ADVERTISEMENT

പഠിച്ചുപഠിച്ചു തല കേടാകുന്നു ടീച്ചർമാരേ. നോട്സ് ഇങ്ങനെ ഇടല്ലേ. പത്തുപതിനഞ്ച് ഫോട്ടോ ഒക്കെ ഇട്ടാൽ എങ്ങനെ എഴുതാനാണ്... 

ഓൺലൈൻ ക്ലാസിൽ നോട്ട് എഴുതി മടുത്ത ബാലൻ ടീച്ചർമാരോടു നടത്തുന്ന അഭ്യർഥന യൂട്യൂബിലൂടെ കേരളമാകെ കണ്ടതാണ്.  ഓരോ കുട്ടിക്കും പറയാനുണ്ടാകും ഇത്തരം ഒരുപാടു പരാതികൾ.  സ്കൂളിൽ പോകുന്നില്ലെങ്കിലും സ്കൂളിൽ ചെയ്യുന്ന ഏതാണ്ടെല്ലാ പരിപാടികളും ഓൺലൈൻ വഴിയും നടത്തണം. നോട്ടെഴുത്ത്, പ്രോജക്ട് വർക്, അസൈൻമെന്റ് തുടങ്ങി കലാമത്സരങ്ങൾ വരെ നടത്തുന്നു പല സ്കൂളുകളും. 

 

കോട്ടയത്തെ സിബിഎസ്ഇ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ ഓൺലൈൻ അനുഭവം ഇങ്ങനെ: 

 

ക്ലാസ് കഴിഞ്ഞാൽ അതിന്റെ നോട്ടുകൾ ഓരോ ക്ലാസിന്റെയും വാട്സാപ് ഗ്രൂപ്പുകളിലാണ് ഷെയർ ചെയ്യുന്നത്. അഞ്ചോ ആറോ വിഷയങ്ങൾക്കുള്ള നോട്ടുകൾ പല ദിവസങ്ങളിലായി ഇടും. അധ്യാപകരുടെ ഫോൺ ക്യാമറയുടെ ഗുണനിലവാരം അനുസരിച്ചിരിക്കും അക്ഷരങ്ങളുടെ വ്യക്തത.  പത്തോ പതിനഞ്ചോ പേജുകൾ മൊബൈൽ ഫോണിന്റെ ചെറിയ ക്യാമറയിൽ സൂം ചെയ്ത് എഴുതുന്നതു തന്നെ നല്ല പണിയാണ്. നോട്ടെഴുതി അതിന്റെ ഫോട്ടോ എടുത്ത് അധ്യാപകർക്കു തിരിച്ചയച്ചു കൊടുക്കണം.

അധ്യാപകദിനം, ഭൗമദിനം, യോഗദിനം തുടങ്ങി സ്പെഷൽ ദിനങ്ങളോടനുബന്ധിച്ചു പോസ്റ്ററുകൾ ഡിസൈൻ ചെയ്യണം. ചിലർ വിഡിയോ ചെയ്യാനാണ് ആവശ്യപ്പെടുന്നത്.   ദിവസവുമുണ്ടാകും ഹോംവർക്ക്. പലതരം പരീക്ഷകൾ വേറെ. ചുരുക്കിപ്പറഞ്ഞാൽ ഫോണിൽനിന്നു കണ്ണെടുക്കാൻ നേരം കിട്ടുന്നില്ല.   

 

പരിഹാരം

∙ ഉച്ച വരെ തുടർച്ചയായി  ക്ലാസെടുക്കുന്നതിനു പകരം രാവിലെയും വൈകിട്ടും രണ്ടോ മൂന്നോ മണിക്കൂർ വീതം ക്ലാസെടുക്കുക.

∙ ക്ലാസുകൾക്കിടയിൽ 15 മിനിറ്റ് ബ്രേക്ക് ഉറപ്പാക്കുക. 

∙ഒറ്റ ദിവസം ഒരുപാട് നോട്ട് എഴുതേണ്ട അവസ്ഥ വരാതെ അധ്യാപകർ തമ്മിൽ ചർച്ച ചെയ്ത ശേഷം നോട്ടുകൾ ഇടുക. 

 

പിള്ളേരെ പിടിത്തം മുതൽ ഫീസ് പിരിവ് വരെ 

സർക്കാർ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കു ബാധിച്ചിരിക്കുന്നത് സ്വകാര്യ സ്കൂൾ അധ്യാപകരെയാണ്. കൊഴിഞ്ഞു പോക്കിന്റെ കാരണം ഇവർ കാണിക്കേണ്ടി വരുന്നു.

പഠിപ്പിക്കുന്നതിനൊപ്പം ഫീസ് പിരിക്കുന്നതും ഇപ്പോൾ അധ്യാപകരുടെ ജോലിയായി.  സ്കൂളുകൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ ജോലിക്കും കുറവില്ല. സ്കൂളുകളിൽ പോയി പഠിപ്പിച്ചിരുന്നപ്പോൾ ഇത്രയും അധ്വാനം വേണ്ടിവന്നിരുന്നില്ലെന്ന് പലരും പറയുന്നു.  പല സ്കൂളുകളും ശമ്പളവും കുറച്ചിട്ടുണ്ട്.

ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപിക ഗർഭിണി ആയതിനെത്തുടർന്ന് അവധിയിൽ പ്രവേശിക്കുവാൻ അനുവാദം ചോദിച്ചു. അവധിക്കു പകരം ജോലി സമയം കുറയ്ക്കാം എന്നായിരുന്നു സ്കൂളിന്റെ പക്ഷം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോലി പഴയപടി ആകുകയും സമ്മർദം കൂടുകയും ചെയ്തു. ഇതവസാനിച്ചത് ബ്ലീഡിങിലാണ്.

ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ ഏറെയാണ്. എന്നാൽ ഓരോ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റവും പഴയ തലമുറയിലെ അധ്യാപകരെ കൂടുതൽ വലയ്ക്കുന്നു.

‘അമ്മയ്ക്ക് പേടിയാണ്. ക്ലാസ് കട്ടാകുമോ, ശബ്ദം കേൾക്കാമോ, കുട്ടികൾ എല്ലാവരും ഉണ്ടോ, എങ്ങനെ സ്ക്രീൻ ഷെയർ ചെയ്യും എന്നെല്ലാം. ഞാനാണ് സഹായിക്കുക. ക്യാമറയിൽ പതിയാതെ ഞാനും മുറിയിൽ കൂട്ടിരിക്കും.’ ജില്ലയിലെ സ്വകാര്യസ്കൂളിലെ അധ്യാപികയുടെ മകൾ പറയുന്നു. 

 

 

സിബിഎസ്ഇ സ്കൂളിലെ അധ്യാപിക പറയുന്നു:

 

നേരത്തെ ഒരു ബാച്ചിനു മുഴുവനായി ഒറ്റ ക്ലാസ് എടുത്താൽ മതിയെങ്കിൽ ഡിവിഷൻ തിരിച്ചായി ഇപ്പോൾ ക്ലാസുകൾ.  4 മണിക്കൂർ തുടർച്ചയായി  ഓൺലൈൻ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് പല അധ്യാപകരും. സ്കൂളിൽ ക്ലാസെടുക്കുന്നതിന്റെ എത്രയോ ഇരട്ടി സ്ട്രെയ്ൻ ആണ് ഓൺലൈൻ ക്ലാസിന്. എത്ര വിളിച്ചാലും ക്ലാസിലെ നാലോ അഞ്ചോ കുട്ടികൾ മാത്രമായിരിക്കും പ്രതികരിക്കുക. ക്യാമറ ഓൺ ചെയ്യാൻ പറഞ്ഞാൽ നെറ്റിയുടെ മേൽപോട്ടേ കാണിക്കൂ.  പണ്ട് നോട്ടുകൾ ക്ലാസിൽ പറഞ്ഞു കൊടുത്താൽ മതിയായിരുന്നു. ഇപ്പോഴത് എഴുതി വാട്സാപ്പിൽ ഷെയർ ചെയ്യണം. പരീക്ഷകൾ നടത്തി ഉത്തരക്കടലാസുകൾ ഇമെയിലിൽ വാങ്ങി അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് മാർക്കിടണം. കോപ്പിയടിച്ചില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിൾ സെർച്ച് വരെ ചെയ്യണം. 

 

 

പരിഹാരം 

പാഠഭാഗങ്ങൾ ഏതാനും അധ്യാപകർ പവർ പോയിന്റ് പ്രസന്റേഷൻ ചെയ്ത് കുട്ടികൾക്കു വിഡിയോ ഷെയർ ചെയ്യുക. ഒറ്റ വിഡിയോ ഉപയോഗിച്ച് ഒരു ബാച്ചിനു മുഴുവൻ പഠിക്കാം. ഇതിലെ സംശയങ്ങൾ പരിഹരിക്കാനും കൂടുതൽ വിശദീകരണങ്ങൾക്കും നോട്ടുകൾ നൽകുന്നതിനുമായി ഡിവിഷൻ തിരിച്ച് ഒരു ക്ലാസ് കൂടി വച്ചാൽ ആ ഭാഗം കുട്ടികൾക്കു വ്യക്തമാകും. ക്ലാസിൽ എന്തൊക്കെ പഠിപ്പിക്കുന്നു എന്നു മാതാപിതാക്കൾക്കും മനസ്സിലാക്കാം. തുടർച്ചയായി ക്ലാസിലിരിക്കുന്നതും അനാവശ്യമായി കുട്ടികൾ ഫോൺ കയ്യിൽ വയ്ക്കുന്നതും ഒഴിവാക്കാം. 

 

കണക്ക് കഠിനം 

ഓൺലൈനായി കണക്ക് പഠിപ്പിക്കുന്നതാണ് ഏറ്റവും വലിയ ടാസ്കെന്ന് അധ്യാപകർ. എത്ര സൂം ചെയ്ത് കാണിച്ചാലും സ്റ്റെപ് മനസ്സിലാവണമെന്നില്ല. ഇതിനിടെ കറന്റ് പോയാൽ അതുവരെ മനസ്സിലാക്കിയതൊക്കെ പോകും. 

   ഒന്നോ രണ്ടോ കണക്കുകൾ ക്ലാസിൽ ചെയ്യിച്ച് ബാക്കി ഹോംവർക്ക് നൽകുകയാണ് അധ്യാപകർ പലപ്പോഴും ചെയ്യുന്നത്. എന്നാൽ എക്സർസൈസ് മുഴുവൻ ക്ലാസിൽ തന്നെ ചെയ്യിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. 

 

 

ടീച്ചറേ ലെഫ്റ്റ്  ആയിക്കോട്ടെ 

രണ്ടോ മൂന്നോ കുട്ടികൾക്ക് ഒരു ഫോൺ എന്ന നിലയിലാകും പല വീടുകളിലെയും ഉപയോഗം. ക്ലാസുകൾ പല സമയത്തു നടക്കുന്നത് ഇത്തരക്കാർക്ക് അനുഗ്രഹം തന്നെയാണ്. ചെറിയ ക്ലാസുകളിൽ ഒരു മണിക്കൂർ ക്ലാസെടുക്കുമ്പോൾ മുതിർന്ന കുട്ടികൾക്ക് കൂടുതൽ ക്ലാസുകളുണ്ടാവും.  ടീച്ചറുടെ ക്ലാസ് പുരോഗമിക്കുന്നതിനിടെയാകും പല കുട്ടികളുടെയും ചോദ്യം. ‘ടീച്ചറെ ലെഫ്റ്റായിക്കോട്ടെ. ചേച്ചിക്കു ഫോൺ കൊടുക്കണം’. ഓൺലൈൻ ക്ലാസ് പോലും നേരെ ചൊവ്വേ കൂടാൻ കഴിയാതെ ഇങ്ങനെ എത്രയെത്ര കുട്ടികൾ!

 

ചെലവ്

ഓൺലൈൻ ക്ലാസിനു വേണ്ടി മിക്ക വീടുകളിലും ഫോണും ലാപ്ടോപ്പുമൊക്കെ പുതിയതായി വാങ്ങുകയോ പഴയതു സർവീസ് ചെയ്തെടുക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. 3000 മുതൽ 30,000 രൂപയാണ് മാതാപിതാക്കൾക്ക് ഈയിനത്തിലുണ്ടായ അധികച്ചെലവ്. 

 

ഡേറ്റ  

ഗൂഗിൾ മീറ്റ്, മൈക്രോ സോഫ്റ്റ് ടീംസ്, സൂം മീറ്റ് തുടങ്ങി പല പ്ലാറ്റ്ഫോമുകളിലാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്.  നാലു മണിക്കൂർ ക്ലാസിൽ പങ്കെടുക്കാ‍ൻ  ഒരു കുട്ടിക്കു ദിവസം 1.5 ജിബി വരെ വേണ്ടിവരും. ക്ലാസിൽ മുഴുവൻ സമയം ക്യാമറ ഓൺ ചെയ്തു വച്ചാൽ ഡേറ്റയുടെ ഉപയോഗം വീണ്ടും കൂടും. ഒരു വീട്ടിൽ 3 കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുറഞ്ഞത് 4.5 ജിബി വേണ്ടിവരും. ഒരു മാസം ഇതിനായി 1000 രൂപ മാറ്റിവയ്ക്കേണ്ടി വരും. പാക്കേജ് അനുസരിച്ചു വ്യത്യാസം വരാം. 

 

എന്റെ ഓൺലൈൻ ദൈവങ്ങളേ... 

സന്ധ്യാപ്രാർഥനയ്ക്കിടെ, പിറ്റേന്ന് ആരംഭിക്കുന്ന പരീക്ഷയിൽ പഠിച്ചതൊക്കെ മറക്കാതെ എഴുതാൻ കഴിയണേ എന്നു പ്രാർഥിക്കാൻ അമ്മ പറഞ്ഞപ്പോൾ കുട്ടികളുടെ പ്രാർഥന ഇങ്ങനെ: 

ദൈവമേ നാളെ നെറ്റ് കട്ടാവല്ലേ, ഫോണിന്റെ ക്യാമറ വർക്ക് ചെയ്യരുതേ, കോപ്പിയടി ടീച്ചർ കണ്ടുപിടിക്കരുതേ.... 

 

English Summary : Challenges of E- Learning During Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com