ADVERTISEMENT

എൻജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയാറാക്കുമ്പോൾ ഇത്തവണ ഹയർസെക്കൻഡറി മാർക്ക് പരിഗണിക്കേണ്ടതില്ലെന്നു പ്രവേശനപരീക്ഷാ കമ്മിഷണറുടെ ശുപാർശ. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും നിലപാട് അറിഞ്ഞശേഷം, എല്ലാ വശവും പരിശോധിച്ചേ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കൂ. 

 

സിബിഎസ്ഇ, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതമായി നീളുകയും പല ബോർഡുകൾക്കും പരീക്ഷ നടത്താൻ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു ശുപാർശ പ്രവേശനപരീക്ഷാ കമ്മിഷണർ നൽകിയത്. ഈ വർഷത്തെ എൻജിനീയറിങ്, മെഡിക്കൽ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിനു വളരെ മുൻപേയാണു ശുപാർശ നൽകിയത്. രാജ്യത്തെ പല പരീക്ഷാ ബോർഡുകളും അനിശ്ചിതത്വത്തിലായതിനാൽ റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള മാർക്ക് സമീകരണത്തിന് ആവശ്യമായ വിവരങ്ങൾ  ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന സാങ്കേതിക പ്രശ്നമാണ് അന്നു ചൂണ്ടിക്കാട്ടിയത്. റാങ്ക് പട്ടിക വൈകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

 

എന്നാൽ മുൻ വർഷങ്ങളിലെപ്പോലെ പ്രവേശനപരീക്ഷയുടെ മാർക്കിനൊപ്പം 12–ാം ക്ലാസ് മാർക്ക് കൂടി തുല്യ അനുപാതത്തിൽ കണക്കാക്കി റാങ്ക് പട്ടിക തയാറാക്കാനുള്ള തീരുമാനമാണു സർക്കാർ അംഗീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം സിബിഎസ്ഇ, ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷ റദ്ദാക്കി.

 

ഇവരുടെ ഫലപ്രഖ്യാപന മാർഗരേഖ പുറത്തുവരികയും അതു കേന്ദ്രവും കോടതിയും അംഗീകരിക്കുകയും ചെയ്താലേ സംസ്ഥാന സർക്കാരിന്  നിലപാട് സ്വീകരിക്കാനാകൂ. സിബിഎസ്ഇയുടെ മാനദണ്ഡം സംസ്ഥാനത്തിന് അംഗീകരിക്കാൻ സാധിക്കാത്തതാണെങ്കിൽ അതിന് അനുസരിച്ചുള്ള തീരുമാനം ഇവിടെയുണ്ടാകും.

 

കോവിഡ് പ്രതിസന്ധിക്കിടയിലും പരീക്ഷയെഴുതി നല്ല മാർക്ക് നേടുന്ന കേരള സിലബസ് വിദ്യാർഥികൾക്ക് തങ്ങളുടെ മാർക്ക് പരിഗണിക്കാത്തതിൽ നിരാശയുണ്ടാകാം. ആഭ്യന്തര മൂല്യനിർണയത്തിലൂടെയും മുൻ വർഷങ്ങളിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മാർക്ക് തീരുമാനിക്കുമ്പോൾ കുറഞ്ഞുപോകുമോയെന്നാണ് സിബിഎസ്ഇ, ഐഎസ്‌സി വിദ്യാർഥികളുടെ ആശങ്ക.

 

പ്രോസ്പെക്ടസ് ഭേദഗതിയാകാം

പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചെങ്കിലും അതിൽ പിന്നീടു ഭേദഗതി വരുത്താൻ സർക്കാരിന് അധികാരമുണ്ട്. എങ്കിലും ഏതെങ്കിലും വിഭാഗം കോടതിയിൽ ചോദ്യം ചെയ്താൽ പ്രവേശന നടപടികൾ നീളാം. എൻജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയാറാക്കുന്നതിനു മുൻപ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി തലത്തിലോ മന്ത്രിസഭാ തലത്തിലോ തീരുമാനം ഉണ്ടാകും.

 

ആവശ്യത്തിനു സമയമുള്ളതിനാൽ തൽക്കാലം പ്രവേശനപരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം.

English Summary: Kerala Engineering Entrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com