ADVERTISEMENT

മുട്ടിനു താഴെവരെയോ കാൽപാദംവരെയോ എത്തുന്ന പാവാടയുമായി ഒരു കുട്ടിക്ക് ഓടാനാകുമോ? ഓടുമ്പോൾ പാവാട പറക്കാതെ പിടിച്ചുകൊണ്ടല്ലാതെ ഓടില്ല എന്നുറപ്പാണ്.

ഞാൻ പാവാടയിട്ടു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പണ്ടു സ്കൂളിൽ പഠിക്കുമ്പോഴും ധരിച്ചിട്ടുണ്ട്. അന്ന് എന്നെപ്പോലുള്ള എത്രയോ പെൺകുട്ടികൾ ഇത് അസൗകര്യമല്ലേ എന്നു മനസ്സിൽ ചോദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികളും രക്ഷിതാക്കളും അത് ഉറക്കെ ചോദിക്കുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്.

പെൺകുട്ടികൾക്കു കൂടുതൽ സ്വാതന്ത്ര്യമെന്ന സമൂഹത്തിന്റെ മനസ്സുതന്നെയാണ് ഇവിടെ കാണുന്നത്. പാവാട നല്ല വേഷമാണെങ്കിലും അതു സ്കൂളിലും മറ്റും അസൗകര്യമുണ്ടാക്കുന്നുവെന്ന പരാതി നാം ശ്രദ്ധിക്കേണ്ടതുതന്നെയാണ്.

 

ലോകം മുഴുവൻ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ചു ചർച്ച ചെയ്തിട്ടുണ്ട്. പെണ്ണായാലും ആണായാലും ഒരുപോലെ ഉപയോഗിക്കാവുന്ന സ്കൂൾ യൂണിഫോമെന്ന ആശയം പുതിയതല്ല. തയ്‌വാനിൽ കുട്ടികൾ ഇത്തരമൊരു യൂണിഫോം വേണമെന്നു പറഞ്ഞപ്പോൾ ലോകോത്തര ഡിസൈനർമാരിൽ ഒരാളായ അൻഗസ് ചയിങ്ങാണ് അതു ഡിസൈൻ ചെയ്തത്. പാരിസ് ഫാഷൻ വീക്കിൽ തുടർച്ചയായി 6 തവണ പങ്കെടുത്ത ഡിസൈനറാണ് അദ്ദേഹം. മുംബൈ ചിൽഡ്രൻസ് അക്കാദമി സ്കൂളിൽ ഏതു തരം യൂണിഫോം വേണമെന്നു വോട്ടിനിട്ടപ്പോൾ 99% കുട്ടികളും എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിഫോമിനാണു വോട്ടു ചെയ്തത്. ഡൽഹി ശ്രീരാം മട്രിക് സ്കൂളിൽ 1988 മുതൽ ഇത്തരം യൂണിഫോമാണ്.

Gender Neutral Uniforms In Kerala Schools

 

കേരളത്തിലും ഇതുണ്ട്. പെരുമ്പാവൂർ വളയൻചിറങ്ങര ഗവ. എൽപി സ്കൂളിൽ 2018 മുതൽ ത്രീ ഫോർത്തും ഷർട്ടുമാണു യൂണിഫോം. ഇതു നടപ്പാക്കാനായി മുൻകൈ എടുത്തതു രക്ഷിതാക്കളായിരുന്നുവെന്നതു കേരളത്തിന് അഭിമാനംതന്നെയാണ്. കായികമത്സരത്തിൽ പെൺകുട്ടികൾ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷിച്ചപ്പോഴാണത്രേ അധ്യാപകർക്കും രക്ഷിതാക്കൾക്കും സൗകര്യപ്രദമായ പുതിയ യൂണിഫോം എന്ന ആശയം തോന്നിയത്. 

 

വാക്കുകളിലും പെരുമാറ്റത്തിലും സ്ത്രീകളോടും പെൺകുട്ടികളോടും ട്രാൻസ്ജെൻഡേഴ്സിനോടും അർഹിക്കുന്ന പരിഗണന കാണിക്കാൻ തുടങ്ങുന്ന കാലമാണിത്. കൂടുതൽ കരുത്തോടെ തല ഉയർത്തി ഇവരെല്ലാം സമൂഹത്തിലൂടെ നടക്കുന്ന കാലം. അതിനെതിരെയുള്ള അപശബ്ദങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലം. ഈ ചെറിയ മാറ്റം അതിനു വലിയ കരുത്താകുമെന്നാണു ഞാൻ കരുതുന്നത്. ലോക ഫാഷൻ രംഗത്തു തന്നെ വലിയ ചർച്ചയാണ് ഇന്ന് ജെൻഡർ ന്യൂട്രൽ ഫാഷൻ. ആൺ–പെൺ കംപാർട്മെന്റലൈസേഷൻ എതിർത്തുകൊണ്ട് ഓസ്കർ വേദിയിൽ ഉൾപ്പെടെ പുരുഷതാരങ്ങൾ ‘സ്ത്രീ വേഷം’ ധരിച്ചെത്തിയിട്ടുണ്ട്. ഇതേ മാതൃകയിൽ സ്കർട്ട് ധരിച്ചു കണ്ണെഴുതി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ മടിക്കാത്ത രൺവീർ സിങ് പോലുള്ള താരങ്ങൾ ബോളിവുഡിലുണ്ട്.

 

സൗകര്യമുള്ള യൂണിഫോമിൽ വരുമ്പോൾ അതു വലിയ ആത്മവിശ്വാസമാകും. ആത്മവിശ്വാസമുള്ള യൂണിഫോമിലേക്കു മാറുമ്പോൾ യാത്രപോലും സന്തോഷകരമാകും. ഇപ്പോൾ സ്കൂൾ കുട്ടികൾ ബസിനു പിന്നാലെ ഓടുന്നതുപോലും പേടിച്ചു പേടിച്ചാണ്.

Gender Neutral Uniforms In Kerala Schools
Representative Image. Photo Credit: Rawpixel.com/ Shutterstock

 

ആൺ, പെൺ വ്യത്യാസമില്ലാത്ത കാലത്തിലേക്കുള്ള യാത്രയിലാണ് ഓരോരുത്തരും. അതിനിടയിലുള്ള ഓരോ തടസ്സവും നാം പതുക്കെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിലെ ഒരു തടസ്സമായ പെൺകുട്ടികൾക്കു മാത്രമുള്ള യൂണിഫോം. മാറ്റാനൊരു സർക്കാർ സ്കൂളുണ്ടായി എന്നതു നമുക്കു തല ഉയർത്തി പറയാവുന്ന കാര്യമാണ്.

 

ഇത്തരം തുല്യത ചെറിയ പ്രായത്തിൽത്തന്നെ തോന്നിയാൽ അതു വലുതാകുമ്പോൾ നൽകുന്ന കരുത്ത് ചെറുതല്ല. യൂണിഫോം മാറുന്നതു തുല്യതയുടെ ഭാഗമായി മാത്രം കാണരുത്. അതു സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണു സമ്മാനിക്കുന്നത്. ത്രീ ഫോർത്ത് എന്നതു ഇപ്പോൾ പുതിയ വസ്ത്രമൊന്നുമല്ല. മിക്ക പെൺകുട്ടികളുടെയും പ്രിയപ്പെട്ട വേഷമാണ്. വീട്ടിലും പുറത്തുമെല്ലാം ധരിക്കുന്നുമുണ്ട്. ആ പ്രിയവേഷം തന്നെ യൂണിഫോമും ആകുന്നു എന്നതു വലിയ കാര്യമാണ്. സ്കർട്ട് ധരിക്കാൻ ഇഷ്ടപ്പെടുന്ന എത്രയോ കുട്ടികളുണ്ടാകാം. അവർക്ക് അതു ധരിക്കാനും സ്വാതന്ത്ര്യം നൽകണം. വസ്ത്രമെന്നതു മനസ്സിനിണങ്ങിയ സൗകര്യമാകണം. തുല്യതയ്ക്കു വേണ്ടിമാത്രം ആരെയും നിർബന്ധിക്കരുത്.

 

ഇത്തരം ചെറിയ കാര്യങ്ങൾ വഴിയുള്ള ആത്മവിശ്വാസത്തിലൂടെയാണു തുല്യത നേടേണ്ടത്. അതു പെൺകുട്ടികളുടെ മാത്രം ആവശ്യമല്ല. ആൺകുട്ടികളും പറയണം ഇതു നമുക്കു വേണമെന്ന്. ഒരു കുട്ടിയും ഗ്രൗണ്ടിൽ ഓടാതെ പോകരുത്. 

 

കേരളം വളയൻചിറങ്ങര സ്കൂളിന്റെ വഴിക്കുതന്നെ നടക്കേണ്ടതാണെന്നു തോന്നുന്നു. എത്രയോ തവണ അണിഞ്ഞ എന്റെ പ്രിയപ്പെട്ട പാവാടകളെ സ്നേഹിച്ചുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. കുട്ടികൾക്കു കൂടുതൽ സൗകര്യമുള്ള വസ്ത്രം അവരെ സഹായിക്കുമെങ്കിൽ നമുക്ക് അതെക്കുറിച്ച് ആലോചിക്കാം. 

 

കാലത്തിനു മുൻപേ നടന്ന് വളയൻചിറങ്ങര എൽപിഎസ്

 

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം 2018ൽ നടപ്പാക്കി കാലത്തിനു മുൻപേ നടന്ന ചരിത്രമാണ് പെരുമ്പാവൂരിലെ വളയൻചിറങ്ങര ഗവ.എൽപി സ്കൂളിനുള്ളത്. പ്രീ പ്രൈമറി വിഭാഗത്തിലാണു ജെൻഡർ ന്യൂട്രൽ യൂണിഫോം ആദ്യം നടപ്പാക്കിയത്. നീല ത്രീ ഫോർത്തും മഞ്ഞ ടീഷർട്ടുമായിരുന്നു വേഷം. 2019ൽ ഒന്നു മുതൽ 4 വരെ ക്ലാസുകളിലും ഇതു നടപ്പാക്കി. കരിമ്പച്ച ത്രീഫോർത്തും ഇളംപച്ച ടീഷർട്ടുമാണ് ഈ വിഭാഗത്തിന്.

 

കായിക മത്സരങ്ങളിൽ വേഷത്തിലെ അസൗകര്യം മൂലം പെൺകുട്ടികൾ പങ്കെടുക്കുന്നതു കുറയുന്നതു ശ്രദ്ധയിൽപെട്ടപ്പോഴാണ് ആൺ–പെൺ വ്യത്യാസമില്ലാതെ യൂണിഫോം ഒരേ രീതിയിലാക്കാൻ തീരുമാനിച്ചതെന്ന് അന്നത്തെ പ്രധാനാധ്യാപിക സി.രാജി പറയുന്നു.

 

പെൺകുട്ടികളോടു സംസാരിച്ച് അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണു വേഷത്തിൽ മാറ്റം വരുത്തിയതെന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ടി.ആർ.സുമ പറഞ്ഞു.

 

Content Summary : Actress Manju Warrier Talks About Gender Neutral Uniforms In Kerala Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com