ADVERTISEMENT

ഓസ്ട്രേലിയയിലെ ലോകോത്തര സർവകലാശാലകളിൽ പ്രവേശനം നേടിയ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ തങ്ങളുടെ സ്വപ്ന ക്യാംപസുകളിൽ എത്താനാവാതെ കുടുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും അധികൃതർ നിസ്സംഗത പാലിക്കുന്നതായി പരാതി. കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ വർഷം മാർച്ചിൽ ഓസ്ട്രേലിയൻ അധികൃതർ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം യാത്ര ക്യാംപസിൽ പഠനം അനിശ്ചിതത്വത്തിലായവരിൽ നൂറിലേറെ മലയാളികളുമുണ്ട്. ഇഷ്ട കോഴ്സിന് പ്രവേശനം നേടി, ലക്ഷക്കണക്കിനു രൂപ വായ്പയെടുത്ത് ഫീസ് അടച്ചവരാണ് ഈ വിദ്യാർഥികൾ.

 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോഴ്സ് ആരംഭിച്ചതു മുതൽ ഈ വർഷം ചേർന്നവർ വരെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. രണ്ടുവർഷ കോഴ്സുകൾക്ക് പ്രവേശനം നേടിയവരുടെ പഠനം ഒരു വർഷം പിന്നിട്ടെങ്കിലും ഇതുവരെ തങ്ങളുടെ ക്യാംപസ് ജീവിതം എന്തെന്ന് പോയിട്ട് കെട്ടിടം പോലും കാണാൻപോലും പറ്റാത്ത അവസ്ഥയിലാണു വിദ്യാർഥികൾ. നാട്ടിലെ വീടുകളിലിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത് കാത്തിരിക്കുന്ന ഇവർക്ക് എന്നാൽ ഫീസിൽ കുറവൊന്നും നൽകിയിട്ടില്ല. അ‍ഡ്മിഷൻ, വീസ, ആദ്യ സെമസ്റ്റർ ഫീസുകൾ എന്നിവ അടക്കം കുറഞ്ഞത് ആറുലക്ഷം രൂപ മുതൽ ഫീസും അടച്ചു വീട്ടിലിരിക്കുന്ന അവസ്ഥ. എത്ര ഓൺലൈൻ എന്നു പറഞ്ഞാലും ഒരു രാജ്യാന്തര ക്യാംപസിൽ പഠിക്കുന്ന അനുഭവവും ‘എക്സ്പോഷറും’ വീട്ടിൽ കിട്ടുമോയെന്നു വിദ്യാർഥികൾ ചോദിക്കുന്നു.

 

കുടുങ്ങിയവർ 15,000

വിദ്യാർഥികൾതന്നെ നടത്തിയ സർവേ പ്രകാരം 15,000ലേറെപേർ ഇങ്ങനെ ക്യാംപസ് കാണാതെ വീട്ടിൽ കഴിഞ്ഞു കൂടുന്നുണ്ടെന്നാണു കണ്ടെത്തിയത്. വിദ്യാർഥികളെക്കൂടാതെ, മറ്റൊരു കൂട്ടരും ഇക്കൂട്ടത്തിലുണ്ട് കോഴ്സിനുശേഷമുളള സ്റ്റേ ബാക്ക് കാലാവധിയിലുള്ളവർ. അവധിക്ക് നാട്ടിലെത്തി കുടുങ്ങിപ്പോയ ഇവർ ഇപ്പോൾ വിദ്യാർഥിയുമല്ല, ജോലിയിലുമല്ല എന്ന ത്രിശങ്കുവിലാണ്

ചെറിയ രാജ്യങ്ങൾപ്പോലും ഓസ്ട്രേലിയൻ അധികൃതരുമായി ചർച്ച നടത്തി തങ്ങളുടെ വിദ്യാർഥികളെ എങ്ങനെയും അവിടെ എത്തിക്കാൻ പരിശ്രമിക്കുമ്പോൾ ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണു വിദ്യാർഥികളുടെ ആക്ഷേപം.

വിദേശരാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സ്വപ്ന ഭൂമിയാണ് ഓസ്ട്രേലിയ. ഇംഗ്ലിഷ് ഭാഷയും രാജ്യാന്തര സൗകര്യങ്ങളും സർവകലാശാലകളുടെ മികച്ച റാങ്കിങും ആണ് വിദ്യാർഥികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നത്. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ലൈബ്രറി, ലാബ്, അതിവിദഗ്ധരായ അധ്യാപകരുടെ സേവനം, ഏറ്റവും പുതിയ പാഠ്യക്രമം, താമസ സൗകര്യങ്ങൾ തുടങ്ങിയ കാര്യത്തിൽ ഓസ്ട്രേലിയ ഒരു പടി മുന്നിലാണ്. മികച്ച ബിസിനസ് മാതൃകകൾ മുതൽ ഇന്നവേഷൻ രംഗത്തെ കാൽവയ്പുകളിൽ വരെ ഓസ്ട്രേലിയ വിദ്യാർഥികൾക്ക് പരിജ്ഞാനത്തിനും പരിശീലനത്തിനുമുള്ള വൻ അവസരമാണു തുറന്നിടുന്നത്. പഠനകാലത്തെ ഓരോ ദിവസവും വിലപ്പെട്ടതായിരിക്കെയാണ് തങ്ങളുടെ ദുരവസ്ഥയെന്നു വിദ്യാർഥികൾ പറയുന്നു. ഇന്ത്യൻ അധികൃതരുടെ മൗനമാണ് അവരെ ഞെട്ടിച്ചത്.

 

പാക്കിസ്ഥാനും നേപ്പാളും വരെ

ചൈന കഴിഞ്ഞാൽ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതലുള്ള വിദേശ വിദ്യാർഥികൾ ഇന്ത്യക്കാരാണ്. യൂറോപ്പ്, ഏഷ്യ ഉൾപ്പെടെയുളള മേഖലകളിൽനിന്നുള്ള വിദ്യാർഥികളാൽ സമൃദ്ധമാണ് ഓസ്ട്രേലിയൻ ക്യാംപസ്. എന്നാൽ ഓസ്ട്രേലിയയിൽ വളരെ കുറവ് വിദ്യാർഥികളുള്ള പാക്കിസ്ഥാൻ, നേപ്പാൾ അടക്കമുള്ള രാജ്യങ്ങൾ ഓസ്ട്രേലിയൻ അധികൃതരുമായി ചർച്ച നടത്തി വിദ്യാർഥികളെ അവിടെയെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ അധികൃതരുടെ സമീപനം ഇതുവരെയും പ്രതീക്ഷ പകരുന്നതല്ലെന്നു വിദ്യാർഥികൾ പറയുന്നു. യാത്രയ്ക്കായി രണ്ട് ഡോസ് വാക്സീനും എടുത്ത് കാത്തിരിക്കുകയാണിവർ. ക്വാറന്റീൻ ഉൾപ്പെടെ ഓസ്ട്രേലിയൻ അധികൃതർ നൽകുന്ന ഏത് നിർദേശവും സ്വീകാര്യമാണെന്ന് വിദ്യാർഥികൾ പറയുന്നു.

 

പുലർച്ചെ നാലരയ്ക്കു ക്ലാസ്

ക്യാംപസിൽ പോയിട്ടില്ലെന്നു മാത്രമല്ല, നാട്ടിലിരിക്കുമ്പോൾ സമയ വ്യത്യാസവും വിദ്യാർഥികളെ വലയ്ക്കുന്നുണ്ട്. പുലർച്ചെ നാലര മുതലാണു ക്ലാസ് തുടങ്ങുന്നതെന്നു പ്രമുഖ യൂണിവേഴ്സിറ്റിയിലെ ഡേറ്റ അനലിറ്റിക്സ് ബിരുദാനന്തര വിദ്യാർഥി പറഞ്ഞു. ഓൺലൈൻ ക്ലാസ്സാണെങ്കിലും ഫീസിൽ കുറവ് വരുത്തിയിട്ടില്ല. ഗ്രൂപ്പ് അസയിൻമെന്റ് ഒട്ടേറെയുള്ള കോഴ്സാണിത്. പരസ്പരമുള്ള ചർച്ചയും മറ്റും പ്രധാനം. എന്നാൽ ഓൺലൈനിൽ ഇത് ഫലപ്രദമാകുന്നില്ല. അധ്യാപകരോടു സംശയം നിവാരണം നടത്താൻ ‘ഡ്രോപ് ഇൻ സെക്‌ഷന്റെ’ സൗകര്യം ലഭിക്കുന്നില്ലെന്നും എൻജിനീയറിങ് ബിരുദധാരിയായ വിദ്യാർഥി പറഞ്ഞു.

 

ഓസ്ട്രേലിയയിൽ സർവകലാശാലകളിൽ ഓൺ ക്യാംപസ് ക്ലാസുകൾ ആരംഭിച്ചിട്ട് മാസങ്ങളായി. ഓൺലൈൻ പഠനത്തിന് അനുമതിയുണ്ടെങ്കിലും വൻതുക ഫീസ് നൽകി കോഴ്സ് പഠിക്കുമ്പോൾ ക്ലാസ് റൂം അന്തരീക്ഷം നഷ്ടമാകുന്നത് അക്കാദമിക്, പരിശീലന രംഗങ്ങളിൽ തങ്ങൾക്കു വൻ നഷ്ടമാണുണ്ടാക്കുന്നുണ്ടെന്ന് എറണാകുളം സ്വദേശിയായ വിദ്യാർഥി പറഞ്ഞു.

 

ഒട്ടേറെ പ്രോജക്ടുകൾ ചെയ്യാനുള്ളതിനാൽ വിദ്യാർഥികൾ നേരിട്ടുവരുന്നതാണ് നല്ലതെന്ന് അധ്യാപകർത്തന്നെ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സാധ്യമല്ലാത്ത അവസ്ഥയിലാണെന്നു പരിസ്ഥിതി പഠനത്തിൽ ബിരുദാനന്തര കോഴ്സ് ചെയ്യുന്ന തൃശൂർ സ്വദേശിയായ വിദ്യാർഥി പറഞ്ഞു. യൂണിവേഴ്സിറ്റിയിലേക്ക് വരാതെ പഠിക്കാനാവില്ലെന്നാണു പ്രഫസർമാർ തന്നെ പറയുന്നത്. പക്ഷേ, ഒന്ന് എത്തിക്കിട്ടേണ്ടേ? വിദ്യാർഥി പറഞ്ഞു. ഇതിനിടെ, വിദേശത്തേക്കു പോകാത്തതിനാൽ വായ്പ നൽകിയ ബാങ്കുകളും ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു.

 

പ്രധാനമന്ത്രി ഇടപെടണം

പ്രശ്നം പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനു പ്രധാനമന്ത്രി നിർദേശം നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഓസ്ട്രേലിയൻ വിദേശ കാര്യ മന്ത്രാലയ അധികൃതരുമായി ചർച്ച നടത്തി നടപടിയെടുക്കണം. ആവശ്യങ്ങൾ ഉന്നയിച്ച് അവർ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചു. മുഖ്യമന്ത്രി അടക്കമുള്ളവരെ കാര്യം ധരിപ്പിച്ചെന്നാണു വിദ്യാർഥികൾ പറയുന്നത്. വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം നൽകണമെന്നും ഘട്ടംഘട്ടമായി നടപടിയെടുക്കാൻ ആർബിഐക്കും ധനമന്ത്രാലയത്തിനും നിർദേശം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. നടപടി ആകുന്നതുവരെ വിദ്യാർഥികൾക്കുള്ള പുതിയ വീസകൾ നൽകുന്നതു നിർത്തിവയ്ക്കാൻ ഓസ്ട്രേലിയൻ അധികൃതരോട് അഭ്യർഥിക്കണം, ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാനമാകുന്നതുവരെ പുതിയ വിദ്യാഭ്യാസ വായ്പകൾ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com