‘റേഞ്ച്’ തേടി മരത്തിൽ, തലയ്ക്കു നേരേ ചീറി പാമ്പ്; ജീവൻ പണയംവച്ചു വേണോ ഓൺലൈൻ പഠനം?

HIGHLIGHTS
  • നെറ്റ്‌വർക് തേടി മരത്തിലും ഏറുമാടത്തിലും കയറി നമ്മുടെ കുട്ടികൾ
  • ജീവൻ പണയം വച്ചു വേണോ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ടത്?
  • ഒരു കുട്ടിയുടെ വീഴ്ച എങ്ങനെ അധികൃതരുടെ കണ്ണു തുറപ്പിച്ചു?
കണ്ണൂർ പന്നിയോട് ആദിവാസി കോളനിയോടു ചേർന്നുള്ള വനമേഖലയിൽ ഏറുമാടത്തില്‍നിന്ന് പഠനാവശ്യത്തിനു മൊബൈൽ റേഞ്ച് തേടുന്ന കുട്ടി. ചിത്രം: ധനേഷ് അശോകൻ
കണ്ണൂർ പന്നിയോട് ആദിവാസി കോളനിയോടു ചേർന്നുള്ള വനമേഖലയിൽ ഏറുമാടത്തില്‍നിന്ന് പഠനാവശ്യത്തിനു മൊബൈൽ റേഞ്ച് തേടുന്ന കുട്ടി. ചിത്രം: ധനേഷ് അശോകൻ
SHARE

കണ്ണൂർ ജില്ലയാകെ ഓൺലൈനാകാൻ ഒരു വലിയ ‘വീഴ്ച’ വേണ്ടിവന്നു. 20 മീറ്റർ ഉയരത്തിൽ നിന്ന് ഒരു വിദ്യാർഥിയുടെ വീഴ്ച. കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം വനമേഖലയിലുള്ള പന്ന്യോട് ആദിവാസി കോളനിയിലെ അനന്തു ബാബുവെന്ന പതിനേഴുകാരനാണ് മൊബൈൽ നെറ്റ്‌വർക്ക് തേടി മരത്തിനു മുകളിൽ കയറിയതും വലിയ ഉയരത്തിൽനിന്നു താഴെ വീണതും. പ്ലസ് വൺ പ്രവേശനത്തിന്റെ വിവരങ്ങൾ തിരയാനും ആറാം ക്ലാസിൽ പഠിക്കുന്ന അനുജത്തി അനിഷയുടെ ഓൺക്ലാസുകളുടെ വിഡിയോ ഡൗൺലോഡ് ചെയ്യാനുമായാണ് അനന്തു ഉയരമുള്ള മരത്തിന്റെ കൊമ്പത്തു കയറിയത്. 

മൊബൈൽ നെറ്റ്‌വർക് തീരെയില്ലാത്ത കോളനികളിലെ കുട്ടികൾ പഠനത്തിനായി ആശ്രയിക്കുന്നത് കാടിനുള്ളിലെ ഉയരമുള്ള മരങ്ങളെയാണ്. മരത്തിനു മുകളിൽ അൽപം നെറ്റ്‌വർക് ലഭിക്കും. മണിക്കൂറുകൾ ഇരുന്നാൽ ചിലപ്പോൾ ഒരു വിഡിയോ ഡൗൺലോഡ് ചെയ്യാനാകും. ഇങ്ങനെ മരത്തിനു മുകളിലിരിക്കുമ്പോഴാണ് പിടിവിട്ട് അനന്തു താഴേക്കു പതിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലു പൊട്ടി. വലിയ കൽക്കൂനയുടെ ഇടയിലുള്ള മൺതട്ടിലേക്കു വീണതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഈ വീഴ്ചയാണ് കണ്ണൂരിലെ അധികൃതരുടെ കണ്ണു തുറപ്പിച്ചത്. 

മൊബൈൽ നെറ്റ്‌വർക്കില്ലാതെ ജില്ലയിലെ ഒട്ടേറെ ആദിവാസി വിദ്യാർഥികളുടെ പഠനം ഏതാണ്ട് മുടങ്ങിയ സ്ഥിതിയിലായിരുന്നു. പഠിക്കണമെന്ന് അതിയായ ആഗ്രഹമുള്ള വിദ്യാർഥികൾ, അപകട സാധ്യതകളേറെയുള്ള മരത്തിന്റെ മുകളിലേക്കോ ഏറുമാടങ്ങളിലേക്കോ കൂടുമാറി. അനന്തുവിന്റെ വീഴ്ചയോടെ നെറ്റ്‌വർക്കില്ലാത്ത ആദിവാസി കോളനികളിലെ 250 പൊതുകേന്ദ്രങ്ങളിലാണ് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേർന്ന് വൈഫൈ സ്ഥാപിച്ചത്. അനന്തുവിന്റെ വീഴ്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി കലക്ടറോട് വിശദീകരണം തേടിയതും നടപടികൾ വേഗത്തിലാകാൻ കാരണമായി. ജില്ലയിലെ നെറ്റ്‌വർക്കില്ലാത്ത 75 ശതമാനം കോളനികളിലെ പ്രശ്നങ്ങളാണ് ഈ ‘വീഴ്ച’യോടെ പരിഹരിക്കപ്പെട്ടത്. ഇതുവരെ പഠനം മുടങ്ങാതിരിക്കാനുള്ള കുട്ടികളുടെ പോരാട്ടം അതിസാഹസികമായിരുന്നു, ചിലയിടങ്ങളിൽ അതിദയനീയവും. ഇനിയും നെറ്റ്‌വർക് കവറേജിനുള്ളിലാകാത്ത കുട്ടികളുമുണ്ട്. ആ നേരനുഭവങ്ങളിലൂടെ...

ആ വീഴ്ച ആദ്യത്തേതല്ല

മൊബൈൽ നെറ്റ്‌വർക് ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങാതിരിക്കാൻ കൂറ്റൻ മരക്കൊമ്പിൽ കയറുകയും നിലതെറ്റി താഴെ വീണു നട്ടെല്ലു പൊട്ടുകയും ചെയ്ത വിദ്യാർഥി മുഖ്യമന്ത്രിയുടെ ജില്ലക്കാരനാണ്. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ എംഎൽഎയുടെ മണ്ഡലത്തിലാണു വിദ്യാർഥിയുടെ വീട്. പന്ന്യോട് ആദിവാസി കോളനിയിലെ അനന്തു ബാബു എന്ന പതിനാറുകാരൻ അറിയാതെയാണെങ്കിലും ഭരണാധികാരികളോടെല്ലാം ആ വീഴ്ചയിലൂടെ ചോദിച്ചത് പഠിക്കാനുള്ള അവകാശമായിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പഠനം ഓൺലൈനായതു മുതൽ മരക്കൊമ്പുകളിലേക്കും ഏറുമാടത്തിലേക്കും കൂടുമാറിയ നൂറുകണക്കിനു വിദ്യാർഥികളാണു ജില്ലയിലുള്ളത്. 

കാട്ടുപോത്തും ആനയും പന്നിയും കുരങ്ങും അട്ടയുമെല്ലാമുള്ള കൊടും കാടിനുള്ളിൽ കുഞ്ഞുങ്ങൾ മൊബൈൽ നെറ്റ്‌വർക് തേടി അലയുന്നു. നെറ്റ്‌വർക് കിട്ടാത്തതിനാൽ മറ്റു നിർവാഹങ്ങളൊന്നുമില്ലാതെ പഠനം നിർത്തിയ വിദ്യാർഥികളുമേറെ. ഓൺലൈൻ പഠനം ആരംഭിച്ച് രണ്ടു വർഷത്തോളമായിട്ടും എല്ലാ കുട്ടികളിലേക്കും ക്ലാസുകൾ എത്താത്തത് അധികൃതരുടെ വീഴ്ചയാണ്. വിദ്യാർഥികൾക്കു പഠിക്കാൻവേണ്ടി ജീവൻ പണയം വയ്ക്കേണ്ടിവരുന്നതും.

വലിയ വീഴ്ചകൾ

വലിയ മരത്തിന്റെ മുകളിലേക്കു കയ്യിൽ മൊബൈൽ ഫോണുമായി കയറിപ്പോവുകയാണ് നിഖിൽ. അമ്മ ലക്ഷ്മി മരച്ചുവട്ടിൽത്തന്നെയുണ്ട്. തൊട്ടടുത്ത മരങ്ങളിലെല്ലാം മൊബൈൽ ഫോണുമായി ആൺകുട്ടികളുണ്ട്. മരങ്ങളെ തമ്മിൽ ബന്ധിച്ചുണ്ടാക്കിയ ഏറുമാടത്തിൽ പുസ്തകങ്ങളുമായി ആറേഴു പെൺകുട്ടികളും. താഴെ മുട്ടൻ വടികളുമായി കുട്ടികളുടെ മാതാപിതാക്കൾ. പെട്ടെന്ന് നിഖിലിന്റെ കരച്ചിൽ കേട്ടു. മാതാപിതാക്കൾ മരച്ചുവട്ടിലേക്ക് ഓടി. വലിയൊരു പാമ്പ് നിഖിലിന്റെ തലയ്ക്കു നേരെ മരത്തിനു മുകളിൽ. പേടിച്ചിട്ടൊന്നു കരയാൻ പോലുമാവാത്ത സ്ഥിതിയിലായി ആ എട്ടാം ക്ലാസുകാരൻ. അന്ന് മരത്തിൽ നിന്നു വീണ് നിഖിലിന്റെ നെറ്റിയിൽ വലിയ മുറിവുണ്ടായി. എങ്കിലും അടുത്ത ദിവസവും ഫോണുമെടുത്ത് മരത്തിന്റെ മുകളിലേക്കു കയറേണ്ടി വന്നു, നിഖിലിന്. പഠിക്കാൻ വേറെ വഴിയൊന്നുമില്ലല്ലോ....

നെറ്റ്‌വർക് ലഭിക്കാൻ മരത്തിൽ കയറിയ അനന്തു ബാബു വീണ് നട്ടെല്ലു പൊട്ടിയ സംഭവം ഈ മേഖലയിൽ ഒറ്റപ്പെട്ടതല്ല. അപകടങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. കോളനിയിലെ ആൺകുട്ടികളെല്ലാം പഠനത്തിനായി ഉയരമേറിയ മരങ്ങളെയാണ് ആശ്രയിക്കുക. പെൺകുട്ടികൾക്കു ക്ലാസുകൾ ഡൗൺലോഡ് ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടിവർക്ക്. 5 മിനിറ്റിന്റെ വിഡിയോ ഡൗൺലോഡ് ചെയ്യാൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. ഉത്തരക്കടലാസ് അയച്ചുകൊടുക്കാനും മരക്കൊമ്പു തന്നെ ശരണം. വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംകാട്ടിലെ ഈ ഓൺലൈൻ പഠനത്തിന് ചങ്കിടിപ്പോടെ കാവലിരിക്കുകയാണ് മാതാപിതാക്കൾ, പണിക്കു പോലും പോകാതെ.

വരുമാനം മുടക്കുന്ന പഠനം

ആദ്യം കോളനിക്കാർ ചേർന്ന് നെറ്റ്‌വർക് ലഭിക്കുന്ന ഉയരത്തിൽ ഏറുമാടം നിർമിച്ചു. കുരങ്ങൊഴികെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവില്ലെന്നതായിരുന്നു ആശ്വാസം. എന്നാൽ ഏറുമാടത്തിനുള്ളിലും നെറ്റ്‌വർക് കിട്ടാതായതോടെ പഠനം നടക്കാതായി. ഇങ്ങനെയാണ് ക്ലാസ് കേൾക്കണമെങ്കിൽ കൂറ്റൻ മരങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി വന്നത്. പഠനം പൂർണമായി കാട്ടിലായതോടെ മാതാപിതാക്കൾക്കു പണിക്കു പോകാൻ കഴിയാതായി. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ കുട്ടികളെ തനിച്ചു കാട്ടിൽ വിടുന്നതു സുരക്ഷിതമല്ല. സ്കൂളുകളുടെ ലൈവ് ക്ലാസുകൾ ജില്ലയിലെ ഒട്ടുമിക്ക കോളനികളിലെയും പല ഗ്രാമപ്രദേശങ്ങളിലെയും കുട്ടികൾക്ക് ഇപ്പോഴും കിട്ടാക്കനിയാണ്. 

മഴ പെയ്താൽ ടിവിയിലും ഫോണിലും സിഗ്നൽ കിട്ടാറില്ല. ഏറെ ബുദ്ധിമുട്ടിയാണ് പലരും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഫോൺ വാങ്ങി നൽകിയത്. എന്നാൽ നെറ്റ്‌വർക് പ്രശ്നങ്ങളെ തുടർന്ന് കുട്ടികൾക്ക് പഠനം അപ്രാപ്യമാകുമ്പോൾ രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. അധികൃതരുടെ കണ്ണ് തുറക്കാൻ ഇത്തരത്തിൽ ദൗർഭാഗ്യകരമായ ഒരു അനുഭവം വേണ്ടിവന്നു എന്നതിൽ പ്രദേശവാസികളും ഏറെ ദുഃഖിതരാണ്. സാമ്പത്തികമായി വളരെയേറെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്.

ഇനിയും വീഴ്ച അരുതേ...

പ്ലസ് വൺ പ്രവേശന വിവരം തിരയാനും അഞ്ചാംക്ലാസിൽ പഠിക്കുന്ന അനുജത്തി അനിഷയുടെ ക്ലാസുകൾ ഡൗൺലോഡ് ചെയ്യാനുമാണ് അനന്തു മരത്തിന്റെ മുകളിൽ കയറിയത്. കാൽ വഴുതിയപ്പോൾ താഴെ വീഴാതിരിക്കാൻ മരക്കൊമ്പിൽ പിടിച്ചു. എന്നാൽ മരക്കൊമ്പു പൊട്ടി താഴേക്കു വീണതു മാത്രമാണ് ഓർമയെന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽക്കഴിയുന്ന അനന്തു പറയുന്നു. പിന്നീട് ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് പരുക്കു പറ്റിയതും അപകടവും അറിഞ്ഞത്. കഴിഞ്ഞ വർഷവും മരത്തിൽ കയറിയാണ് പത്താം ക്ലാസ് പഠിച്ചു ജയിച്ചത്. 

കണ്ണൂർ പന്നിയോട് ആദിവാസി കോളനിയോടു ചേർന്നുള്ള വനമേഖലയിൽ ഏറുമാടത്തില്‍നിന്ന് പഠനാവശ്യത്തിനു മൊബൈൽ റേഞ്ച് തേടുന്ന കുട്ടി. ചിത്രം: ധനേഷ് അശോകൻ
കണ്ണൂർ പന്നിയോട് ആദിവാസി കോളനിയോടു ചേർന്നുള്ള വനമേഖലയിൽ ഏറുമാടത്തില്‍നിന്ന് പഠനാവശ്യത്തിനു മൊബൈൽ റേഞ്ച് തേടുന്ന കുട്ടി. ചിത്രം: ധനേഷ് അശോകൻ

‘ഞങ്ങളുടെ കോളനിയിൽ മാത്രം 75 വിദ്യാർഥികൾ ഇതു പോലെ മരത്തിലും കുന്നിൽ മുകളിൽ കയറിയുമാണ് പഠിക്കുന്നത്. മരക്കൊമ്പിലിരിക്കുമ്പോൾ കയ്യിൽ ഫോൺ പിടിക്കേണ്ടതിനാൽ അപകടസാധ്യത വളരെയധികമാണ്. വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്. 20 മീറ്റർ ഉയരത്തിൽനിന്നാണ് അനന്തു വീണത്. മരച്ചോട്ടിലെ കൽക്കൂനയ്ക്കിടയിലുള്ള ചെറിയ മൺതട്ടിലേക്കായിരുന്നു വീഴ്ച. അൽപം ഒന്നു മാറിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു’– അനന്തു പറയുന്നു. ഇനി ആർക്കും ഇത്തരത്തിലുള്ള അപകടം സംഭവിക്കാതിരിക്കാൻ നെറ്റ്‌വർക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു മാത്രമാണ് അനന്തു അന്ന് അധികൃതരോട് ആവശ്യപ്പെട്ടത്. പൂർണമായിട്ടല്ലെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പഠിക്കാൻ കഴിയാത്തതിന്റെ ദുഃഖം

കഴിഞ്ഞ അധ്യയന വർഷം തുടങ്ങിയതു മുതൽ ജനുവരി വരെയുള്ള 8 മാസം ആദിത്യ കരച്ചിൽത്തന്നെയായിരുന്നു. പഠിക്കാൻ പറ്റാത്തതുകൊണ്ടുള്ള സങ്കടമായിരുന്നു പാട്യം പഞ്ചായത്തിലെ മുണ്ടയോട് ആദിവാസി കോളനിയിലെ ആ പത്താം ക്ലാസുകാരിക്ക്. വീട്ടിൽ ടിവിയില്ല. മൊബൈൽ ഫോണിൽ നെറ്റ്‌വർക് തീരെയില്ല. ആദിത്യ കരയുമ്പോൾ അമ്മ പ്രഭയും നിസ്സഹായയായി കൂടെ കരയും. ക്ലാസിൽ നന്നായി പഠിച്ചിരുന്ന, പഠിക്കണമെന്ന് ആഗ്രഹമേറെയുള്ള ആദിത്യയുടെ കണ്ണീരടങ്ങിയത് അവസാന മൂന്നു മാസം പത്താം ക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനുള്ള അനുമതി ലഭിച്ച ദിവസമാണ്. 

ഒരു വർഷത്തെ പാഠഭാഗങ്ങൾ അവൾ മൂന്നു മാസംകൊണ്ട് പഠിച്ചെടുത്തു. 9 എപ്ലസും ഒരു ബി പ്ലസുമായിരുന്നു അവൾക്കു ലഭിച്ചത്. ആദിത്യയെ മാത്രമോർത്തല്ല, പ്രഭ ഇപ്പോൾ കരയുന്നത്. ഈ അമ്മയ്ക്ക് 8 കുഞ്ഞുങ്ങളുടെ കണ്ണുനീർ കാണേണ്ടതുണ്ട്. തന്റെ മൂന്നു മക്കൾക്കൊപ്പം അനുജത്തിയുടെ മൂന്നു മക്കൾ കൂടിയുണ്ട്. കോളയാട് പഞ്ചായത്തിലെ പറക്കാട് കോളനിയിലാണ് അനുജത്തിയും കുടുംബവും. അവിടേക്ക് വാഹന സൗകര്യം പോലുമില്ല. ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും അനുജത്തിയുടെ കുട്ടികൾ അറിഞ്ഞതേയില്ലായിരുന്നു. ര

ണ്ടാം ക്ലാസിൽ പഠിക്കുന്ന അൻവിയ ആദ്യമായി ക്ലാസ് കേട്ടത് മുണ്ടയോട് എത്തിയതിനു ശേഷമാണ്. അതും കിലോമീറ്ററുകൾ കാടിനുള്ളിലൂടെ സഞ്ചരിച്ച് കുന്നിൻമുകളിലെത്തിയപ്പോൾ! അൻവിയയുടെ സഹോദരങ്ങൾ ഇതുവരെ ഓൺലൈൻ പഠനം തുടങ്ങിയിട്ടില്ല. പ്രഭയുടെ സഹോദരന്റെ ഭാര്യ മരിച്ചതോടെ അവരുടെ രണ്ടു മക്കൾ കൂടി ഈ അമ്മയുടെ സംരക്ഷണയിലായി. എട്ടു മക്കളെ പോറ്റാനല്ല, ഇവർക്ക് വിദ്യാഭ്യാസം കൊടുക്കാനാണ് പ്രഭ ഇപ്പോൾ പാടുപെടുന്നത്. നെറ്റ്‌വർക് തീരെയില്ലാത്ത സ്ഥലത്ത് ഒരു മൊബൈൽ ഫോണുമായി എട്ടു കുട്ടികളുടെ പഠനം ഇവർ എങ്ങനെ ഉറപ്പാക്കാനാണ്...!

ആറു വയസ്സുള്ള കുട്ടികൾ മുതൽ നെറ്റ്‌വർക് തേടി കാട്ടിൽ അലയുന്ന കാഴ്ചയാണ് മുണ്ടയോട്, കടവ്, ഇളമാങ്കൽ തുടങ്ങിയ കോളനികളിലെയെല്ലാം കാണാനുള്ളത്. അധികൃതരോട് പരാതിപ്പെട്ടു മാതാപിതാക്കളും മടുത്തു. മുണ്ടയോട് സാംസ്കാരിക കേന്ദ്രത്തിൽ ഇടക്കാലത്ത് വിക്ടേഴ്സ് ചാനൽ കുട്ടികളെ കാണിക്കുമായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അതും നിർത്തി. പല കുഞ്ഞുങ്ങളും മറ്റു നിർവാഹമൊന്നുമില്ലാത്തതിനാൽ പഠനം നിർത്തി.

കാട്ടുപോത്തുകൾക്കിടയിലൂടെ

കാടിന്റെ നടുവിലുള്ള കുന്നിൻചെരുവിലിരുന്നു പഠിക്കുകയായിരുന്നു അവർ. ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വിദ്യാർഥികൾ വരെയുണ്ട് സംഘത്തിൽ. മൊബൈൽ നെറ്റ്‌വർക് ലഭിക്കാനാണു കാടിനുള്ളിൽ എത്തിയത്. മൊബൈലിലെ ക്ലാസുകളിലാണു കുട്ടികളുടെ ശ്രദ്ധ. പെട്ടെന്നാണ് പിന്നിൽ നിന്നൊരു ശബ്ദം. തൊട്ടടുത്ത് കൂറ്റനൊരു കാട്ടുപോത്ത്. ജീവനും കയ്യിൽപ്പിടിച്ച് കുട്ടികളെല്ലാവരും കൂടി തിരിഞ്ഞുനോക്കാതെ കിലോമീറ്ററുകളോളം ഓടി. എന്നാൽ പിറ്റേദിവസവും വേണ്ടിവന്നു, തൊട്ടടുത്ത മലയിലേക്ക് നെറ്റ്‌വർക് തേടിയുള്ള സാഹസികയാത്ര... അവിടെയും ആനയും കാട്ടുപോത്തും കുരങ്ങും പാമ്പുമെല്ലാമുണ്ട്. 

കണ്ണവം വനമേഖലയുടെ പരിധിയിൽ വരുന്ന കോളയാട് പഞ്ചായത്ത് പെരുവ വാർഡിലെ കുട്ടികളുടെ അവസ്ഥയാണിത്. മരത്തിനു മുകളിലും കാടിനുള്ളിലെ മലഞ്ചെരുവുകളിലും വല്ലപ്പോഴും ലഭിക്കുന്ന മൊബൈൽ നെറ്റ്‌വർക്കിനെ മാത്രം ആശ്രയിച്ചാണ് ഇവരുടെ പഠനം. പലപ്പോഴും മാതാപിതാക്കളും ഒപ്പമുണ്ടാകും. ചിലപ്പോൾ വളർത്തുനായ്ക്കളെ കൂട്ടിയാണു യാത്ര. ചപ്പാരപ്പടവ് പഞ്ചായത്തിലെ ഞണ്ടുംബലത്തെ കുന്നിൽ മുകളിൽ നിറയെ പ്ലാസ്റ്റിക് കൂടാരങ്ങൾ കാണാം. ഇതാണ് ഈ പ്രദേശത്തെ വിദ്യാർഥികളുടെ പഠനമുറികൾ. വീടുകളിൽ നെറ്റ്‌വർക് ലഭിക്കാത്തതിനാലാണ് കുന്നിൽമുകളിലുണ്ടാക്കിയ കൂടാരങ്ങളിലേക്കുള്ള ഈ കൂടുമാറ്റം. രക്ഷിതാക്കൾ കൂടാരത്തിനു പുറത്തു കാവലുണ്ടാകും. ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ മുതൽ ഇപ്പോൾ വരെ സ്ഥിതി ഇതു തന്നെ. സമീപമുള്ള തേറണ്ടി, തോട്ടിക്കൽ തുടങ്ങിയ പ്രദേശങ്ങളിലും നെറ്റ്‌വർക് പ്രശ്നം രൂക്ഷമാണ്.

പഠനം മുടങ്ങാതിരിക്കാൻ യാത്ര കിലോമീറ്ററുകൾ

കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലെ പറക്കാട്, കൊളപ്പ, കടൽകണ്ടം കോളനികളിലെ 120 വിദ്യാർഥികൾ പഠനത്തിനായി ദിവസവും കാട്ടിലും മലഞ്ചെരുവുകളിലൂടെയും നടത്തുന്ന സാഹസിക യാത്ര കിലോമീറ്ററുകളാണ്. കോളയാട് ചങ്ങല ഗേറ്റിൽനിന്നു രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ മൊബൈൽ ഫോണുകൾ പൂർണമായി നെറ്റ്‌വർക്കിനു പുറത്താകും. മരങ്ങളുടെയോ പാറക്കൂട്ടങ്ങളുടെയോ മുകളിൽ നിന്നാൽ ഇടയ്ക്ക് നെറ്റ്‌വർക് കിട്ടും. ഇതു തേടിയാണു കുട്ടികളുടെ ദുരിതയാത്ര. പാറക്കൂട്ടങ്ങളിലും മരങ്ങളിലും കെട്ടി ഉണ്ടാക്കിയ ഏറുമാടങ്ങളിലിരുന്നാണു പഠനം. ഒന്നു കാൽവഴുതിയാൽ വലിയ അപകടം കാത്തിരിക്കുന്നു. എങ്കിലും പഠനം മുടങ്ങാതിരിക്കാൻ ഇവർ സാഹസികരാവുകയാണ്.

പെരുവയിൽ ചെമ്പുക്കാവ് വരെ ബിഎസ്എൻഎൽ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കായിരുന്നു എന്നാൽ ഇത് പാവപ്പെട്ട ആദിവാസികൾക്കു താങ്ങാനാവുന്ന നിരക്കിലല്ല. പൊതുകേന്ദ്രങ്ങളിൽ വൈഫൈ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പറക്കാട് കോളനിയിൽ ഇന്റർനെറ്റ് എത്തിക്കാനുള്ള നടപടികളുമില്ല. ഇവിടങ്ങളിലെ കുട്ടികൾ പട്ടിക വർഗ വകുപ്പിന്റെ കീഴിലുളള ഹോസ്റ്റലുകളിൽ നിന്നാണ് പഠിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ ഇവർ വീടുകളിൽ എത്തിയതോടെ പഠനം പൂർണമായും മുടങ്ങി.

പഠനം നിഷേധിക്കപ്പെട്ടവർ...

കണ്ണൂർ ജില്ലയിലെ 440 ആദിവാസി കോളനികളിൽ നെറ്റ്‌വർക് തടസ്സമുള്ളത് 137 ഇടങ്ങളിലാണ്. പഠനം മുടങ്ങുന്ന സാഹചര്യമുടലെടുത്തതോടെ അടുത്തിടെ 30 കോളനികളിൽ കണക്ടിവിറ്റി വർധിപ്പിച്ചു. 45 കോളനികളിൽ ഇപ്പോഴും ഭാഗികമായി മാത്രമേ കണക്ടിവിറ്റിയുള്ളൂ. ആദിവാസി വിഭാഗത്തിൽ 1 മുതൽ പ്ലസ്ടു വരെയായി 5666 കുട്ടികൾ ജില്ലയിലുണ്ട്. അതേസമയം ജില്ലയിൽ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ്‌വർക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയതെന്നും ഇതിൽ 71 ഇടങ്ങളിലെ പ്രശ്നം പരിഹരിച്ചതായും കലക്ടർ മന്ത്രി വി.ശിവൻകുട്ടിയെ അറിയിച്ചു. അതേസമയം ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത കോളനികളുടെ എണ്ണം ഇനിയുമേറെയാണെന്നാണ് ട്രൈബൽ വകുപ്പു പറയുന്നത്. ഈ മേഖലകളിലെ കുട്ടികളുടെ പഠനവും ഏതാണ്ട് മുടങ്ങിയ നിലയിലാണ്.

നഗരത്തിലും ദുരിതം

ഗ്രാമങ്ങളിലും ആദിവാസി കോളനികളിലും മാത്രമല്ല ജില്ലയിൽ നെറ്റ്‌വർക് പ്രശ്നം രൂക്ഷമായുള്ളത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ 280 വീടുകളിൽ നിന്ന് നെറ്റ്‌വർക് തടസ്സം സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ട്. നടാൽ, പള്ളിപ്രം, അത്താഴക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഏറെയും പരാതികൾ. ഇതേത്തുടർന്ന് കോർപറേഷൻ അധികൃതർ നടത്തിയ ചർച്ചയിൽ 3 മാസം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും സേവനദാതാക്കളുമായി ചർച്ച നടത്തുമെന്ന് കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ പറയുന്നു.

ജില്ലയിൽ 12,000 വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. നെറ്റ്‌വർക് ഇല്ലാത്തതിനാൽ പഠനം താറുമാറായതിന്റെ പ്രയാസം ഇപ്പോഴും കുട്ടികൾ അനുഭവിക്കുകയാണ്. 128 കേന്ദ്രങ്ങളിൽ പ്രശ്നം ഉണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ കണക്ക്. 81% വിദ്യാർഥികളും റേഞ്ച് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) രണ്ടു മാസം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 78% വിദ്യാർഥികൾക്കും പഠനം കൃത്യമായി നടക്കാത്തതിനാൽ മാനസിക സമ്മർദവുമുണ്ട്.

അനുമതി കൊടുക്കാതെ വനം വകുപ്പ്

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പൂഴിയോടു നിന്ന് പന്ന്യോട്ടേക്ക് കണ്ണവം വനത്തിൽക്കൂടി കേബിൾ ഇടാൻ വനം വകുപ്പ് അനുമതി നൽകാത്തതാണ് കോളനിയിലെ നെറ്റ്‌വർക് പ്രശ്നത്തിനു കാരണം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനത്തിലൂടെ കേബിൾ ഇടാൻ വനംവകുപ്പിനോട് കഴിഞ്ഞ വർഷം കലക്ടർ നിർദേശം നൽകിയെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. മൊബൈൽ ടവർ സ്ഥാപിക്കാൻ സ്വകാര്യ മൊബൈൽ സേവന ദാതാവ് കോളനിയിൽ സ്ഥലം നോക്കുകയും കോളനിയിലെ കൊടനാടൻ കേളപ്പൻ എന്ന വ്യക്തി സ്ഥലം നൽകാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വനംവകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കോളനികളിലെ ജനങ്ങൾക്ക് സ്ഥലങ്ങളുടെ കൈവശ രേഖ മാത്രമാണുള്ളത്. കോളനികളിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ പ്രധാന തടസ്സമാകുന്നതും പട്ടയഭൂമി കണ്ടെത്താനാവുന്നില്ലെന്ന പ്രശ്നമാണ്.

കോളയാട് പറക്കാട് കോളനിയിലെ വിദ്യാർഥികൾക്ക് പഠിക്കാനായി വനത്തിനുള്ളിലെ പാറക്കൂട്ടത്തിൽ നിർമിച്ച ഏറുമാടം. ചിത്രം: മനോരമ
കോളയാട് പറക്കാട് കോളനിയിലെ വിദ്യാർഥികൾക്ക് പഠിക്കാനായി വനത്തിനുള്ളിലെ പാറക്കൂട്ടത്തിൽ നിർമിച്ച ഏറുമാടം. ചിത്രം: മനോരമ

വേണ്ടത് വൈഫൈയുള്ള പൊതുകേന്ദ്രങ്ങൾ

നെറ്റ്‌വർക് തേടി മരക്കൊമ്പുകളിലേക്കും വന്യജീവികൾ വിഹരിക്കുന്ന കാടുകളിലേക്കും മലമുകളിലേക്കും പോകുന്ന നൂറുകണക്കിനു വിദ്യാർഥികളാണു ജില്ലയിലുള്ളത്. പഠനം മുടങ്ങരുതെന്ന ആഗ്രഹം മാത്രമാണ് ജീവന്റെ വിലയുള്ള ഈ സാഹസത്തിനു കുട്ടികളെ പ്രേരിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യവും അട്ടയും കൊതുകുമെല്ലാം പഠനം ദുരിതപൂർണമാക്കുകയാണ്. മഴ പെയ്താൽ പഠനം സാധ്യവുമല്ല. കുടുംബങ്ങളുടെ എണ്ണം കുറവുള്ള മേഖലകളിൽ ടവറുകൾ സ്ഥാപിക്കാൻ പല സേവനദാതാക്കളും തയാറാകുന്നുമില്ല. 

ടവർ സ്ഥാപിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള കോളനികളിലെ പൊതു കേന്ദ്രങ്ങളിൽ വൈഫൈ കണക്ടിവിറ്റിയും ടിവിയും നൽകുകയാണ് പ്രശ്നത്തിനുള്ള പരിഹാരം. കോളനികളിലെ വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് വൈഫൈയുള്ള കേന്ദ്രങ്ങൾ വേണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ കമ്പനികൾ തയാറാവില്ല എന്നതിനാൽ അവിടെ കേബിൾ വഴി ഇന്റർനെറ്റ് എത്തിച്ച് വൈഫൈ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ, കേബിൾ ഓപ്പറേറ്റർമാർ എന്നിവരുടെയെല്ലാം സഹായം തേടിയിട്ടുണ്ട്. ഡിസ്ട്രിക്ട് ഇ–ഗവേണൻസ് സൊസൈറ്റിയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഇതിനായി വിനിയോഗിക്കും. ഒരുതരത്തിലും കണക്ടിവിറ്റി എത്തിക്കാൻ സാധിക്കാത്ത മേഖലകളിലെ കുട്ടികളെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഹോസ്റ്റലുകളിൽ താമസിപ്പിച്ചു പഠിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

വൈഫൈയുള്ള പൊതുപഠന കേന്ദ്രങ്ങൾ

നെറ്റ്‌വർക് ഇല്ലാത്തതിന്റെ പേരിൽ ജില്ലയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഇപ്പോൾ ആവിഷ്കരിച്ചത്. ജില്ലയിൽ വൈഫൈ കണക്‌ഷനുള്ള 250 പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു. കേരള വിഷൻ കേബിൾ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നൽകി. 250 പഠനകേന്ദ്രങ്ങളിൽ കൂടുതലും ആദിവാസി കോളനികളിലാണ്. വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്.

ഒരു വർഷത്തേക്കുള്ള ഡേറ്റ പ്ലാൻ ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകും. 250 പഠന കേന്ദ്രങ്ങളിലും ട്യൂട്ടർമാരെ നിയമിക്കാനും ജില്ലാ പഞ്ചായത്തിനു പദ്ധതിയുണ്ട്. ഇന്റർവ്യൂ നടത്തി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും. ഇവർക്ക് ഓണറേറിയവും നൽകും. കുട്ടികളുടെ പഠനം കൃത്യമായി നടക്കുന്നുണ്ടോ എന്നു വിലയിരുത്താനാണിത്. കുട്ടികളിലെ ഇന്റർനെറ്റ് ദുരുപയോഗം തടയുന്നതിനുകൂടിയാണ് പൊതു കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് കണക്ടിവിറ്റി നൽകുന്നത്. ഇതിനൊപ്പം ടെലികോം സേവനദാതാക്കളായ എയർടെല്ലും പ്രദേശങ്ങളിലെ ശേഷി വർധിപ്പിക്കാനുള്ള നടപടി തുടങ്ങി. കൊല്ലം ടികെഎം കോളജ് ഓഫ് എൻജീനിയറിങ്ങുമായി ചേർന്ന് ബിഎസ്എൻഎൽ ഈ മേഖലകളിൽ എഫ്ടിടിഎച്ച് കണക്‌ഷനും നൽകും.

English Summary: The Fall of a Tribal Student that Changed the Mobile Network Problems of Kannur Tribal Areas

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA