ADVERTISEMENT

കോവിഡ് മൂലം സ്‌കൂളുകളൊക്കെ അടച്ചപ്പോള്‍ അധ്യാപകര്‍ പലരും ഓണ്‍ലൈന്‍ ലോകത്തേക്കാണ് ചേക്കേറിയത്. സൂമും ഗൂഗിള്‍മീറ്റും വാട്ട്‌സ് ആപ്പിലുമൊക്കെയായി പലരുടെയും അധ്യാപനം. എന്നാല്‍ ഈ ഓണ്‍ലൈന്‍ സൗകര്യങ്ങളൊന്നുമില്ലാതെ വിദ്യാഭ്യാസ സംവിധാനത്തിന് പുറത്തായി പോയ വിദ്യാർഥികള്‍ക്കായി തന്റെ സ്‌കൂട്ടര്‍ ഒരു ചലിക്കുന്ന മിനി സ്‌കൂളാക്കി മാറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു അധ്യാപകന്‍. 

teacher
Photo Credit : Twitter.com/ANI News

 

ചന്ദന്‍ ശ്രീവാസ്തവ എന്ന ഈ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന്‍ സാഗര്‍ ജില്ലയിലെ ഗ്രാമങ്ങളിലൂടെ തന്റെ സ്‌കൂട്ടറില്‍ നടന്നാണ് വിദ്യാർഥികള്‍ക്ക് അറിവ് പകരുന്നത്. ഇതിനായി തന്റെ സ്‌കൂട്ടറില്‍ ചില പരിഷ്‌ക്കാരങ്ങളൊക്കെ ഇദ്ദേഹം വരുത്തി. സ്‌കൂട്ടറിന്റെ ഒരു വശത്ത് അക്ഷരങ്ങളെഴുതി പഠിപ്പിക്കാവുന്ന ഗ്രീന്‍ ബോര്‍ഡ്. മറു ഭാഗത്ത് പുസ്തകങ്ങള്‍ തൂക്കിയിടുന്ന ലൈബ്രറി. 

mp-teacher-runs-mobile-school-on-scooter-for-rural-children-artilce-image
Photo Credit : Twitter.com/ANI News

 

ഈ സ്‌കൂട്ടറുമായി ഉള്‍നാടന്‍ ഗ്രാമങ്ങളിലെത്തുന്ന ചന്ദന്‍ അവിടെ ഏതെങ്കിലും മരത്തണലില്‍ ഇരുന്ന് വിദ്യാർഥികളെ പഠിപ്പിച്ചു തുടങ്ങും. സ്മാര്‍ട്ട്‌ഫോണോ അതിവേഗ ഇന്റര്‍നെറ്റോ ഒന്നും ഇല്ലാത്തവയാണ് ഈ ഗ്രാമങ്ങളെല്ലാം തന്നെ. പലയിടത്തും മൊബൈലിനു കൂടി റേഞ്ച് ഉണ്ടാകില്ല. തന്റെ മൊബൈലില്‍ പഠന സംബന്ധമായ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു കൊണ്ടു വരുന്ന ചന്ദന്‍ അതും വിദ്യാർഥികള്‍ക്ക് കാണിച്ചു കൊടുക്കാറുണ്ട്. 

 

മികച്ച പ്രതികരണമാണ് ഗ്രാമങ്ങളിലെ വിദ്യാർഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് ചന്ദന്‍ പറയുന്നു. കഥകളും പാട്ടുകളും നിറഞ്ഞ പുസ്തകങ്ങളുമായിട്ടാണ് ചന്ദന്‍ ഗ്രാമത്തിലെത്തുന്നത്. കുട്ടികള്‍ ഇവയെടുത്ത് വായിച്ച് രണ്ട് മൂന്ന് ദിവത്തിനകം തിരികെ നല്‍കും. ചില പുസ്തകങ്ങള്‍ സൗജന്യമായും വിതരണം ചെയ്യും. കോവിഡ് ഭീതി അകന്ന് സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും വരെ മിനി സ്‌കൂളുമായുള്ള തന്റെ ഊരുചുറ്റല്‍ തുടരുമെന്ന് ചന്ദന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary: Madhya Pradesh Teacher runs mobile school on scooter for rural children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com