ADVERTISEMENT

വീടുകൾ ക്ലാസ് മുറികളായിട്ട് ഒന്നര വർഷം. സ്കൂൾ  തുറന്ന് കിട്ടിയാൽ മതിയെന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പറയുന്നുണ്ട്. ഓൺലൈൻ ക്ലാസ് ഇവരുടെയൊക്കെ ജീവിതം എങ്ങനെ മാറ്റി മറിച്ചു. അന്വേഷണം ഇന്നു മുതൽ...

 

സ്കൂൾ തുറക്കുന്നില്ല, ഇനി  ക്ലാസ് ഓൺലൈനിലെന്നു കഴിഞ്ഞ വർഷം കേട്ടപ്പോൾ ആദ്യം സന്തോഷിച്ചത് അമ്മമാരാണ്. വെളുപ്പാൻകാലത്ത് ഉണർന്ന് ചോറും കറിയും വച്ചു കുട്ടികളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത്, സമയത്തു ബസ് കയറ്റി വിടേണ്ടല്ലോ എന്നായിരുന്നു മനസ്സിൽ. പക്ഷേ, ഇപ്പോൾ അമ്മമാർ തലയിൽ കൈവച്ചു പറയുന്നു–

 

‘പണ്ടൊക്കെ കുട്ടികൾ രാവിലെ സ്കൂളിൽ പോയാലെങ്കിലും സ്വസ്ഥത ഉണ്ടായിരുന്നു. ഇപ്പോൾ പകലും രാത്രിയും ഒരു സമാധാനവുമില്ല’

രാവിലെ 8.30ന് ക്ലാസ് തുടങ്ങുമെന്നിരിക്കെ 8.25 വരെ കിടന്നുറങ്ങുന്ന കുട്ടിയെ വിളിച്ചുണർത്തുന്നതിൽ തുടങ്ങുന്നു ഓൺലൈൻ പ്രാരബ്ധങ്ങൾ. ക്ലാസ് ഓൺ ചെയ്തു വച്ചിട്ടാണു പല്ലുതേപ്പ് മുതലുള്ള കാര്യങ്ങൾ. മുഖം കഴുകി, മുടിയൊതുക്കി അറ്റൻഡൻസ് എടുക്കുമ്പോഴേക്ക് ഓടി വന്നു വിഡിയോ ഓൺ ചെയ്യും. ക്ലാസിൽ കണ്ടില്ലല്ലോയെന്നു ടീച്ചർ ചോദിച്ചാൽ മറുപടിയും ഓൺലൈനായെത്തും – നെറ്റ് കട്ടായി സർ. പണ്ടൊക്കെ സ്കൂളിൽ വരാതിരുന്നതിനു കാരണം ചോദിക്കുമ്പോൾ ‘അപ്പൂപ്പൻ മരിച്ചു പോയി’ എന്നു പറയും പോലൊരു സ്ഥിരം മറുപടി.

 

പണി കിട്ടിയത് അമ്മമാർക്ക്

കുട്ടികൾ സ്കൂളിൽ പോകുന്ന കാലത്തെ ജോലിത്തിരക്ക് രാവിലെ 9ന് തീരുമായിരുന്നെങ്കിൽ ഇപ്പോൾ രാത്രി 9 ആയാലും തീരുന്നില്ല. അധ്യാപകർ പറഞ്ഞാൽ അനുസരിക്കും, അതേകാര്യം വീട്ടുകാർ പറഞ്ഞാൽ അനുസരിക്കില്ല എന്നതാണല്ലോ മാതാപിതാക്കൾക്കു കുട്ടികളെക്കുറിച്ചുള്ള  വലിയ പരാതി. ആ പരാതി ഏതാണ്ട് അരക്കിട്ടുറപ്പിച്ചു, ഈ ഓൺലൈൻ കാലം.

 

വിക്ടേഴ്സ് ചാനലായാലും അധ്യാപകരുടെ ക്ലാസായാലും കുട്ടികളെ ഓടിച്ചിട്ടു പിടിച്ചു കൊണ്ടുവന്ന് ‘ക്ലാസിൽ’ ഇരുത്തുകയാണ് ആദ്യ ടാസ്ക് . ഇനി ആ സമയം കറന്റ് ഇല്ലെങ്കിൽ ആ ക്ലാസ് മിസ്സായി. യൂട്യൂബിൽനിന്നോ അധ്യാപകരിൽ നിന്നോ മറ്റോ ക്ലാസ് കേട്ടു പഠിച്ചു കുട്ടിയെ പഠിപ്പിക്കേണ്ട ജോലി മാതാപിതാക്കൾക്കായി. 

 

നോട്ടെഴുതിച്ചും (കുറെയൊക്കെ എഴുതിക്കൊടുത്തും) ഹോംവർക്ക് ചെയ്യിപ്പിച്ചും പിറ്റേന്നത്തെ ക്ലാസിലേക്കുള്ള ഒരുക്കങ്ങൾ വേറെ. മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ഇതൊക്കെ സ്വയം ചെയ്യുമെങ്കിലും മാതാപിതാക്കളുടെ നോട്ടമില്ലാതെ പറ്റില്ല. അല്ലെങ്കിൽ ടീച്ചറുടെ വിളിയെത്തും.

 

ജോലിക്കു പോകുന്ന മാതാപിതാക്കളാണെങ്കിൽ ഇത്തരം കാര്യങ്ങളെല്ലാം വീണ്ടും കുഴഞ്ഞു മറിയും. മൊബൈൽ ഫോൺ കുട്ടികളെ ഏൽപിച്ച്, അവർ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ആ പോക്ക്. ആ സമയം ചാറ്റിങ്ങിലാണോ ഗെയിം കളിക്കുകയാണോ എന്നൊന്നും അറിയാൻ ഒരു വഴിയുമില്ല.

 

ഓൺലൈൻ ക്ലാസ് പലവിധം

 

സ്റ്റേറ്റ് സിലബസ് -മലയാളം / ഇംഗ്ലിഷ് മീഡിയം

 

ഓരോ ക്ലാസുകളിലേക്കുമുള്ള വിഡിയോ ടൈംടേബിൾ അനുസരിച്ചു വിക്ടേഴ്സ് ചാനലിൽ ടെലികാസ്റ്റ് ചെയ്യും. ഇതിന്റെ തുടർച്ചയായി അതതു സ്കൂളുകളിലെ അധ്യാപകർ കുട്ടികൾക്കായി സൂം/ ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ക്ലാസുകൾ നടത്തും. 

 

അധ്യാപകരുടെയും കുട്ടികളുടെയും സൗകര്യമനുസരിച്ചു പലപ്പോഴും രാത്രിയിലായിരിക്കും ഈ ക്ലാസ്. വിക്ടേഴ്സ് ക്ലാസിൽ പങ്കെടുക്കുന്ന കുട്ടിക്കു പാഠഭാഗത്തെക്കുറിച്ച് ഏകദേശ രൂപം കിട്ടുമെങ്കിൽ അതു വായിച്ചു പഠിപ്പിക്കൽ, നോട്ടെഴുത്ത്, ചാർട്ട് ഉണ്ടാക്കൽ തുടങ്ങിയ ആക്ടിവിറ്റികളെല്ലാം സ്കൂളിലെ അധ്യാപകരുടെ മേൽനോട്ടത്തിലാണു നടത്തുന്നത്.

 

സിബിഎസ്ഇ / ഐസിഎസ്ഇ

 

സ്കൂളിലേതിനു സമാനമായി മിക്ക സ്കൂളുകളും ഉച്ചവരെയോ അതിൽ കൂടുതലോ സമയം റഗുലർ ക്ലാസുകളാണു നടത്തുന്നത്. ചെറിയ ക്ലാസുകളിൽ വിഡിയോ അപ്‌ലോഡ് ചെയ്തു നൽകും.

 

സ്കൂൾ ഒരു സ്വർഗം

സ്കൂളിലെത്തുന്ന കുട്ടികൾ 10  മുതൽ 4 വരെയുള്ള സമയം അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കും. ക്ലാസിൽ പാഠങ്ങൾ ഉറക്കെ വായിക്കാം. പാട്ടുകൾ ഈണത്തിൽ ഒരുമിച്ചു പാടാം. വായിക്കുകയും ആവർത്തിച്ചു കേൾക്കുകയുമൊക്കെ ചെയ്യുമ്പോൾ അവ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും. അവിടെ അവരെ ശല്യപ്പെടുത്താൻ അടുക്കളയിലെ കുക്കറിന്റെ വിസിലോ വീട്ടിലെ സംസാരമോ അയൽവീട്ടിലെ ബഹളങ്ങളോ പലഹാരപ്പാത്രം തുറക്കാൻ അടുക്കളയിലേക്കുള്ള നടപ്പോ ഒന്നുമില്ല. നോട്ടുകളും അപ്പപ്പോൾത്തന്നെ എഴുതിയെടുക്കാം.

 

തിരിച്ചു വീട്ടിലെത്തുമ്പോൾ ഹോം വർക് ചെയ്യുക, പാഠഭാഗങ്ങൾ പഠിക്കുക, ആക്ടിവിറ്റികൾ തീർക്കുക തുടങ്ങിയ പണികളേ ഉണ്ടാവൂ. വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള സമയം കുട്ടികളെ ശ്രദ്ധിച്ചാൽ തീരുമായിരുന്നു മാതാപിതാക്കളുടെ ഉത്തരവാദിത്തം. അതാണിപ്പോൾ ഫുൾടൈം ഫ്രീ പാക്കേജായി കിട്ടിയിരിക്കുന്നത്.

 

ബ്രേക്ക് വേണം

ഒരു വിദ്യാർഥിക്കു തുടർച്ചയായി ഏകാഗ്രമായിരിക്കാൻ കഴിയുന്ന പരമാവധി സമയം 2 മണിക്കൂറാണ്. ഈ 2 മണിക്കൂറിനിടയിൽത്തന്നെ ഓരോ 25 മിനിറ്റ് കൂടുമ്പോഴും 5 മിനിറ്റ് വീതം ബ്രേക്ക് വേണം. 2 മണിക്കൂറിനു ശേഷം 20 മിനിറ്റും ബ്രേക്ക് എടുക്കണം.

സ്കൂളിൽ ഓരോ പീരിയഡ് കഴിയുമ്പോഴും കുട്ടികൾ പുറത്തിറങ്ങും. വെള്ളം കുടിക്കും. വരാന്തയിലും ഗ്രൗണ്ടിലുമായി ഓടി നടക്കും. ഇതൊക്കെ കൂടാതെ ഡ്രിൽ പീരിയഡുമുണ്ട്. വീട്ടിലിരിക്കുമ്പോൾ കുട്ടികൾക്ക് അധിക ഊർജം പുറത്തു കളയാൻ വഴിയില്ല.

 

ഓരോ ക്ലാസിനു ശേഷവും 20 മിനിറ്റ് ബ്രേക്ക് എന്നാണ് ഓൺലൈൻ ടൈം ടേബിളിൽ. പക്ഷേ അധ്യാപകർ പലപ്പോഴും 10 മിനിറ്റ് കൂടി ക്ലാസെടുക്കും. പിന്നെയുള്ള 10 മിനിറ്റ് ചാറ്റിങ്ങും വിഡിയോ ഗെയിമും ഒക്കെയായി പോകും. അപ്പോഴേക്കും അടുത്ത ടീച്ചർ എത്തും. കണ്ണുകൾ വീണ്ടും സ്ക്രീനിലേക്ക്.

 

ടീച്ചറേ ഞാനും പുതച്ചിരുന്നോട്ടെ

മുരിക്കാശേരി കിളിയാർകണ്ടം ഹോളി ഫാമിലി സ്കൂളിലെ ഏഴാം ക്ലാസിന്റെ ഓൺലൈൻ ക്ലാസ്. പുതപ്പു പുതച്ചാണ് ലിയോ സോണി ക്ലാസിലിരുന്നത്. ഇടുക്കിയല്ലേ. പോരാത്തതിനു തണുപ്പുകാലവും. അതുകൊണ്ടു ടീച്ചർ ഒന്നും പറഞ്ഞില്ല. ക്ലാസ് കഴിഞ്ഞ് എന്തെങ്കിലും സംശയം ഉണ്ടോ എന്ന സോണിയ ടീച്ചറുടെ ചോദ്യത്തിന് ആൻഡ്രൂസിന്റെ മറുപടി ഇങ്ങനെ– ടീച്ചറേ ലിയോ സോണിയെപ്പോലെ നാളെ ഞാനും പുതച്ചിരുന്നോട്ടെ!

 

English Summary: Challenges of E-Learning during COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com