ADVERTISEMENT

വീട്ടിലെ മുഴുവൻ ജോലികളും ചെയ്താലും ‘നിനക്കിവിടെ എന്താ പണി’ എന്ന പഴി കേൾക്കുന്ന വീട്ടമ്മയുടെ അവസ്ഥയിലാണ് ഇപ്പോൾ‌ പല  അധ്യാപകരും. പാഠപുസ്തകങ്ങൾ വീടുകളിലെത്തിക്കുക, മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്കു ഫോൺ ഏർപ്പാടാക്കുക, റേഞ്ച് ഇല്ലാത്ത കുട്ടികൾക്കായി മല കയറിപ്പോയി ക്ലാസെടുക്ക‌ുക, വീടുവീടാന്തരം കയറിയിറങ്ങി നോട്ട്ബുക്ക് പരിശോധിക്കുക തുടങ്ങി ക്വാറന്റീനിൽ കഴിയുന്നവർക്കു പച്ചക്കറി കിറ്റ് വിതരണം വരെ അധ്യാപകരുടെ ചുമലിലാണ്. തിരഞ്ഞെടുപ്പു ഡ്യൂട്ടി,  കോവിഡ് ഡ്യൂട്ടി, കണക്കെടുപ്പ് തുടങ്ങി പാഠ്യേതര പണികൾ വേറെ. ഇതെല്ലാം ചെയ്താലും വീട്ടിലിരുന്നു ശമ്പളം വാങ്ങുന്നു എന്ന പേരുദോഷം ബാക്കി.  

 

കണ്ടല്ലേ ഇഷ്ടപ്പെട്ടത്..

online-class-career-illustration

∙ ടീച്ചറും കുട്ടിയും തമ്മിൽ ഒരു സ്ക്രീൻ അകലമേ ഉള്ളൂവെങ്കിലും അതുണ്ടാക്കുന്ന മാനസിക അകലം വളരെ വലുതാണ്. പല വിഷയങ്ങളും കുട്ടികൾ ഇഷ്ടപ്പെടുന്നത് അതു പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ഇഷ്ടംകൊണ്ടു കൂടിയാണ്. സ്ക്രീനിൽ കാണുന്ന ടീച്ചർ മറ്റേതോ ലോകത്തു നിൽക്കുന്ന ആളായാണു കുട്ടികൾക്കു തോന്നുക. നേരിൽ കാണുമ്പോഴുള്ള  അടുപ്പം ഉണ്ടാകില്ല. 

 

അസംബ്ലി അവതരണം, കലോത്സവം, എഴുത്തുമത്സരം ഉൾപ്പെടെ പലതരം ആക്ടിവിറ്റികളാണു സ്കൂളിൽ നടത്തിയിരുന്നത്. ഇതെല്ലാം കുട്ടിയുടെ കഴിവുകളും വ്യക്തിത്വവും വളരാൻ സഹായിച്ചിരുന്നു. ഇപ്പോഴാകട്ടെ, കൂടെ പഠിക്കുന്നത് ആരൊക്കെയെന്നു പോലും പലരും അറിയുന്നില്ല. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ആരോഗ്യമുള്ള ബന്ധം ഉണ്ടാക്കിയെടുക്കാനുള്ള പാഠങ്ങളും  ഇല്ലാതെ പോകുന്നു. ഇംഗ്ലിഷ് സംസാരഭാഷയും മെച്ചപ്പെടുന്നില്ല. 

 

ജോലി  ഉപേക്ഷിച്ച് അമ്മമാർ

∙ കൊച്ചിയിലെ പ്രശസ്തമായൊരു വിദേശ കമ്പനി. സ്ത്രീകളാണു ജോലിക്കാരിലധികവും. ലോക്ഡൗണിനു ശേഷം കമ്പനിയുടെ യൂണിറ്റുകളിൽ ജോലിക്കെത്തുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു. ആദ്യമൊക്കെ വാഹനങ്ങളുടെ കുറവു മൂലമെന്നാണു കമ്പനി അധികൃതർ കരുതിയത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിലാണു കുട്ടികൾക്ക് ഓൺലൈൻ പഠനമുള്ളതു കൊണ്ടാണ് അമ്മമാർ ജോലി ഉപേക്ഷിച്ചതെന്നു കണ്ടെത്തിയത്. പലർക്കും വീട്ടിൽ ഒരു മൊബൈൽ ഫോൺ മാത്രമേയുള്ളൂ. തങ്ങൾ ജോലിക്കു പോയാൽ കുട്ടികൾക്കു ക്ലാസ് മുടങ്ങുമോയെന്ന് ആശങ്ക. ഇതോടെ ജോലി വേണ്ടെന്നു വയ്ക്കാൻ പലരും നിർബന്ധിതരായി.

 

‘കേൾക്കത്തില്ലാ...’ 

∙ മാനം കറുത്താൽ റേഞ്ച് പോകുന്ന അവസ്ഥയാണു പൊതുവെയെങ്കിലും റേഞ്ചിന്റെ കാര്യത്തിൽ കട്ട ദാരിദ്ര്യമാണ് ഇടുക്കിയിലും കോട്ടയത്തിന്റെ പല പ്രദേശങ്ങളിലും. മൂന്നാർ രാജമല, മൂന്നാർ തോട്ടം മേഖല തുടങ്ങിയ സ്ഥലങ്ങളിൽ സിഗ്നലിന്റെ കുഞ്ഞിക്കാലു പോലും കാണാനില്ല. ചിത്തിരപുരത്തും സമീപപ്രദേശങ്ങളിലും സ്ഥിതി അതു തന്നെ. കുളമാവ്, ബൈസൺവാലി, കോവിലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 2 ജി മാത്രം. ഇടമലക്കുടിയിൽ കാട്ടാനകൾ ടവർ തകർക്കുന്ന സാഹചര്യത്തിൽ പഠനം മുടങ്ങും. 3 ജി ഇവിടെ ലഭ്യമല്ല.

 

വിദേശ രാജ്യങ്ങളിൽ ബാച്ചുകളായി ക്ലാസ്

career-cahnnel-online-calss-illustration

കുട്ടികളെ പല ബാച്ചുകളായി തിരിച്ച് മാറിമാറി സ്കൂളിൽ പോകുന്ന രീതിയാണു പല വിദേശ രാജ്യങ്ങളിലും. ഒരു ക്ലാസിലെ തന്നെ കുട്ടികളെ എ, ബി, സി എന്നിങ്ങനെ പല ഗ്രൂപ്പുകളായി തിരിച്ചു. എ, ബി ഗ്രൂപ്പുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസിൽ പോകുമ്പോൾ സി വിഭാഗം പൂർണമായും ഓൺലൈൻ ക്ലാസിലിരിക്കുന്നു. വാർഷിക പരീക്ഷകൾ ഒഴിവാക്കി. എന്നാൽ ക്ലാസ് ടെസ്റ്റുകൾ, പ്രോജക്ടുകൾ, ഹോംവർക് എന്നിവ മിതമായ രീതിയിൽ നൽകുന്നു. 

 

ഓരോ സെമസ്റ്ററിലും നാലു വിഷയങ്ങൾ എന്നതു മാറി രണ്ടു വിഷയങ്ങൾക്കു രണ്ടര മാസം വീതം എന്ന രീതിയിലും മാറ്റം വരുത്തി. കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കി സെപ്റ്റംബർ ആദ്യവാരം സ്കൂൾ തുറക്കുമ്പോഴേക്കും എല്ലാവർക്കും സ്കൂളിലെത്താമെന്നാണു പ്രതീക്ഷ. അപ്പോഴും ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസിൽ തുടരാം. 

വിനോദ് ജോൺ, കാനഡ 

 

ഈ ചുമരുകൾ ഇവർക്ക് അതിരുകളാണ്

career-dr-reshmi-opthologist

ഒന്നര വർഷമായി നീളുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ കാഴ്ചശക്തിയെ കാര്യമായി ബാധിക്കുമെന്നു വിദഗ്ധർ. 6–10 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒന്നര മണിക്കൂറും 11–13 വയസ്സു വരെ 2 മണിക്കൂറും 13 വയസ്സിനു മുകളിൽ 3 മണിക്കൂറുമാണു ഡോക്ടർമാർ നിർദേശിക്കുന്ന സ്ക്രീൻ ഉപയോഗം. എന്നാൽ മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ദിവസം 5–10 മണിക്കൂറാണ് ഇപ്പോൾ സ്ക്രീനിൽ നോക്കുന്നത്. ഇവർക്കു താഴെപ്പറയുന്ന പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. 

 

ഡ്രൈ ഐസ് (Dry eyes)

∙ കണ്ണുകൾക്കു നനവും കുളിർമയും നൽകുന്നതു കണ്ണീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന കണ്ണീരാണ്. ഒരാൾ മിനിറ്റിൽ 16 തവണ കൺചിമ്മണം. എന്നാൽ സ്ക്രീനിൽ നോക്കുമ്പോൾ കൺചിമ്മൽ കുറയും. ഇതു കണ്ണുകളുടെ നനവു കുറച്ച് ഡ്രൈനെസ് എന്ന അവസ്ഥയിലേക്കു നയിക്കും. 

ലക്ഷണം: തലവേദന, കണ്ണിനു ചുവപ്പു നിറം, കരട് പോയതു പോലെയുള്ള തോന്നൽ, വെളിച്ചത്തിനു നേരെ നോക്കുമ്പോൾ വേദന.

പരിഹാരം: കൺചിമ്മുന്നതിന്റെ അളവു ബോധപൂർവം കൂട്ടുക. ഇടയ്ക്കിടെ കണ്ണു കഴുകുക, പുറത്തെ കാഴ്ചകളിലേക്കു നോക്കുക.

 

ഹ്രസ്വദൃഷ്ടി (Myopia)

∙ അകലേക്കുള്ള നോട്ടം കുറയുകയും അതേ സമയം കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ തുടർച്ചയായി നോക്കിയിരിക്കുകയും ചെയ്യുന്നതു മൂലം ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത കൂടും.  തലവേദന, കണ്ണിനു വേദന, വ്യക്തമല്ലാത്ത കാഴ്ച തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. 

 

 ഡോ. എസ്.രശ്മി(കൺസൽറ്റന്റ് ഫേകോ ആൻഡ് റിഫ്രാക്ടീവ് സർജൻശ്രീകാന്ത് ഐ കെയർ, കോഴിക്കോട്)

 

ട്വന്റി– 20 ചാലഞ്ച്

∙ ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ, ഐടി കമ്പനിയിലെ ജോലി ചെയ്തു കണ്ണു കഴയ്ക്കുമ്പോൾ നാട്ടിൻപുറത്തെ തന്റെ വാഴത്തോട്ടത്തിന്റെ ഫോട്ടോ നോക്കി കൺകുളിർക്കുന്ന നിവിൻ പോളിയെ ഓർമയില്ലേ? 

ഓൺലൈൻ ക്ലാസിലിരുന്നു കണ്ണു തളരുന്ന കുട്ടികൾക്കും ഇതേ ടെക്നിക് പ്രയോഗിക്കാമെന്നു വിദഗ്ധർ. 20 മിനിറ്റ് തുടർച്ചയായി സ്ക്രീനിൽ നോക്കിയിരിക്കുന്ന കുട്ടി അടുത്ത 20 സെക്കൻഡ് നേരം പുറത്തെ പച്ചപ്പിലേക്കു നോക്കുക. ഇതു കണ്ണിനും മനസ്സിനും കുളിർമ പകരും. 

 

വൈറ്റമിൻ ഡി

∙ വർഷം മുഴുവൻ വീടുകളിൽ അടച്ചിട്ടിരുന്ന കുട്ടികളുടെ വൈറ്റമിൻ ഡിയുടെ അളവ് നന്നായി കുറഞ്ഞിട്ടുണ്ടാകും. വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരത്തിൽ കാൽസ്യത്തിന്റെ അളവും കുറയും. എല്ലുകളുടെ വളർച്ച മുരടിക്കും. തലമുടി കൊഴിയും. വിളർച്ച ബാധിക്കും. 

മീനെണ്ണ, മുട്ട, ഇറച്ചി, കരൾ തുടങ്ങിയവയിലൊക്കെ വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. ദിവസവും  അര മണിക്കൂറെങ്കിലും കഠിനമല്ലാത്ത വെയിൽ കൊള്ളുക. സാധിക്കുമ്പോഴെല്ലാം മുറ്റത്ത് ഓടിക്കളിക്കുക. 

 

ഓൺലൈൻ ക്ലാസുകൾ: കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാം 

 

ഭാവി തലമുറയെ ബാധിക്കുന്ന ഏറ്റവും പ്രധാന വിഷയമായിട്ടും ഓൺലൈൻ ക്ലാസുകളെക്കുറിച്ചു ഗൗരവമായ ചർച്ചകൾ അധികം നടന്നിട്ടില്ല എന്നതാണു വാസ്തവം. ഓൺലൈൻ ക്ലാസുകൾക്കു പെട്ടെന്നൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷ ആർക്കുമില്ല. സ്കൂൾ തുറന്നാലും ഇനിയുള്ള കാലം ആക്ടിവിറ്റി ഉൾപ്പെടെ പലതും ഓൺലൈനായി നടത്തിയേ തീരൂ. 

 

ക്ലാസ് സംബന്ധിച്ച്  അധ്യാപകർക്കും വിദ്യാർഥികൾക്കും ധാരാളം നിർദേശങ്ങളും കുറെയേറെ പരാതികളും ഉണ്ടാകും. ഇവ പങ്കുവയ്ക്കാൻ മനോരമ അവസരം ഒരുക്കുന്നു. ഇതോടൊപ്പം ഇക്കാലത്തു പഠനം എങ്ങനെ ഫലപ്രദമാക്കാം എന്ന ആശയവും അറിയിക്കാം.  

(സന്ദേശങ്ങൾ മാത്രമേ പാടുള്ളൂ. കോളുകൾക്കു സൗകര്യം ഇല്ല. വോയ്സ് മെസേജ് അയച്ചാലും മതി).

വാട്സാപ് നമ്പർ: 7012668149

 

ക്ലാസുകൾ ഓൺലൈൻ ആയതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജോലി അധികം,  പ്രതിഫലം കുറവും. മാനസിക, ആരോഗ്യപ്രശ്നങ്ങൾ വേറെയും. ഈ വിഷയത്തി‍ൽ തുറന്ന ചർച്ചകളും നിർദേശങ്ങളും ഉണ്ടാകട്ടെ. 

English Summary : Challenges of E- Learning During Covid-19.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com