സവർക്കർ വിവാദം, പ്രിയയുടെ നിയമനം, വീണ്ടും വിസി... കണ്ണൂർ സർവകലാശാലയിൽ സംഭവിക്കുന്നതെന്ത്?

Kannur-University
SHARE

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്കു ജോലി, കേരള ചരിത്രത്തിലാദ്യമായി വൈസ് ചാൻസലർക്കു പുനർനിയമനം, വിസിയുടെ പുനർനിയമനത്തിനെതിരെ അധ്യാപകർ ഹൈക്കോടതിയിൽ, 3 ബിബിഎക്കാർക്കു വേണ്ടി മാത്രമായി ധൃതിപിടിച്ച് സപ്ലിമെന്ററി മൂല്യനിർണയം, യുജിയിലും പിജിയിലും മാർക്ക്ദാനം, സിലബസിലെ കാവിവത്കരണം.. കണ്ണൂർ സർവകലാശാല വിവാദങ്ങളുടെ നടുവിലാണ്. എന്താണു കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത്?

പ്രിയ വർഗീസിന്റെ നിയമനവും വിവാദങ്ങളും

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയും തൃശൂർ കേരള വർമ കോളജിലെ അസി. പ്രഫസറുമായ പ്രിയ വർഗീസ് സർവകലാശാല മലയാളം പഠനവിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതാണ് അടുത്തിടെയുണ്ടായ ഏറ്റവും പ്രധാന വിവാദം. അസി. പ്രഫസറായി 8 വർഷത്തെ അധ്യാപന പരിചയവും ഗവേഷണ ബിരുദവുമാണ് അസോഷ്യേറ്റ് പ്രഫസർക്കു വേണ്ട യോഗ്യത. 2012ൽ കേരള വർമ കോളജിൽ അസി. പ്രഫസറായി ചേർന്ന പ്രിയയ്ക്ക് 8 വർഷത്തെ അധ്യാപന പരിചയമില്ലെന്ന ആരോപണവുമായി സേവ് യൂനിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റിയാണു രംഗത്തെത്തിയത്. 

കേരള വർമ കോളജിൽ അസി. പ്രഫസറായ ശേഷം ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിലൂടെ (എഫ്ഐപി) പിഎച്ച്ഡി ഗവേഷണത്തിനായി പ്രിയ ചെലവിട്ട 3 വർഷം അധ്യാപന പരിചയത്തിൽ പെടുത്താൻ കഴിയില്ലെന്നായിരുന്നു കാംപെയ്ൻ കമ്മിറ്റിയുടെ വാദം. അസി. പ്രഫസറായ ശേഷം ഗവേഷണത്തിനായി അധ്യാപനത്തിൽ നിന്നു വിട്ടു നിൽക്കുന്ന അത്രയും കാലം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നു 2018ൽ യുജിസി ഇറക്കിയ നിർദേശത്തിലുണ്ട്. 

അധ്യാപനം തുടർന്നു കൊണ്ടു തന്നെ ഗവേഷണം നടത്തുന്നവരുടെ കാര്യത്തിൽ, ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാമെന്നും ഇതേ നിർദേശത്തിൽ യുജിസി വ്യക്തമാക്കുന്നുണ്ട്. അസി.പ്രഫസറായ ശേഷം 3 തരത്തിൽ ഗവേഷണം നടത്താം. 1. ഗവേഷണ കാലഘട്ടം മുഴുവൻ ശമ്പളമില്ലാത്ത അവധിയെടുത്ത്. 2. അധ്യാപനം തുടർന്നു കൊണ്ടു തന്നെ പാർട് ടൈം ആയി. 3. നിശ്ചിത അധ്യാപന പരിചയമുള്ളവർക്കു കോളജ് തന്നെ നൽകുന്ന ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം വഴി. (എഫ്ഐപി – ഇപ്പോഴിത് എഫ്ഡിപി അഥവാ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രം ആണ്.) 

സർവീസിനെ ബാധിക്കുമെന്നതിനാൽ ശമ്പളമില്ലാത്ത അവധിയെടുത്തുള്ള ഗവേഷണം തീരെ നടക്കാറില്ല. എഫ്ഐപി വഴിയോ പാർട് ടൈം ആയോ ആണ് അധ്യാപകരുടെ ഗവേഷണം നടക്കുന്നത്. അധ്യാപകരെ ശമ്പളത്തോടെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഗവേഷണത്തിന് അവസരം നൽകുന്നതാണ് എഫ്ഐപി എന്നും റഗുലർ സർവീസാണെന്നും സർവകലാശാല വാദിക്കുന്നു. എന്നാൽ, 3 വർഷം അധ്യാപനത്തിൽ നിന്നു പൂർണമായി വിട്ടു നിന്നതിനാൽ എഫ്ഐപി കാലം അധ്യാപന പരിചയത്തിൽ പെടുത്താൻ പറ്റില്ലെന്നുമാണ് യുഡിഎഫ് അനുകൂല അധ്യാപക, അനധ്യാപക സംഘടനകളുടെ വാദം. 

എഫ്ഐപി കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ 2018ലെ യുജിസി മാർനിർദേശത്തിൽ കൃത്യമായി പറയുന്നില്ല. ഇരുവിഭാഗവും ഒരേ മാർഗനിർദേശത്തിന്റെ ചുവടുപിടിച്ചാണു വാദങ്ങളുയർത്തിയതെന്നതാണു ശ്രദ്ധേയം. അധ്യാപന ജോലിയിലുള്ളവർ, റജിസ്ട്രാർ, വിസി, പിവിസി, സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ (ഡിഎസ്എസ്) തുടങ്ങിയ ഭരണപരമായ ചുമതലയിലേക്കു ഡപ്യൂട്ടേഷനിൽ പോകുന്ന കാലയളവും അധ്യാപന പരിചയമായി കണക്കാക്കുമെന്നാണു കണ്ണൂർ സർവകലാശാലയുടെ വാദം. 

പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ ഡിഎസ്എസ് ആയിരുന്ന കാലയളവും അധ്യാപന പരിചയമായി കണക്കിലെടുക്കാമെന്നും സർവകലാശാല വാദമുന്നയിക്കുന്നു. മലയാളം ഉൾപ്പെടെ വിവിധ വകുപ്പുകളിലെ 8 അസോഷ്യേറ്റ് പ്രഫസർ തസ്തികളിലേക്കും 2 അസി. പ്രഫസർ തസ്തികകളിലേക്കും ഇക്കൊല്ലം സെപ്റ്റംബർ 22ന് ആണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മുപ്പതും പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ പന്ത്രണ്ടും ആയിരുന്നു. നവംബർ 13ന് സ്ക്രീനിങ് കമ്മിറ്റി ചേർന്നു പ്രിയ അടക്കം, ഇന്റർവ്യൂവിന് അർഹരായ 6 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി.  

നവംബർ 18ന്, ഓൺലൈൻ ആയി നടന്ന ഇന്റർവ്യൂവിൽ പ്രിയാ വർഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്തു. പ്രിയയേക്കാൾ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഉദ്യോഗാർഥി ചുരുക്കപ്പെട്ടികയിലുണ്ടായിരുന്നുവെന്ന് ചില അധ്യാപകർ ആക്ഷേപമുന്നയിച്ചിരുന്നു. പക്ഷേ, യോഗ്യതകൾ ആദ്യഘട്ടത്തിൽ മാത്രമാണു നോക്കുന്നതെന്നും ആർക്ക് ഒന്നാം റാങ്ക് നൽകണമെന്നു തീരുമാനിക്കാനുള്ള പൂർണ അധികാരം വിസി ചെയർമാനായ ഇന്റർവ്യൂ ബോർഡിനാണെന്നും സർവകലാശാല വിശദീകരിക്കുന്നു. ചട്ടപ്രകാരം ഇതു ശരിയാണു താനും. 

എഫ്ഐപി കാലഘട്ടം പൂർണമായി അധ്യാപന കാലമായി പരിഗണിക്കാമോയെന്നതിൽ യുജിസി വ്യക്ത വരുത്തേണ്ടി വരും. ഇല്ലെങ്കിൽ, മലയാളം അധ്യാപക നിയമനം കോടതിയിലെത്തുകയും കോടതി ഇക്കാര്യം തീരുമാനിക്കുകയോ ചെയ്യേണ്ടി വരും. അതുവരെ, ഈ അവ്യക്തത തുടരുക തന്നെ ചെയ്യും. റാങ്ക് പട്ടിക ഇതുവരെ സർവകലാശാല പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രിയയ്ക്ക് ഒന്നാം റാങ്കു ലഭിച്ചുവെന്ന വാർത്ത സർവകലാശാല നിഷേധിച്ചിട്ടുമില്ല. അടുത്ത സിൻഡിക്കേറ്റ് യോഗം, ഇന്റർവ്യൂബോർഡിന്റെ തീരുമാനവും പ്രിയയുടെ നിയമനവും  അംഗീകരിക്കുമ്പോഴേ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വരൂ. 

