങളിലാണു പഠിച്ചത്. 

ചള്ള സ്കൂളിൽ അധ്യാപികയായി എത്തിയ താൻ 1992ൽ കരിപ്പാലിച്ചള്ള സ്വദേശി വി.പഴനിമലയുടെ ഭാര്യയായതോടെ പാലക്കാട് ജില്ലക്കാരിയായി മാറിയെന്നു രാധാമണി പറയുന്നു. സ്കൂളിനോടും വിദ്യാർഥികളോടുമുള്ള അടുപ്പം പതിയെ നാടിനോടുള്ള അടുപ്പമായി മാറി. അതോടെ മറ്റൊരു നാട്ടിലേക്കു ട്രാൻസ്ഫറായി പോകുന്നതുപോലും ആലോചിക്കാൻ കഴിയാതായി. അങ്ങനെയാണു സർക്കാർ സർവീസിൽ ദീർഘകാലം ഒരേ സ്കൂളിൽ തന്നെ തുടരാൻ ഇടയായത്. ഇതിനിടെ യുപി സ്കൂളിലേക്കു മാറാൻ അവസരം ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു. സർക്കാർ നിയമപ്രകാരം മറ്റൊരു സ്കൂളിലേക്കു മാറേണ്ടിവന്നെങ്കിലും പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ അതു സ്വീകരിക്കാൻ കാരണം സഹപ്രവർത്തകരുടെയും പിടിഎയുടെയും സ്നേഹപൂർവമുള്ള നിർബന്ധമായിരുന്നു. 

മുതലമട മേഖലയിൽ പതിനായിരത്തോളം ശിഷ്യരുണ്ട് ടീച്ചർക്ക്. ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന 90% കുട്ടികളുടെയും രക്ഷിതാക്കളെ രാധാമണി പഠിപ്പിച്ചിട്ടുണ്ട്. അറിവു മാത്രമല്ല, പണം ഉൾപ്പെടെ അത്യാവശ്യക്കാർക്കെല്ലാം സഹായം കൂടി പകർന്നുനൽകുന്ന ടീച്ചറെ കുട്ടികൾക്കും വിട്ടുനിൽക്കാനാവില്ല. എല്ലാ കുട്ടികൾക്കും വായിക്കാൻ കളിക്കുടുക്ക, ബാലരമ അടക്കമുള്ള ബാലമാസികകൾ ഉൾപ്പെടെ എല്ലാ ക്ലാസ്മുറികളിലും ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. 

കയ്യിൽനിന്നു പണം മുടക്കി രാധാമണി തുടക്കംകുറിച്ച പദ്ധതിക്ക് ഇപ്പോൾ സഹപ്രവർത്തകരും രക്ഷിതാക്കളുമൊക്കെ പിന്തുണ നൽകുന്നുണ്ട്. ചികിത്സാ സഹായം, പഠനോപകരണം ലഭ്യമാക്കൽ, പൂന്തോട്ടം ഒരുക്കൽ, വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് രഹിത വിദ്യാലയം തുടങ്ങി ഒട്ടേറെയുണ്ട് പ്രവർത്തനങ്ങൾ. സ്വയം തൊഴിൽ കണ്ടെത്താൻ അമ്മമാരെ സഹായിക്കാനായി പ്രത്യേക പരിശീലന പരിപാടി അടക്കം നടത്തുന്നുണ്ട്. മുതലമട പഞ്ചായത്തിലെ 12 സർക്കാർ സ്കൂളുകളിൽ സൗകര്യം ഉറപ്പാക്കുന്ന പിഇസി സമിതിയുടെ കൺവീനറുമാണു രാധാമണി. ചുള്ളിയാർമേട്ടിലെ ‘സ്നേഹസുസ്മിതം’ എന്ന വീട്ടിലാണു താമസം. ഭർത്താവ് പഴനിമല കലക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടായിരുന്നു. 2017ൽ ജോലിയിൽനിന്നു വിരമിച്ചു. മക്കൾ: സ്നേഹ, സുസ്മി.

English Summary: Radhamani Teacher In Chulliyarmedu Challa Government GLP School, Muthalamada

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA