ADVERTISEMENT

സർവകലാശാലകളുടെ നിലവാരത്തെക്കുറിച്ച് പഠിച്ച് ക്വാക്വാറലി സിമെൻഡ്സ് (ക്യുഎസ്) വർഷംതോറും പ്രസിദ്ധീകരിക്കുന്ന ആഗോള വിദ്യാഭ്യാസ റാങ്കിങ് പട്ടിക 2022 പുറത്തു വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ സർവകലാശാലകളുടെ സ്ഥാനം അൽപം കൂടി പിന്നിലായെന്നാണു പട്ടിക വെളിപ്പെടുത്തുന്നത്. കേംബ്രിജിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യാണ് ക്യുഎസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷവും എംഐടി തന്നെയായിരുന്നു ഒന്നാമത്. ആദ്യ ഇരുപതിൽ സ്റ്റാൻഫഡ്, ഹാർവഡ്, കാൽ ടെക്ക് എന്നിവ ഉൾപ്പടെ യുഎസ്സിൽ നിന്ന് 9 സർവകലാശാലകൾ. യുകെയിൽനിന്ന് ഒക്സ്ഫഡ്, കേംബ്രിജ്, ഇംപീരിയൽ കോളജ് എന്നിവ ഉൾപ്പടെ അഞ്ചെണ്ണം ഇടം പിടിച്ചു. സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരും (11) നാഷനൽ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (12) ചൈനയിലെ സിങ് ഹ്വ യൂണിവേഴ്സിറ്റിയും (17) പീക്കിങ് യൂണിവേഴ്സിറ്റിയും (18) ആദ്യ ഇരുപതിലിടം പിടിച്ച ഏഷ്യൻ സർവകലാശാലകളാണ്.

 

ഇന്ത്യയിൽനിന്ന് ഒരു സ്ഥാപനവും ആദ്യ നൂറിലില്ല. കഴിഞ്ഞ വർഷം യഥാക്രമം 172, 185, 193 സ്ഥാനങ്ങളിലുണ്ടായിരുന്ന ഐഐടി ബോംബെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവും (ഐഐഎസ്‌സി), ഐഐടി ഡൽഹിയും  ഇത്തവണ 177,186, 185 സ്ഥാനങ്ങളിലാണ്. ആദ്യ 500 ൽ കഴിഞ്ഞ വർഷത്തേതു പോലെ 8 ഇന്ത്യൻ സ്ഥാപനങ്ങളാണുള്ളത്– ഐഐടി ബോംബെ, ഐഐഎസ്‌സി, ഐഐടി ഡൽഹി എന്നിവയ്ക്കു പുറമേ പുറമേ ഐഐടി മദ്രാസ്, ഐഐടി കാൺപുർ, ഐഐടി ഖരഗ്പുർ, ഐഐടി ഗോഹട്ടി, ഐഐടി റൂർക്കി എന്നിവയാണ്‌ അവ. ഈ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളല്ലാതെ മുഖ്യധാരാ സർവകലാശാലകളൊന്നും ആദ്യ അഞ്ഞൂറിലില്ല. തുടർച്ചയായി നാലാം വർഷവും ഐഐടി ബോംബെ ഇന്ത്യയിലെ പ്രഥമസ്ഥാനം നിലനിറുത്തി എന്നതും ശ്രദ്ധേയം. മികച്ച 1000 സർവകലാശാലകളുടെ കൂട്ടത്തിൽ ‍ഡൽഹി സർവകലാശാല (501 - 510 ബാൻഡ്) ജെഎൻയു (561-570 ബാൻഡ്) എന്നിവയ്ക്കു പുറമേ ഐഐടി ഹൈദരാബാദ്, പൂനെ യൂണിവേഴ്സിറ്റി, ജാദവ്പുർ യൂണിവേഴ്സിറ്റി, ബിഎച്ച്‌യു, ജെഎംഇ, ഒപി ജിൻഡാൽ, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, പോണ്ടിച്ചേരി സർവകലാശാല, കൽക്കത്ത സർവകലാശാല എന്നിവയുമുണ്ട്.

 

career-plus-podcast-image-university-ranking
Representative Image, Photo Credit: Billion Photos / Shutterstock.com

ഇതര റാങ്കിങ്ങുകൾ 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വെളിപ്പെടുത്തുന്ന ടൈസ് ഹയർ എജ്യുക്കേഷൻ സർവേ(ടിഎച്ച്ഇ) റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ ഒക്സ്ഫഡ്, സ്റ്റാൻഫഡ്, ഹാർവഡ്, കാൽട്ടെക്ക് എംഐടി എന്നീ  സർവകലാശാലകളാണുള്ളത്. ഷാങ്ഹായി റാങ്കിങ്ങ് കൺസൽറ്റൻസിയുടെ അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് (എആർഡബ്ല്യുയു) അനുസരിച്ച് ഹാർവഡ്, സ്റ്റാൻഫഡ്, കേംബ്രിജ്, എംഐടി, കാൽടെക്ക് എന്നിവയാണ് ഏറ്റവും മികച്ച അഞ്ചു സർവകലാശാലകൾ. ഇവയിലും യുഎസ് സർവകലാശാലകളുടെ മേധാവിത്വം പ്രകടം. ടിഎച്ച്ഇ റാങ്കിങ്ങനുസരിച്ച്  ഐഐഎസ്‌സിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. പക്ഷേ, ഏഷ്യൻ സർവകലാശാലകളിൽ മുപ്പത്തിയേഴാം സ്ഥാനമേ  ഐഐഎസ്‌സിയ്ക്ക് കൈവരിക്കാനായിട്ടുള്ളൂ. എആർഡബ്ല്യുയു പട്ടികയിൽ ആദ്യ 500 ൽ പോലും ഒരിന്ത്യൻ സ്ഥാപനമില്ല. ഐഐഎസ്‌സി; മദ്രാസ്, ‍ഡൽഹി, ഖരഗ്പുർ ഐഐടികൾ; കൊൽക്കത്ത, ഡൽഹി സർവകലാശാലകൾ, ജെഎൻയു എന്നിവ ആദ്യ ആയിരത്തിലുണ്ട്.

 

ഏഷ്യ: അറിവിന്റെ പുതിയ മെക്ക 

പാശ്ചാത്യ സർവകലാശാലകളോട് മത്സരിക്കാനുള്ള കരുത്ത് ഏഷ്യൻ രാജ്യങ്ങളിലെ പല സർവകലാശാലകളും നേടിക്കഴിഞ്ഞെന്ന് റാങ്കിങ് പട്ടികകൾ തെളിയിക്കുന്നു. ക്യുഎസ് റാങ്കിങ്ങിൽ ആദ്യ ഇരുപതെണ്ണത്തിൽ നാലെണ്ണം ( 11, 12 റാങ്കുകളോടെ സിംഗപ്പൂരിലെ എൻയുഎസ്, എൻടിയു ; 17, 18 റാങ്കുകളോടെ ചൈനയിലെ സിങ്ഹ്വ, പീക്കിങ് സർവകലാശാലകൾ) ഏഷ്യൻ സർവകലാശാലകളാണ്. ആദ്യ 50 ൽ 14 ഉം ആദ്യ 100 ൽ 25 ഉം ഏഷ്യൻ സർവകലാശാലകൾ തന്നെ. ഇവയിൽ ആറെണ്ണം ചൈനയിലെയും അഞ്ചെണ്ണം വീതം ഹോങ്കോങ്ങിലെയും ജപ്പാനിലെയുമാണ്. മലേഷ്യ, സൗത്ത് കൊറിയ, തയ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള സർവകലാശാലകളും ആദ്യ നൂറിലുണ്ട്. വിദേശ പഠനത്തിനൊരുങ്ങുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ രാജ്യങ്ങളും ലക്ഷ്യസ്ഥാനങ്ങളായി സ്വീകരിക്കാവുന്നതാണ്. കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഈ സർവകലാശാലകൾ നിരവധി വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്.

 

ഇന്ത്യ പഠിക്കണം 

അക്കാദമിക് പിയർ റിവ്യൂ, അധ്യാപക വിദ്യാർഥി അനുപാതം, അധ്യാപക പ്രബന്ധങ്ങളുടെ ശരാശരി സൈറ്റേഷൻ, എംപ്ലോയർ റിവ്യൂ, വിദേശ വിദ്യാർഥികളുടെയും വിദേശ അധ്യാപകരുടെയും അനുപാതം എന്നിവയ്ക്ക്  നിശ്ചിത വെയ്റ്റേജ് നൽകിയാണ് ക്യുഎസ് റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്. നൊബേൽ സമ്മാനാർഹരുടെയും ഫീൽഡ് മെഡൽ ജേതാക്കളുടെയും എണ്ണം, നേച്ചർ, സയൻസ് ജേണലുകളിൽ പ്രസിധീകരിക്കപ്പെടുന്ന പ്രബന്ധങ്ങൾ, സയൻസ് സൈറ്റേഷൻ ഇൻഡക്സ് എക്സ്പാൻഡഡ്(എസ്‌സിഐഇ), സോഷ്യൽ സയൻസ് സൈറ്റേഷൻ ഇൻഡക്സ് (എസ്‌എസ്‌സിഐ)എന്നിവയിൽ ഇൻഡെക്സ് ചെയ്യപ്പെടുന്ന ലേഖനങ്ങൾ എന്നിവ പരിഗണിച്ചാണ് എആർഡബ്ല്യുയു റാങ്കുകൾ നിശ്ചയിക്കുന്നത്. ഈ ഘടകങ്ങൾ മെച്ചപ്പെടുത്താനായാലേ ഇന്ത്യൻ സർവകലാശാലകൾക്ക് ആഗോള റാങ്കിങ്ങിൽ നില മെച്ചപ്പെടുത്താനാവൂ. ഈ അളവുകോലുകൾ പ്രാദേശിക യാഥാർഥ്യങ്ങളെ പരിഗണിക്കുന്നില്ല എന്നും റാങ്കിങ്ങിനുപയോഗിക്കുന്ന പല മാനദണ്ഡങ്ങളും വസ്തുനിഷ്ഠമല്ലെന്നും വിമർശനങ്ങളുണ്ട്.

 

വിമർശനങ്ങളെ പാടേ തള്ളേണ്ടതില്ല. എങ്കിലും, ഇന്ത്യയിലെ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോള നിലവാരത്തിലേക്കുയരാൻ ഭഗീരഥശ്രമം നടത്തേണ്ടതുണ്ടെന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ചൈന ആവിഷ്കരിച്ച 1995ലെ 211 പ്രോജക്ട്, 1998 ലെ 985 പ്രോജക്ട്, 2015ലെ വേൾഡ് ക്ലാസ് 2.0 എന്നിവയെല്ലാം  ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ ചൈനയ്ക്ക് മേൽക്കൈ നൽകിയത് ഇന്ത്യയ്ക്കും മാതൃകയാവേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പോലും പശ്ചാത്തല സൗകര്യങ്ങളുടെയും അധ്യാപകരുടെ കുറവിന്റെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്  ഐഐടി ബോംബേയിൽ അധ്യാപക വിദ്യാർഥി അനുപാതം 1:13 ആയിരിക്കുമ്പോൾ എംഐടിയിൽ അത് 1:3 ആണ്. ആവശ്യമായ അധ്യാപക തസ്തികകളിൽ മൂന്നിലൊന്ന് ഒഴിഞ്ഞുകിടക്കുന്നു. വിദേശ വിദ്യാർഥികളെയും മികച്ച അധ്യാപകരെയും ആകർഷിക്കുന്നതിലും നമ്മുടെ സ്ഥാപനങ്ങൾ പരാജയപ്പെടുന്നു. ഗുണമേൻമ ഉയർത്തുന്നതിനുള്ള കർമ്മപദ്ധതികൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. അതിനാവശ്യമായ വിഭവശേഷി ഒരുക്കുന്നതിൽ സർക്കാരും ഇൻഡസ്ട്രിയും കൈകോർക്കുകയും വേണം.

English Summary: Why No Indian Universities Are In Top Education Rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com