കോടതി കയറിയാൽ? 

പ്രിയയ്ക്കു നിയമനം നൽകിയാൽ, കോടതിയിൽ ഹർജി നൽകാനുള്ള സാധ്യതകളും പ്രതിപക്ഷ സംഘടനകൾ ആരാഞ്ഞിരുന്നു. പക്ഷേ, അപേക്ഷകരിൽ പെട്ടവരല്ലാത്തവർ നൽകുന്ന ഹർജിക്കു ബലം കുറവാണെന്നാണു വിലയിരുത്തൽ. ആദ്യഘട്ട അപേക്ഷകരിലോ ചുരുക്കപ്പട്ടികയിലോ പെട്ട ആരും ഇതുവെര ആക്ഷേപവുമായി രംഗത്തു വന്നിട്ടില്ല. കോടതിയിൽ ഹർജി നൽകാനും സാധ്യത കുറവാണ്. 

വീണ്ടും വിസി

ന്യൂഡൽഹി ജാമിയ മിലിയ കേന്ദ്ര സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായിരിക്കെയാണു ഗോപിനാഥ് രവീന്ദ്രൻ 4 വർഷം മുൻപു കണ്ണൂർ സർവകലാശാല വിസിയായി ചുമതലയേൽക്കുന്നത്. അദ്ദേഹം ന്യൂഡൽഹിയിലേക്കു തിരിച്ചു പോകുമെന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നതും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി കേരളത്തിൽ തന്നെ തുടരുമെന്നും ചില ഭാഗത്തു നിന്നു പ്രചാരണമുണ്ടായിരുന്നു. പുതിയ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അപേക്ഷ ക്ഷണിക്കുകയും ചെയ്തതടക്കമുള്ള നടപടികൾ പുരോഗമിക്കവെയാണു ഗോപിനാഥ് രവീന്ദ്രനെ വീണ്ടും കണ്ണൂർ വിസിയായി സർക്കാർ നിയമിച്ചത്. 

തീർത്തും അപ്രതീക്ഷിതം മാത്രമായിരുന്നില്ല ഈ നീക്കം. കേരളത്തിൽ ആദ്യമായാണ് ഒരു വിസിക്കു വീണ്ടും പുനർനിയമനം നൽകുന്നതും. പ്രിയാ വർഗീസിന്റെ നിയമന വിവാദം വീണ്ടും ആളിക്കത്താൻ വിസി നിയമനം ഇടയാക്കുകയും ചെയ്തു. പുനർ നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി കെപിസിടിഎ നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. 

3 പേർക്കു മാത്രമായൊരു മൂല്യനിർണയം

2018 ബിബിഎ ബാച്ചിലെ 3 പേരുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാ പേപ്പറുകൾക്കു മാത്രമായി സർവകലാശാല പ്രത്യേക മൂല്യനിർണയ ക്യാംപ് നടത്താനൊരുങ്ങിയെന്ന വിവാദമാണ് ഏറ്റവുമൊടുവിലത്തേത്. നാലായിരത്തോളം വിദ്യാർഥികളിൽ നിന്ന്, 3 പേപ്പറുകൾ മാത്രം മൂല്യനിർണയം നടത്തുന്നതു പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുമെന്നും വൻ വിവാദത്തിനിടയാക്കുമെന്നും ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയതോടെ തീരുമാനം ഭേദഗതി ചെയ്യുകയായിരുന്നു. 

