ADVERTISEMENT

കുട്ടികൾ തുടങ്ങി പ്രായമായവർ വരെ വർഷം ഒന്നു കഴിഞ്ഞിട്ടും കോവിഡ് മഹാമാരി ഭീതിയുടെ നിഴലിൽ കഴിയുമ്പോൾ ആണ് വീണ്ടും ഒരു എസ്എസ്എൽസി പരീക്ഷയുടെ കടന്ന് വരവ്. മുൻകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു വർഷക്കാലത്തെ ഓൺലൈൻ പഠന കാലത്തിനു ശേഷം പരീക്ഷ ചൂടിനൊപ്പം ആണെങ്കിൽ കൂടെയും നീണ്ട കാലത്തിനു ശേഷം നേരിൽ കണ്ട് സൗഹൃദം പുതുക്കുന്ന കുട്ടികളുടെ ചിത്രമായിരുന്നു കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ചിത്രങ്ങൾ പകർത്തുവാൻ പോയപ്പോൾ ഞാനും എന്റെ ക്യാമറക്കണ്ണുകളും തിരഞ്ഞിരുന്നതു. അതിനിടയിലാണ് പരീക്ഷയ്ക്ക് മുൻപ് സ്ഥിരമായി നടക്കാറുള്ള ചാപ്പലിലെ പ്രാർത്ഥനയ്ക്കു ശേഷം വരിവരിയായി എത്തുന്ന കുട്ടികളെ കൈകളിൽ സാനിറ്റൈസർ നൽകിയും, നിർദ്ദേശങ്ങൾ നൽകിയും പരീക്ഷ ഹാളിലേക്ക് പറഞ്ഞു അയക്കുന്ന അധ്യാപകരുടെ അടുത്തായി നിൽക്കുന്ന പെൺകുട്ടി എന്റെ ശ്രദ്ധയിൽപെടുന്നതു. ആ തിരക്കിനിടയിലും അവളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്താതെയാണ് അധ്യാപകരുടെ പെരുമാറ്റം എന്നിൽ അത്ഭുതം ഉണർത്തി . മറ്റുള്ള കുട്ടികൾക്ക് ലഭിക്കുന്നതിൽ നിന്നും ഒരു പടി അപ്പുറമായി നൽകുന്ന കരുതലിന്റെ രഹസ്യം എന്താണെന്ന് അധ്യാപകരോട് ചോദിച്ചപ്പോഴാണ് ഓട്ടിസം പ്രശ്നങ്ങൾ നേരിടുന്ന ആൻ മേരി ബാബുവിന്റെയും അവളുടെ ഇഷ്ടങ്ങൾക്കും കൂട്ടായി നിൽകുന്ന മാതാപിതകളുടെയും കഥ അറിയുവാൻ സാധിച്ചത്. കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തിയതാണ് ഓട്ടിസം പ്രശ്നങ്ങൾ നേരിടുന്ന ആൻ മേരി ബാബു. പരീക്ഷ എഴുതാൻ സഹായിയായി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി എച്ച്.ലക്ഷ്മി പ്രിയയും ഒപ്പമുണ്ട്. തന്നോട് ചേർന്നുനിന്നു തന്നെ സഹായിക്കുവാൻ എത്തിയ ഇളയ കൂട്ടുക്കാരിയോട് കുശലാന്വേഷണം നടത്തുന്ന തിരക്കിൽ ആയിരുന്നു ആൻ മേരി അപ്പോഴും . 

ann2
ലക്ഷ്മിപ്രിയയും ആൻ മേരിയും പരീക്ഷാ ഹാളിൽ. ചിത്രം : ഗിബി സാം

 

പരീക്ഷ സമയം അറിയിച്ചുകൊണ്ട് ബെൽ മുഴങ്ങിയപ്പോൾ അധ്യാപികയോടൊപ്പം പടിക്കെട്ടുകൾ കയറി പോകുന്ന ഇരുവരുടെയും ചിത്രങ്ങൾ പകർത്തി മറ്റു ചിത്രങ്ങൾക്കായി ഞാൻ അവിടെ നിന്നു നീങ്ങി. വിവിധ ക്ലാസ് മുറികളിൽ വിദ്യാർഥിനികൾ പരീക്ഷ എഴുതുന്ന പടങ്ങൾ പകർത്തി തിരികെ ഇറങ്ങുവാൻ തുടങ്ങിയപ്പോഴാണ് എന്റെ മനസ്സിൽ വീണ്ടും ആൻ മേരിയെ കുറിച്ച് ഓർമ വന്നത്. അവൾ പരീക്ഷയെഴുതുന്ന ക്ലാസ് മുറിയുടെ അടുത്ത് പോകുവാൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെയിനോടു അനുവാദം ചോദിച്ച് അവിടെ ചെല്ലുമ്പോൾ കാണുന്ന കാഴ്ചയാണ് എന്നിൽ കൂടുതൽ സന്തോഷം ഉളവാക്കിയതു തന്നെ സഹായിക്കുവാൻ എത്തിയ ലക്ഷ്മി പ്രിയകൊപ്പം പരീക്ഷ എഴുതാൻ ശ്രമിക്കുന്ന ആൻമേരി. പറഞ്ഞു നൽകി എഴുതാൻ സാധിക്കാത്തതിനാൽ ലക്ഷ്മിയാണ് ആൻ മേരിക്കായി പരീക്ഷ എഴുതുന്നത്, നിയമപ്രകാരം ലക്ഷ്മി പ്രിയ ഉത്തരങ്ങൾ എഴുതിയാൽ മതി. എന്നാൽ നേരിട്ട് പരീക്ഷ എഴുതണം എന്ന ആൻ മേരിയുടെ ആഗ്രഹം പരീക്ഷാ ഡ്യൂട്ടിക്കുള്ള അധ്യാപകർക്ക് തള്ളിക്കളയുവാൻ സാധിച്ചില്ല. ഒടുവിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെയിൻ കൊണ്ടു വന്നു നൽകിയ മറ്റൊരു പേപ്പറിൽ ആൻ മേരി തനിക്ക് അറിയാവുന്ന കുത്തിക്കുറിച്ചു പരീക്ഷയെഴുതി തുടങ്ങി. ഉത്തരക്കടലാസിൽ ആൻ മേരിക്കായി ലക്ഷ്മി പ്രിയയും ഉത്തരങ്ങൾ എഴുതി തുടങ്ങി. 

ann3
പരീക്ഷ എഴുതുന്ന ലക്ഷ്മിപ്രിയയും ആൻ മേരിയും. ചിത്രം : ഗിബി സാം

 

പ്രിൻസിപ്പൽ സിസ്റ്റർ ജെയിൻ ആൻ മേരിക്ക് എഴുതുവാനുള്ള പേപ്പർ നൽകി ക്ലാസ് മുറിക്ക് പുറത്ത് വരുന്ന വഴി എന്നോട് പറഞ്ഞത്.... അവളുടെ കൊച്ചു പ്രായത്തിലെ അവൾ ഇവിടെ വന്നതാണ് അവളുടെ ഏത് ആഗ്രഹം സാധിച്ചു കൊടുക്കുവാൻ ഞങ്ങൾ തയ്യാറുമാണ്. അവൾക്ക് ഇവിടെ പഠിച്ച് പ്ലസ് ടു പരീക്ഷയും ഇതുപോലെ എഴുതണം എന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത് ..

 

ഓട്ടിസത്തോട് തന്നാലാവുംവിധം വിധം പട പൊരുതുന്ന ഒരു പെൺകുട്ടിയെ ചേർത്തു പിടിക്കുകയും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം തോളോടു തോൾ ചേർന്ന് നിന്ന് സഹായിക്കുന്ന ഒരു കൂട്ടം അധ്യാപകരെയും കൂട്ടുകാരെയും മാതാവിനെയും ആണ് എനിക്ക് അവിടെ കാണുവാൻ കഴിഞ്ഞത്. ചിത്രം പത്രത്തിൽ പ്രസിദ്ധീകരിക്കുന്നത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? എന്ന എന്റെ ചോദ്യത്തിന് ആൻ മേരിയുടെ അമ്മ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും എന്നെ കൂടുതൽ അമ്പരിപ്പിച്ചതു '' ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല ... അവൾ നമ്മുടെ അഭിമാനമാണ്''...

English Summary: SSLC Examination Written By Ann Mary An Autistic Girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com