ADVERTISEMENT

ഫോക്കസ് ഏരിയ മുൻകൂട്ടി അറിയിച്ചും ഇരട്ടി ചോദ്യങ്ങൾ നൽകിയും നടത്തുന്ന എസ്എസ്എൽസി പരീക്ഷ വളരെ എളുപ്പമാകുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും മലയാളം ഒന്നാം പേപ്പർ അങ്ങനെയായില്ല. അതേസമയം, ഓൺലൈൻ ക്ലാസ് പഠനത്തിലൂടെ നന്നായി പരീക്ഷ എഴുതാൻ പറ്റുമോ എന്ന ആശങ്കയിൽ വലിയ കാര്യമില്ലെന്നും വ്യക്തമായി.

വിക്ടേഴ്സ് ചാനൽ ക്ലാസുകളും ജനുവരി മുതൽ സ്കൂളുകളിൽ നടന്ന സംശയ നിവാരണവുമായിരുന്നു ഈവർഷത്തെ പഠനപ്രവർത്തനങ്ങൾ. ഉള്ളടക്കവും പാഠസന്ദർഭങ്ങളും മനസ്സിരുത്തി ഗ്രഹിക്കാത്തവർക്ക് ചില ചോദ്യങ്ങളിൽ പ്രയാസം നേരിട്ടു. ശരിയായ ഉത്തരം തിരഞ്ഞെടുക്കേണ്ട ആദ്യ ആറു ചോദ്യങ്ങൾ, പാഠഭാഗത്തിന്റെ കേന്ദ്രാശയവും പാഠ സന്ദർഭവും അത്യാവശ്യം വ്യാകരണവും പഠിച്ചവർക്ക് എളുപ്പമായിരുന്നു. എന്നാൽ പഠനത്തിൽ അത്ര മികവു പുലർത്താത്തവരെ ചില ചോദ്യങ്ങൾ ബുദ്ധിമുട്ടിക്കും. രണ്ടാം ചോദ്യവിഭാഗത്തിലെ (7 മുതൽ 11 വരെ) 10–ാം ചോദ്യം അടിവരയിട്ട പ്രയോഗത്തിന്റെ അർഥതലം എഴുതാനുള്ളതായിരുന്നു. കഥ ആഴത്തിൽ ഗ്രഹിച്ചവർക്കും ഉയർന്ന ആസ്വാദന നിലവാരമുള്ളവർക്കും പെട്ടെന്ന് എഴുതാൻ പറ്റുമെങ്കിലും അല്ലാത്തവർ വലയും.

sslc-examination-malayalam-second-paper-review-manoj-kumar-paleri-government-model-residential-school-painavu-idukki
മനോജ് കുമാർ പാലേരി

12 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ (4 സ്കോർ വീതം) 60 % ആണു ഫോക്കസ് ഏരിയയിൽനിന്നുണ്ടായിരുന്നത്. എ പ്ലസ് ലക്ഷ്യമിടുന്നവരെ സംബന്ധിച്ച് ഈ ഭാഗം നിർണായകമാണ്. പ്രഭാഷണം, മുഖപ്രസംഗം, ഉപന്യാസം, നിരൂപണം എന്നീ വ്യവഹാര രൂപങ്ങളിലൂന്നി ചോദിച്ച ചോദ്യങ്ങൾ (22 മുതൽ 25 വരെ) ഭാഷാപഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് നീതി പുലർത്തുന്നതും എല്ലാ നിലവാരക്കാർക്കും നല്ല സ്കോർ നേടാൻ പറ്റുന്നതുമായിരുന്നു. 

ആസ്വാദനാംശങ്ങൾക്കു ചോദ്യങ്ങളിൽ പ്രാധാന്യം കുറഞ്ഞെങ്കിലും വിദ്യാർഥികൾ ആർജിച്ച ഭാഷാ പരിജ്ഞാനം, വിശകലനം, നിരീക്ഷണം, ഉപന്യാസം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളെല്ലാം നല്ല നിലവാരം പുലർത്തി. ‘കോവിഡ് കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. കോവിഡ് കാല കുടുംബ ബന്ധങ്ങൾ അതിനു മുൻപുള്ള ജീവിതത്തിൽ നിന്നു വ്യത്യസ്മായിരുന്നോ?’ സ്വന്തം അനുഭവങ്ങൾ കൂടി പരിഗണിച്ച്, മഹാമാരിക്കാലത്തെ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസം തയാറാക്കുക എന്ന ചോദ്യം നല്ലൊരു പങ്കു വിദ്യാർഥികളും എഴുതാൻ പരിശീലിച്ചിരുന്നതായിരിക്കണം. 

(ഇടുക്കി പൈനാവ് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ അധ്യാപകനാണ് ലേഖകൻ)

ആശങ്ക വേണ്ടെന്ന് അധികൃതർ

തിരുവനന്തപുരം ∙ എസ്എസ്എൽസി മലയാളം ഒന്നാം പേപ്പർ പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ലെന്നു വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് അധികൃതർ. ഓരോ പേപ്പറിനും ഇരട്ടി മാർക്ക് വരെ നേടാവുന്ന അത്രയും ചോദ്യങ്ങൾ നൽകുകയും എത്ര ചോദ്യത്തിനു വേണമെങ്കിലും ഉത്തരം എഴുതാൻ അനുവദിക്കുകയും ചെയ്തതിനാൽ വിദ്യാർഥികളുടെ മാർക്കിനെ ഇതു ബാധിക്കില്ലെന്നാണു വിശദീകരണം. 

അഡീഷനൽ ഇംഗ്ലിഷ്, അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, ഗുജറാത്തി ഭാഷകൾ എടുത്തവരുടെ പരീക്ഷയും ഇന്നലെ നടന്നു. ഗൾഫിലും ലക്ഷദ്വീപിലും ഉൾപ്പെടെ 2947 കേന്ദ്രങ്ങളിലായി 4,22,226 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറിയിൽ സോഷ്യോളജി, ആന്ത്രപ്പോളജി, ടെക്നിക്കൽ സ്കൂളുകളിലെ ഇലക്ട്രോണിക് സയൻസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷകളാണ് ഇന്നലെ നടന്നത്.


English Summary : SSLC Examination Malayalam Second Paper Exam Review by Manoj Kumar Palery. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com