2018 ബാച്ചിൽ സപ്ലിമെന്ററി പരീക്ഷയെഴുതിയ 400 കുട്ടികളുടെയും ഉത്തരപേപ്പറുകൾ മൂല്യനിർണയത്തിനായി പ്രത്യേക ക്യാംപ് ധൃതിപിടിച്ച്, തിങ്കളാഴ്ച തന്നെ തുടങ്ങുകയായിരുന്നു. അധ്യാപകരെ ഇമെയിലിലും ഫോണിലുമാണ് മൂല്യനിർണയ ക്യാംപിന്റെ വിവരം അറിയിച്ചത്. മൂല്യനിർണയം ക്രമപ്രകാരം നടന്നിരുന്നുവെങ്കിൽ, ഒന്നാം വർഷ ബിരുദം, ഒന്നാം വർഷ പിജി, രണ്ടാം വർഷ വിദൂരവിദ്യാഭ്യാസം എന്നിവയ്ക്കു ശേഷം അടുത്ത വർഷം ജനുവരിയോടെ മാത്രമേ  നാലാം സെമസ്റ്റർ ബിരുദ, സപ്ലിമെന്ററി മൂല്യനിർണയം നടക്കൂ. 

പ്രത്യേക മൂല്യനിർണയ ക്യാംപ് ചിലരുടെ പ്രത്യേക താൽപര്യങ്ങൾ കൊണ്ടാണെന്നാണു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. 3 വിദ്യാർഥികൾ എംബിഎക്ക് സീറ്റ് ഉറപ്പിച്ചു വച്ചിരുന്നുവെന്നും പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 30 ആണെന്നതിനാലാണ് 29നു തന്നെ മൂല്യനിർണയം നടത്തി റിസൽറ്റ് നൽകാൻ ഉന്നതർ ധൃതിപിടിച്ചതെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. മൂല്യനിർണയ ക്യാംപ് തീരും മുൻപ്, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തന്നെ ബിബിഎ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാ പേപ്പറുകളുടെ മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ പരീക്ഷാ വിഭാഗത്തിലെ ജീവനക്കാർക്കു നിർദേശം കിട്ടിയിരുന്നു. 

ജീവനക്കാരെ അനാവശ്യ സമ്മർദത്തിലാഴ്ത്തി പീഡിപ്പിച്ചതിനെതിരെ സർവകലാശാലയിൽ പ്രതിപക്ഷ സംഘടനയായ കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിക്കുകയും ചെയ്തു. ബിബിഎ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ നടത്താൻ രണ്ടു മാസം വൈകിയെന്നും അതുകൊണ്ടു മൂല്യനിർണയം പെട്ടന്നാക്കേണ്ടി വന്നുവെന്നുമാണു സർവകലാശാലയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു:  

1. റഗുലർ സെമസ്റ്റർ ഉത്തരക്കടലാസുകൾക്കൊപ്പമാണു സപ്ലിമെന്ററി പേപ്പറുകളും മൂല്യനിർണയം നടത്താറെന്നിരിക്കെ, ബിബിഎ നാലാം സെമസ്റ്റർ സപ്ലിമെന്ററി ഉത്തരക്കടലാസുകൾ മാത്രം മൂല്യ നിർണയം നടത്തിയതെന്തു കൊണ്ട്?

2. ബിബിഎ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാനാണു ശ്രമിച്ചെങ്കിൽ, സപ്ലിമെന്ററി പരീക്ഷ എഴുതിയ മറ്റു വിഷയങ്ങളിലെ വിദ്യാർഥികളടെ ഭാവിയെ പറ്റി സർവകലാശാല ആശങ്കപ്പെടാതിരുന്നതെന്തു കൊണ്ട്?

3. ബിബിഎയുടെ കാര്യത്തിൽ മാത്രം അധികൃതർ നിർബന്ധം പിടിക്കുന്നത് എന്തു താൽപര്യത്തിന്റെ പേരിലാണ്? എല്ലാ വിഷയക്കാരോടും ഒരേ സമീപനമല്ലേ സർവകലാശാല സ്വീകരിക്കേണ്ടത്?

എംബിഎ അപേക്ഷകൾ പൂർത്തിയായ നവംബർ 30ന് ബിബിഎ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സർവകലാശാലയ്ക്കു സാധിച്ചില്ല. 

സവർക്കർ വിവാദത്തിലൂടെ തുടക്കം

സെപ്റ്റംബറിലാണ് ആർഎസ്എസ് നേതാക്കളുടെ രചനകൾ സിലബസിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടത്. വി.ഡി.സവർക്കർ, ഗോൾവാൾക്കർ തുടങ്ങിയ ആർഎസ്എസ് നേതാക്കളുടെ രചനകൾക്കും ചിന്തകൾക്കും  തലശ്ശേരി ബ്രണ്ണൻ കോളജിലെ എംഎ പൊളിറ്റിക്സ് ആൻഡ് ഗവേണൻസ് സിലബസിൽ അമിതപ്രാധാന്യം നൽകിയെന്ന ആരോപണമാണു വിവാദത്തിനു തുടക്കമിട്ടത്. ആദ്യമൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് സിലബസ് മരവിപ്പിക്കാനും തുടർന്നു പ്രത്യേക അന്വേഷണസമിതിയെ വയ്ക്കാനും സമിതിയുടെ കൂടി നിർദേശങ്ങൾ ഉൾപ്പെടുത്തി സിലബസ് പരിഷ്കരിക്കാനും സർവകലാശാല തയാറാകേണ്ടി വന്നു. 

2020 ബാച്ച് ബിരുദ വിദ്യാർഥികൾക്കു മാർക്ക് ദാനം നടത്തിയതാണ് ഈ മാസമുണ്ടായ മറ്റൊരു വിവാദം. ഇവരുടെ ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കു ലഭിച്ച മാർക്കിനെ 1.33 കൊണ്ടു ഗുണിച്ചാൽ കിട്ടുന്ന മാർക്ക് അന്തിമ മാർക്കായി പരിഗണിക്കാനായിരുന്നു നിർദേശം. ഇതേ ഫോർമുല ഉപയോഗിച്ച് 3,5 സെമസ്റ്റർ ബിരുദക്കാർക്കും മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദക്കാർക്കും ഈ വർഷം ഏപ്രിലിൽ സർവകലാശാല മാർക്ക് ദാനം നടത്തിയിരുന്നു. 40ൽ 30 മാർക്ക് കിട്ടിയവർക്കും 40 മാർക്ക് കിട്ടിയവർക്കും ഫോർമുല പ്രകാരം അന്തിമമായി 40 മാർക്ക് ലഭിക്കും. കോവിഡിന്റെ പേരിലായിരുന്നു ഇത്. എന്നാൽ, ഒന്നാം വർഷ ബിരുദക്കാർക്കു മാർക്ക് കൂട്ടി നൽകാൻ ഔദ്യോഗിക തീരുമാനമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, കഴിഞ്ഞദിവസം നടന്ന മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തവരോട്, 1.33 ഘടകം വച്ച് മാർക്ക് കൂട്ടി നൽകാൻ സർവകലാശാല രഹസ്യ നിർദേശം നൽകി. 

ഏപ്രിലിലെ ഉത്തരവ് വിവാദമായതിനെ തുടർന്നു സർവകലാശാല മരവിപ്പിച്ചിരുന്നു. മറ്റു സെമസ്റ്ററുകാർക്ക് എസ്എസ്എൽസി മാതൃകയിൽ കൂടുതൽ ചോദ്യങ്ങൾ നൽകാനായിരുന്നു തീരുമാനം. പക്ഷേ, ആരുമറിയാതെ കഴിഞ്ഞദിവസം മാർക്ക് ദാന നിർദേശം മൂല്യനിർണയ ക്യാംപുകൾക്കു കൈമാറുകയും അതു പ്രകാരം മൂല്യനിർണയം നടക്കുകയും ചെയ്തു. 

ആരാണിതൊക്കെ ചെയ്യുന്നത്?

എല്ലാവരും കൈമലർത്തുകയാണ്. വിവാദങ്ങളോടൊന്നും സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. മാർക്ക് ദാനത്തിന് ആരാണു തീരുമാനമെടുത്തതെന്നോ നിർദേശം നൽകിയതെന്നോ പറഞ്ഞിട്ടില്ല. എക്സാം മോണിട്ടറിങ് കമ്മിറ്റിയോ സിൻഡിക്കേറ്റോ അറിഞ്ഞിട്ടില്ലെന്നാണു സെനറ്റ് രേഖകളിൽ നിന്നു വ്യക്തമാകുന്നത്. അപ്പോൾ പിന്നെ ആരാണതിനു നിർദേശം നൽകിയത്? അനൗദ്യോഗികമായ ചില വിശദീകരണങ്ങൾക്കല്ലാതെ, മാർക്ക് ദാനം നിഷേധിക്കാനോ വിശദീകരിക്കാനോ ഇതുവരെ സർവകലാശാല തയാറായിട്ടുമില്ല. 

English Summary: Long Line of Controversies; What is Happening at Kannur University?

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA