ഈ എ പ്ലസ് നേട്ടത്തിന് ഇരട്ടി തിളക്കം: സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് സ്കൂളിന്റെ അഭിമാനതാരമായി ജോയൽ

HIGHLIGHTS
  • സമീപകാലത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം കൈവരിച്ച ഏക വിദ്യാർഥിയുമാണ്.
joyal-joshi
SHARE

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ ജോയൽ ജോഷി എന്ന വിദ്യാർഥിക്ക് ഒരു അഗ്നിപരീക്ഷ തന്നെയായിരുന്നു. എന്നാൽ ജന്മനാ സെറിബ്രൽ പാൾസി  രോഗ ബാധിതനായ ജോയൽ തന്റെ ശാരീരിക പ്രതിസന്ധികളോട് പൊരുതി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് വാങ്ങി മിന്നുന്ന വിജയമാണ് കൈവരിച്ചിരിക്കുന്നത്. തൃശ്ശൂർ ഒല്ലൂരിലെ വൈലോപ്പിള്ളി എസ് എം എം ഗവൺമെൻറ് സ്കൂളിലെ വിദ്യാർഥിയായ ജോയൽ സ്കൂളിന്റെ ചരിത്രത്തിൽ  സമീപകാലത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്  നേട്ടം കൈവരിച്ച ഏക വിദ്യാർഥിയുമാണ്. 

കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കുന്നതിന് ഏറെ പരിമിതികൾ ഉണ്ടെങ്കിലും എസ്എസ്എൽസി ബോർഡ് എക്സാം ഒഴികെ മറ്റെല്ലാ പരീക്ഷകളും ഇന്നോളം ജോയൽ തനിയെയാണ് എഴുതിയത്. എന്നാൽ  സ്കൂളിനു പുറത്തുള്ള അധ്യാപകർക്ക് മൂല്യനിർണയത്തിന് ബുദ്ധിമുട്ട് ഉണ്ടാവാനുള്ള സാധ്യത  കണക്കിലെടുത്ത് അവസാന പരീക്ഷ എഴുതാനായി സഹായിയെ നിയോഗിച്ചിരുന്നു. 

പക്ഷേ അപ്പോഴും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.  ജോയൽ സംസാരിക്കുന്ന വേഗത അനുസരിച്ച് പരീക്ഷയെഴുതാൻ പരിശീലനം  നൽകിയ വിദ്യാർഥിക്ക് പനി വന്നതിനെത്തുടർന്ന് ഇടയ്ക്ക് മറ്റൊരു കുട്ടിയുടെ സഹായം തേടേണ്ടി വന്നു. ഏറെ ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും തന്റെ പരിശ്രമങ്ങൾക്കെല്ലാം മികച്ച ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജോയൽ. . 

മകന്റെ അസുഖം മൂലം  ആദ്യകാലത്ത് പല സ്കൂളുകളിലും അഡ്മിഷൻ ലഭിക്കാൻ ഏറെ പ്രയാസം നേരിട്ടിരുന്നതായി ജോയലിന്റെ അമ്മയായ പിങ്കി ജോഷി പറയുന്നു.

ചിയാരത്തെ സെന്റ് മേരിസ് സ്കൂളിലാണ് ജോയൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാനോ ആഹാരം കഴിക്കാനോ സാധിക്കാത്തതിനാൽ  ആദ്യകാലങ്ങളിൽ  അമ്മൂമ്മയും ജോയിലിനൊപ്പം സ്കൂളിൽ എത്തിയിരുന്നു. അന്നുതൊട്ടിന്നോളം പഠിച്ച സ്കൂളുകളിലെ എല്ലാ   അകമഴിഞ്ഞ പിന്തുണയാണ്  ജോയലിന് നൽകി വരുന്നത്. ഇതിനു പുറമെ ചിട്ടയായ പഠനവും  ട്യൂഷനും മാതാപിതാക്കളുടെ പിന്തുണയുമാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് ജോയൽ പറയുന്നു. 

സാമൂഹ്യ ശാസ്ത്രമാണ് ജോയലിന് പ്രിയപ്പെട്ട വിഷയം.  പത്രവായന ഏറെ ഇഷ്ടപ്പെടുന്ന ജോയലിന്  രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുമുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ  കേന്ദ്ര സർക്കാരിന്റെ എൻഎംഎംഎസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ സ്കോളർഷിപ്പും കരസ്ഥമാക്കിയിരുന്നു. സിവിൽ സർവീസ് നേടണം എന്നതാണ് മികച്ച പ്രാസംഗികൻ കൂടിയായ ജോയലിന്റെ  സ്വപ്നം . അമ്മയും പ്രവാസിയായ അച്ഛൻ ജോഷിയും രണ്ട് സഹോദരിമാരുമടങ്ങുന്നതാണ് ജോയലിന്റെ  കുടുംബം .

English Summary: Success Story Of Joyal Joshy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA