ബംഗാളിൽ നിന്നെത്തി സമ്പൂർണ എ പ്ലസ്, ഇനി റോക്ഷത്തിനു ദിലീപിനെ കാണണം

HIGHLIGHTS
  • സ്‌കൂളിൽ ആദ്യ സമ്പൂർണ എ പ്ലസ് വിജയമാണ് റോക്ഷത്തിന്റേത്
rokshath-with-family
റോക്ഷത് ഖാത്തൂൻ, റോക്ഷത്ത് കുടുംബത്തോടൊപ്പം
SHARE

പഠിക്കാൻ മിടുക്കിയായ, ബാങ്ക് ജോലി ആഗ്രഹിക്കുന്ന, മലയാളത്തെ ഏറെ സ്നേഹിക്കുന്ന റോക്ഷത് ഖാത്തൂൻ പക്ഷേ മലയാള സിനിമകൾ കാണുന്നത് ദിലീപിന്റെ മാത്രമാണ്. അത്രയ്ക്ക് അടിയുറച്ചു പോയി ദിലീപിനോടുള്ള ആരാധന. നേരിൽ കാണണമെന്നാണ് റോക്ഷതിന്റെ ആഗ്രഹം.

കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാർഥിനിയായ റോക്ഷത് ഖാത്തൂൻ എന്ന ബംഗാൾ സ്വദേശി ഇന്ന് സ്കൂളിന്റെയും വെള്ളിമാടുകുന്നിന്റെയും മാത്രമല്ല, കോഴിക്കോടിന്റെതന്നെ അഭിമാനമാണ്. ഒരിക്കൽ ബംഗാളി എന്നു വിളിച്ചു കളിയാക്കിയ സഹപാഠികൾക്കു മുന്നിൽ, എസ്എസ്എൽസിക്ക് മലയാളം ഉൾപ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടി, വേണമെന്നു വച്ചാൽ ബംഗാളിക്കു മലയാളിയാവാനും കഴിയും എന്നു തെളിയിച്ചിരിക്കുകയാണ് റോക്ഷത് ഖാത്തൂൻ. സ്‌കൂളിന്റെ ചരിത്രത്തിലെ ആദ്യ സമ്പൂർണ എ പ്ലസ് വിജയമാണ് റോക്ഷത്തിന്റേത്.

നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോഴാണ് റോക്ഷത് ഖാത്തൂൻ കേരളത്തിലെത്തുന്നത്. പിതാവ് റഫീഖ് തൊഴിലാവശ്യത്തിനായി ആദ്യം കേരളത്തിലെത്തി. കോഴിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലി നേടിയ അദ്ദേഹം പിന്നീട് ഭാര്യ നൂർജഹാനെയും മക്കളെയും കൂടെ കൂട്ടി. വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിൽ മലയാളം മീഡിയത്തിൽ മക്കളെ ചേർക്കുമ്പോൾ അവർക്ക് ആശങ്കകൾ ഏറെയായിരുന്നു. എന്നാൽ ഭാഷയെച്ചൊല്ലിയുള്ള ആ ആശങ്കകളെ മറികടന്ന് കുട്ടികൾ പഠിച്ചു.

ബംഗാളി എന്ന പരിഹാസവിളി 

പുതിയൊരു നാട്ടിലെത്തിയതിന്റെ വിഷമം തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും കേരളവുമായി പെട്ടെന്നു ചേർന്നു പോകാൻ തങ്ങൾക്കായെന്ന് റോക്ഷത് പറയുന്നു. അയൽക്കാരോടും അധ്യാപകരോടും സഹപാഠികളോടുമെല്ലാം സംസാരിച്ചാണ് മലയാളം പഠിച്ചെടുത്തത്. വീട്ടിൽ ബംഗാളിയാണ് ഇപ്പോഴും സംസാരിക്കുന്നതെങ്കിലും പുറത്ത് പച്ചവെള്ളം പോലെ മലയാളം പറയാൻ റോക്ഷത്തിനു കഴിയും. എന്നാൽ അമ്മ നൂർജഹാൻ മലയാളം പഠിച്ചു വരുന്നതേയുള്ളൂ.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, ഒന്നാം തരം മുതൽ പത്താം തരം വരെ സഹപാഠികളുടെ ബംഗാളി എന്ന കളിയാക്കിവിളി ഉണ്ടായിരുന്നുവെന്നു റോക്ഷത്. തുടക്കത്തിൽ സങ്കടം തോന്നിയെങ്കിലും പിന്നീട്, താൻ ബംഗാളി ആണല്ലോ, ബംഗാൾ തന്നെയാണല്ലോ തന്റെ സ്വദേശം എന്ന ചിന്തയിൽ ആ വിളികളെ ഉൾക്കൊള്ളാനും ചിരിച്ചു തള്ളാനും റോക്ഷത് പഠിച്ചു. എന്നാൽ നല്ല സൗഹൃദങ്ങളും തനിക്ക് സ്‌കൂളിലുണ്ടെന്നു റോക്ഷത് പറയുന്നു. 

അധ്യാപകർ നൽകിയ പിന്തുണ 

ഒന്നാം ക്ലാസ് മുതൽ അധ്യാപകർ മികച്ച പിന്തുണയാണ് റോക്ഷത്തിനും സഹോദരിക്കും നൽകിയത്. വീട്ടിൽ മലയാളം അറിയാവുന്ന ആരുമില്ല എന്നതിനാൽ പാഠങ്ങൾ വ്യക്തമായി പഠിപ്പിക്കുമായിരുന്നു. മുന്നോട്ടു പോകുംതോറും ബംഗാളി എന്ന തോന്നൽ തന്നെ ഇല്ലാതെയായി. മലയാളത്തോട് അത്രത്തോളം ചേർന്നു നിൽക്കാൻ റോക്ഷത്തിനും സഹോദരിക്കും കഴിഞ്ഞു.

അധ്യാപകരുടെ പിന്തുണയുടെ വെളിച്ചത്തിൽ മലയാളം കവിതാരചന മത്സരങ്ങളിലും റോക്ഷത് പങ്കെടുത്തിട്ടുണ്ട്. കേരളം തനിക്ക് സ്വന്തം നാടു തന്നെയാണെന്നാണ് റോക്ഷത്  പറയുന്നത്. താൻ പഠിച്ച സ്‌കൂളിലേക്ക് ആദ്യത്തെ സമ്പൂർണ എ പ്ലസ് വിജയം കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം റോക്ഷത്  മറിച്ചുവയ്ക്കുന്നില്ല. വിജയം അറിഞ്ഞപ്പോൾ മുതൽ ബംഗാളിലുള്ള ബന്ധുക്കൾ വിളിച്ച് അഭിനന്ദിക്കുകയാണ്. തന്റെ വിജയത്തിൽ അവരും ഏറെ സന്തോഷിക്കുന്നതായി റോക്ഷത്  പറയുന്നു. വെക്കേഷന് നാട്ടിൽ പോയി വിജയം ആഘോഷിക്കണം എന്നാണ് ആഗ്രഹം. 

ദിലീപേട്ടൻ വിളിക്കും; കാത്തിരിക്കുന്നു

മലയാളം ഏറെ ഇഷ്ടപ്പെടുന്ന റോക്ഷതിനോട് മലയാള സിനിമയെപ്പറ്റി ചോദിച്ചാൽ ദിലീപിനെപ്പറ്റി വാചാലയാകും. തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമുള്ള നടനാണ് അദ്ദേഹമെന്നും താൻ ഇതുവരെ ദിലീപ് സിനിമകൾ മാത്രമേ കണ്ടിട്ടുള്ളൂവെന്നും റോക്ഷത്  പറയുന്നു. വിജയം എങ്ങനെ ആഘോഷിക്കും എന്ന ചോദ്യത്തിന് ദിലീപേട്ടനെ കാണാൻ ആഗ്രഹമുണ്ട് എന്നാണ് റോക്ഷതിന്റെ മറുപടി. 

English Summary: Success Story of Rokshath Khatoon-A Bengali Student Got Full A Plus In SSLC Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA