ADVERTISEMENT

കോഴിക്കോട് എൻഐടിയിൽ ദീർഘകാലത്തിനു ശേഷം ഒരു മലയാളി ഡയറക്ടർ നിയമിതനാവുകയാണ്. തൃശൂർ സ്വദേശിയായ ഡോ.പ്രസാദ് കൃഷ്ണയാണ് കഴി‍ഞ്ഞ ദിവസം ഡയറക്ടറായി ചുമതലയേറ്റത്. സൂറത്കൽ എൻഐടിയിൽ പ്രഫസറായിരിക്കെയാണ് അദ്ദേഹത്തിന്റെ നിയമനം. അതിനു മുൻപ് കോഴിക്കോട് എൻഐടിയിലും അദ്ദേഹം അധ്യാപകനായിരുന്നു.

1991ൽ കോഴിക്കോട് എൻഐടിയിൽ അധ്യാപകനായി ചേർന്ന അദ്ദേഹം 2009 വരെ ഇവിടെയുണ്ടായിരുന്നു. അതിനിടെ പിഎച്ച്ഡി നേടാൻ യുഎസിലും സിംഗപ്പൂരിൽ ഗവേഷകനായും ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിൽ ഉപദേശകനായുമൊക്കെ പ്രവർത്തിച്ചെങ്കിലും എൻഐടി ക്യാംപസ് അദ്ദേഹത്തിനു സ്വന്തം വീടു പോലെ സുപരിചിതമാണ്.

prasad-krishna-01
ഡോ.പ്രസാദ് കൃഷ്ണ. ചിത്രം: സജീഷ് പി.ശങ്കർ

18 വർഷം അധ്യാപകനായിരുന്ന സ്ഥാപനത്തിലേക്ക്, വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഡോ.പ്രസാദ് കൃഷ്ണ ഡയറക്ടറായി തിരിച്ചെത്തുന്നത്. എല്ലാവരെയും ഒരുമിപ്പിച്ച് സ്ഥാപനത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം കേരളത്തിനു പ്രയോജനമുള്ള പ്രവർത്തനങ്ങൾ എൻഐടിയിൽ നിന്നു സൃഷ്ടിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. ഡയറക്ടറായി ചുമതലയേറ്റ ശേഷം ഡോ.പ്രസാദ് മലയാള മനോരമ ഓൺലൈനുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.

∙ പുതിയ ചുമതല എങ്ങനെ കാണുന്നു ?

സ്ഥാനലബ്ധി എനിക്കു ലഭിച്ച നിയോഗമായി കാണുന്നു. വലിയ ഉത്തരവാദിത്തമുണ്ട്. ദേശീയ റാങ്കിങ്ങിൽ (എൻഐആർഎഫ്) 25ാം റാങ്കോടെ എൻജിനീയറിങ് വിഭാഗത്തിൽ എൻഐടി കേരളത്തിൽ ഒന്നാമതാണ്. പക്ഷേ, ഇനിയും മുന്നേറാനുണ്ട്. ദക്ഷിണേന്ത്യയിലെ എൻഐടികൾ ആദ്യ 10 റാങ്കുകളിലുണ്ട്. കോഴിക്കോട് എൻഐടിയുടെ മികവും സാധ്യതകളും പോരായ്മകളും എനിക്ക് വ്യക്തമായി അറിയാം.

എൻഐടികളുടെ കൂട്ടത്തിൽ കോഴിക്കോടിനെ ഒന്നാമതെത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. പടിപടിയായി കുറച്ചു വർഷങ്ങൾ കൊണ്ട് അതു നടപ്പാക്കണം. ക്യുഎസ് ലോക റാങ്കിങ്ങിലും ഇടംകണ്ടെത്തണം. വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോടു മത്സരിച്ച് മുൻനിരയിലെത്താൻ അധ്യാപകരും മറ്റു ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടതുണ്ട്. എൻഐടിയിൽ നിന്നു പഠിച്ചിറങ്ങിയവർ ഇന്നു ലോകത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലുണ്ട്. അവരുടെ സഹകരണവും തേടും.

∙ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ ?

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള മാറ്റങ്ങൾ എല്ലാ തലങ്ങളിലും വരുന്നുണ്ട്. കുട്ടികൾക്ക് മറ്റു മികച്ച സ്ഥാപനങ്ങളിൽ പോയി കോഴ്സുകൾ പഠിക്കാനുള്ള അവസരം നൽകും. അവരുടെ ബാങ്ക് ഓഫ് ക്രെഡിറ്റ്സിൽ അതു ചേർക്കും. മറ്റൊരു സ്ഥാപനത്തിലുള്ള മികച്ച കോഴ്സ് ഇവിടെ ഉണ്ടാകണമെന്നില്ല. അതു പഠിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ഉണ്ടാകണം. ട്രാൻസ് ഡിസിപ്ലിനറി വിഷയങ്ങൾ പോലും പഠിക്കാൻ സാധിക്കുന്ന നിലയിലേക്കു നമ്മുടെ വിദ്യാഭ്യാസ രീതി ഉയരേണ്ടതുണ്ട്. ഉദാഹരണത്തിന് എൻജിനീയറിങ് വിഷയങ്ങൾ പഠിക്കുന്നതിനിടെ സംഗീതവും പഠിക്കാൻ സാധിക്കണം. യുഎസിലൊക്കെ ഇതു നിലവിലുണ്ട്.

കേന്ദ്രസർക്കാരിന്റെ സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാം വഴി കൂടുതൽ വിദേശ വിദ്യാർഥികളെ എൻഐടിയിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനായി ഹൈബ്രിഡ് ലക്ചർ കോംപ്ലക്സ് പോലെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ വികസനം ഉണ്ടാകണം.

∙ വലിയ വികസനങ്ങൾക്ക് ഫണ്ട് അത്യാവശ്യമല്ലേ ?

ഫണ്ടിന്റെ ലഭ്യത പ്രതിസന്ധിയായി നിലനിൽക്കുന്നുണ്ട്. ഫീസ് മാത്രമാണ് സ്ഥാപനത്തിന്റെ പ്രധാന വരുമാനം. പുതിയ നയപ്രകാരം ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായി വരുമാനം കണ്ടെത്തണം. കൺസൽറ്റൻസി ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതാണ് അതിൽ പ്രധാനം. എന്നാൽ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി പോലുള്ള വലിയ നഗരമല്ലാത്തതിനാലും കേരളത്തിൽ അത്രയധികം വ്യവസായങ്ങളില്ലാത്തതിനാലും പരിമിതികളുണ്ട്. എങ്കിലും നമ്മുടെ ബന്ധങ്ങളുപയോഗിച്ചു ഇതിനു മറികടക്കണം.

പൂർവവിദ്യാർഥികളുടെ സഹായം ഇക്കാര്യത്തിൽ നിർണായകമാണ്. തങ്ങളുടെ സ്ഥാപനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാകും പൂർവവിദ്യാർഥികളെല്ലാം. അവരെ ചേർത്തുപിടിച്ചു മുന്നോട്ടു കൊണ്ടുപോകണം. അവർക്കു മോണിറ്റർ ചെയ്യാൻ സാധിക്കുന്ന അലമ്നൈ ഫണ്ട് രൂപീകരിക്കണം. ഐഐടികളിലെല്ലാം ഇതു വിജയകരമായി നടപ്പാക്കുന്നുണ്ട്. കൂട്ടായ പ്രവർത്തനമുണ്ടെങ്കിൽ എല്ലാം യാഥാർഥ്യമാക്കാവുന്നതേ ഉള്ളൂ.

പുതുതായി രൂപീകരിച്ച ഹയർ എജ്യുക്കേഷൻ ഫണ്ടിങ് ഏജൻസി (ഹേഫ) വഴി വായ്പയെടുത്തു സ്ഥാപനങ്ങൾക്കു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാം. ഇതിനും വലിയ കടമ്പകളുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും അത്യാവശ്യമായി നടപ്പാക്കേണ്ടവയ്ക്കു കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാറുണ്ട്.

∙ കോവിഡിനു ശേഷമുള്ള അധ്യയനം

പ്രഫഷനൽ കോഴ്സുകൾ കോവി‍ഡ് കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രായോഗിക പരിശീലനം കൊടുക്കാൻ സാധിക്കുന്നില്ല എന്നതാണ്. വെർച്വൽ സംവിധാനങ്ങൾ അതിനു പകരമാകില്ല. അറിവ്, വൈദഗ്ധ്യം, മനോഭാവം (Knowledge, Skills, Attitude) എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ഇതിൽ വൈദഗ്ധ്യം എന്ന ഭാഗത്തിൽ കുറച്ചുനാളുകളായി വിദ്യാർഥികൾ പിന്നാക്കം പോവുകയാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളെ കോളജിലെത്തിച്ചു പരിശീലനം നൽകുന്നതിനാണ് മുൻഗണന നൽകുന്നത്.

∙ ക്യാംപസ് പഠനത്തിന് പകരം മറ്റൊന്നില്ല എന്നാണോ ?

prasad-krishna-02
ഡോ.പ്രസാദ് കൃഷ്ണ. ചിത്രം: സജീഷ് പി.ശങ്കർ

വിദ്യാർഥികൾ ഉയർന്ന ഗ്രേഡുകൾ വാങ്ങിയതു കൊണ്ടു മാത്രമായില്ല, അവരുടെ മനോഭാവത്തിലാണ് കാര്യം. എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളായിട്ടും കാര്യമില്ല, മറ്റുള്ളവരോട് പെരുമാറാൻ അറിയില്ലെങ്കിൽ എല്ലാം പോയി. ക്യാംപസ് ജീവിതത്തിനു മാത്രം നൽകാൻ കഴിയുന്ന കുറേയധികം മൂല്യങ്ങളുണ്ട്. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ആത്മബന്ധം ഉടലെടുക്കുന്നത് ഇവിടെയാണ്. നല്ല സുഹൃദ്ബന്ധങ്ങൾ ക്യാംപസുകളിലാണു പിറക്കുന്നത്. മികച്ച മനോഭാവം രൂപപ്പെടുന്നതിന് നല്ല സാമൂഹികാന്തരീക്ഷം അത്യാവശ്യമാണ്.

∙ എൻഐടിയുടെ വൈദഗ്ധ്യം സമൂഹത്തിന് ഗുണകരമാകേണ്ടേ ?

കേരളത്തിൽ സവിശേഷ സ്ഥാനമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് എൻഐടി. അതുകൊണ്ടുതന്നെ സമൂഹവുമായി ബന്ധപ്പെട്ടു മാത്രമേ സ്ഥാപനത്തിനു വികസിക്കാൻ സാധിക്കൂ.

കോവിഡ് കാലത്ത് ഗൾഫിൽ നിന്നു മടങ്ങിയെത്തിയ ഒട്ടേറെപ്പേരുണ്ട്. അവരുടെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തി ക്യാംപസിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഒരു പദ്ധതി മനസ്സിലുണ്ട്. നേരത്തേ പറഞ്ഞതുപോലെ രാജ്യാന്തര വിദ്യാർഥികൾ ഇവിടെയെത്തണമെങ്കിൽ അത്തരം സൗകര്യങ്ങൾ ഇവിടെയുണ്ടാകണം. സ്പോർട്സ് കോംപ്ലക്സുകളും വിവിധ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റുകളുമൊക്കെ വേണം. വിദേശമലയാളികളുടെ വൈദഗ്ധ്യം ഇക്കാര്യങ്ങളിൽ ഗുണകരമാകും.

ആദിവാസികളുടേത് ഉൾപ്പെടെ മലബാറിന്റെ തനത് ഉൽപന്നങ്ങൾ, എൻജിനീയറിങ് വൈദഗ്ധ്യം ഉപയോഗിച്ച് മൂല്യവർധന വരുത്താനുള്ള ശ്രമവും നടത്തും.

∙ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നുണ്ടോ ?

നമ്മുടെ കുട്ടികൾ സാങ്കേതികപരമായി വലിയ കഴിവുള്ളവരാണെന്നും ആശയവിനിമയത്തിലാണു പിന്നാക്കം പോകുന്നതെന്നും പണ്ടു മുതൽക്കേ നമ്മൾ പറയുന്നതാണ്. അതിനു വലിയ മാറ്റം വന്നിട്ടില്ല എന്നതു യാഥാർഥ്യമാണ്. അടിസ്ഥാന സ്കൂൾ വിദ്യാഭ്യാസം മുതൽ ഇതിനു മാറ്റം വരേണ്ടതുണ്ട്. എൻഐടിയിലെ വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ഭാഷയിൽ കൂടുതൽ പരിശീലനം നൽകാൻ ആഗ്രഹിക്കുന്നുണ്ട്.

എല്ലാവർക്കും എൻജിനീയറും ഡോക്ടറുമാകാൻ സാധിക്കില്ല എന്നതാണ് മറ്റൊന്ന്. മാതാപിതാക്കൾ അതിനു ശ്രമിക്കുകയുമരുത്. കുട്ടികൾക്ക് മാർഗദർശികളായാൽ മാത്രം മതി. അവരുടെ ഹൃദയം പറയുന്നതനുസരിച്ച് കുട്ടികൾ മുന്നോട്ടു പോകട്ടെ. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ചിലപ്പോൾ ലഭിക്കാറില്ല. പുതിയ തലമുറയിൽ മാറ്റങ്ങൾ വരുന്നുണ്ട്. കുട്ടികളുടെ കാഴ്ചപ്പാടുകൾ വിശാലമാണ്. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

ഏറെയുണ്ട്, അനുഭവസമ്പത്ത്

സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തുമുള്ള വലിയ പരിചയസമ്പത്തോടെയാണ് ഡോ.പ്രസാദ് കൃഷ്ണ കോഴിക്കോട് എൻഐടിയിലെത്തുന്നത്. എൻഐടി സൂറത്‌കല്ലിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ ബി.ടെക് നേടിയ ഡോ.പ്രസാദ് ഐഐടി മദ്രാസിൽ നിന്ന് എംടെക്കും യുഎസിലെ മിഷിഗൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡിയും നേടി.

ബെംഗളൂരു ഡിആർഡിഒയിലും തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട്.  എച്ച്എംടിയിൽ 7 വർഷത്തോളം ഡിസൈൻ എൻജിനീയറായിരുന്നു. നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗവും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ഉപദേശകനായും പ്രവർത്തിച്ചു. 2009ലാണു സൂറത്കൽ എൻഐടിയിൽ അധ്യാപകനായത്.

Content Summary: Dr Prasad Krishna- Director, NIT Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com